മുദ്ര വായ്പ ചെറുസംസ്ഥാനങ്ങളില്‍ ഫലപ്രദമാകുന്നില്ല

മുദ്ര വായ്പ ചെറുസംസ്ഥാനങ്ങളില്‍ ഫലപ്രദമാകുന്നില്ല

ന്യൂഡെല്‍ഹി: ചെറിയ സംസ്്ഥാനങ്ങളിലെ കോര്‍പ്പറേറ്റ് ഇതര ചെറുകിട ബിസിനസ് മേഖലയിലെ(എന്‍സിഎസ്ബി) സംരഭകത്വ വളര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതിയായ മുദ്ര വായ്പാ പദ്ധതിക്ക്(മൈക്രോ യൂണിറ്റ്‌സ് ഡെവലപ്‌മെന്റ് ആന്‍ഡ് റിഫിനാന്‍സ് ഏജന്‍സി ലിമിറ്റഡ് ) വലിയ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞില്ലെന്ന് റിപ്പോര്‍ട്ട്. ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്കും സ്വയം സംരംഭങ്ങള്‍ക്കും വേഗത്തില്‍ വായ്പ ലഭ്യമാക്കുന്നതിനായി അവതരിപ്പിച്ച പദ്ധതിയാണിത്.

മുന്‍പു തന്നെ മികച്ച വായ്പ- നിക്ഷേപ അനുപാതം പ്രകടമാക്കിയിരുന്ന സംസ്ഥാനങ്ങളാണ് മുദ്ര പദ്ധതിയിലും മുന്നേറ്റം പ്രകടമാക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. തമിഴ്‌നാടുള്‍പ്പടെ വലിയ ആറ് സംസ്ഥാനങ്ങള്‍ക്കാണ് ഇതുവരെ വിതരണം ചെയ്ത 6.82 ലക്ഷം കോടി രൂപയുടെ മുദ്ര വായ്പകളുടെ 50 ശതമാനവും ലഭിച്ചത്. മൊത്തം മുദ്ര വായ്പയുടെ ഒരു ശതമാനം പോലും ഭൂരിപക്ഷം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കോ കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കോ ലഭിച്ചിട്ടില്ല. മൊത്തം മുദ്ര വായ്പകള്‍ക്കുള്ള അനുമതിയുടെ 60 ശതമാനവും ഈ ആറ് സംസ്ഥാനഘങ്ങളില്‍ നിന്നാണ് വരുന്നതെന്നതും ശ്രദ്ധേയമാണ്.

2016ലാണ് കേന്ദ്രസര്‍ക്കാര്‍ പ്രധാന്‍മന്ത്രി മുദ്ര യോജന(പിഎംഎംവൈ) ആരംഭിച്ചത്. രാജ്യത്തെ സംരംഭകരുടെ എണ്ണം വര്‍ധിപ്പിച്ച് സമ്പദ്ഘടനയെ വിപുലമാക്കുന്ന എന്ന ലക്ഷ്യത്തോടെ പ്രഖ്യാപിക്കപ്പെട്ട പദ്ധതിയിലൂടെ സംരംഭം ആരംഭിക്കാന്‍ പോകുന്നവര്‍ക്കും നിലവിലുള്ള സംരംഭം വിപുലീകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വായ്പകള്‍ ലഭിക്കും.

കോര്‍പ്പറേറ്റ് ഇതര ചെറുകിട ബിസിനസുകളുടെ വളര്‍ച്ചയ്ക്ക് ഏറ്റവും വലിയ വെല്ലുവിളിയാകുന്നത് സാമ്പത്തിക പിന്തുണയുടെ അഭാവമാണെന്ന് മുദ്രയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പ്രസ്താവനയില്‍ പറയുന്നു. ഇത്തരം ബിസിനസുകള്‍ക്ക് പലപ്പോഴും ഔപചാരിക സാമ്പത്തിക സ്രോതസ്സുകളിലേക്ക് പ്രവേശനമില്ലെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

തമിഴ്‌നാട്ടിലെ സംരംഭകര്‍ക്കാണ് പരമാവധി വായ്പ( 10 സതമാനം) ലഭിച്ചിട്ടുള്ളത്. കര്‍ണാടകയും മുദ്ര വായ്പകളില്‍ തമിഴ്‌നാടിന് ഏറക്കുറേ ഒപ്പം തന്നെയുണ്ട്. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപുറകിലുള്ളത്. ആ ആറു സംസ്ഥാനങ്ങള്‍ ചേര്‍ന്ന് വായ്പയുടെ 50 ശതമാനവും സ്വീകരിച്ചു. ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങള്‍ക്ക് മൊത്തം വായ്പയില്‍ ഒരു ശതമാനം മാത്രമേ ലഭിച്ചിട്ടുള്ളൂ.

100 ശതമാനത്തിനു മുകളിലാണ് തമിഴ്‌നാടിന്റെയും മഹാരാഷ്ട്രയുടെയും സി-ഡി( ക്രെഡിറ്റ് ഡെപ്പോസിറ്റ്) അനുപാതം. ഉയര്‍ന്ന സി-ഡി അനുപാതമുള്ള ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ക്ക് യഥാക്രമം നാല് ശതമാനം, രണ്ട് ശതമാനം എന്നിങ്ങനെ മുദ്ര വായ്പ ലഭിച്ചു. പൊതുവിഭാഗത്തില്‍പ്പെട്ട സംരംഭകര്‍ക്ക് 45 ശതമാനം വായ്പ ലഭ്യമായി. മറ്റു പിന്നാക്ക വിഭാഗങ്ങള്‍ -23 ശതമാനം, പട്ടിക ജാതി-18 ശതമാനം, പട്ടിക വര്‍ഗം-5 ശതമാനം എന്നിങ്ങനെയാണ് വിവിധ വിഭാഗങ്ങളിലെ സംരംഭകര്‍ക്ക് ലഭിച്ച വായ്പ.

Comments

comments

Categories: Business & Economy, Slider