ഏഴ് വയസുകാരന്റെ യുട്യൂബ് സമ്പാദ്യം 156 കോടി രൂപ

ഏഴ് വയസുകാരന്റെ യുട്യൂബ് സമ്പാദ്യം 156 കോടി രൂപ

മാതാപിതാക്കളുടെ തണലില്‍ നില്‍ക്കേണ്ട ഏഴു വയസ്സ് പ്രായത്തില്‍ അമേരിക്കന്‍ സ്വദേശിയായ റയാന്‍ എന്ന കൊച്ചു മിടുക്കന്റെ സമ്പാദ്യം 156 കോടിരൂപ.റയാന്‍ ടോയ്‌സ് റിവ്യു എന്ന പേരില്‍ യുട്യൂബില്‍ റയാന്‍ പങ്കുവയ്ക്കുന്ന വീഡിയോകളില്‍ നിന്നാണ് ഈ ചെറുപറയത്തില്‍ 156 കോടിരൂപയുടെ സമ്പാദ്യം ഈ കൊച്ചു മിടുക്കന്‍ സ്വന്തമാക്കിയത്. സോഷ്യല്‍ മീഡിയ വിനോദത്തിനപ്പുറം വരുമാനത്തിനും കൂടിയുള്ള വഴിയാണ് എന്ന് തെളിയിക്കുകയാണ് റയാന്റെ വിജയം

ഏഴു വയസ്സ് പ്രായത്തില്‍ നമ്മുടെ കൈവശം എന്താണുണ്ടായിരുന്നത്? മാതാപിതാക്കളും കുടുംബക്കാരും മിട്ടായി വാങ്ങിക്കോ എന്ന് പറഞ്ഞുതരുന്ന അമ്പതോ നൂറോ രൂപ കുടുക്കയിലിട്ട് നിധിപോലെ സൂക്ഷിക്കും. അതായിരുന്നു നമ്മുടെ ഏറ്റവും വലിയ സമ്പാദ്യം. എന്നാല്‍ ആ സ്ഥാനത്ത് അമേരിക്കന്‍ സ്വദേശിയായ റയാന്‍ എന്ന ഈ ഏഴു വയസ്സുകാരന്റെ സമ്പാദ്യം 156 കോടി രൂപയാണ്.അതും വീട്ടിലിരുന്നു സമ്പാദിക്കുന്നു. 2018ല്‍ യൂട്യൂബിലൂടെ ഏറ്റവും കൂടുതല്‍ പണം സമ്പാദിച്ച 10 പേരുടെ പട്ടിക ഫോബ്‌സ് മാഗസിന്‍ പുറത്തുവിട്ടു. 7 വയസുകാരനായ റയാനാണ് പട്ടികയില്‍ ഒന്നാമതെത്തിയത്.

ഇനി എങ്ങനെയാണ് റയാന്‍ യൂട്യൂബിലൂടെ പണം സമ്പാദിക്കുന്നത് എന്നല്ലേ? റയാന്‍ ടോയ്‌സ് റിവ്യു എന്ന യുട്യൂബ് ചാനലാണ് റയാന്റെ വരുമാനമാര്‍ഗം.കളിപ്പാട്ടങ്ങളുടെ റിവ്യൂവാണ് ഈ ചാനലിലൂടെ റയാന്‍ നടത്തുന്നത്. കളിപ്പാട്ടങ്ങള്‍ കൊണ്ട് കളിക്കേണ്ട പ്രായത്തില്‍ വിപണിയിലെത്തുന്ന ഓരോ കളിപ്പാട്ടങ്ങളുടെയും ഗുണങ്ങളും ദോഷങ്ങളും വിവരിച്ചുകൊണ്ട് വീഡിയോ ചെയ്തത് വളരെ വേഗത്തില്‍ തന്നെ റയാന് ആരാധകരെ ഉണ്ടാക്കി. 2015ലാണ് രണ്ട് പേരില്‍ മാതാപിതാക്കള്‍ യൂട്യൂബ് ചാനല്‍ ഉണ്ടാക്കി നല്‍കിയത്. 2017 ജൂണിനും 2018 ജൂണിനും ഇടയില്‍ 156 കോടി രൂപയാണ് സമ്പാദിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ റയാന്റെ സമ്പാദ്യം 75 കോടി രൂപയായിരുന്നു. 1.7 കോടി ഫോളോവേഴ്‌സാണ് യൂട്യൂബില്‍ 7 വയസുകാരന് ഉളളത്

കളിപ്പാട്ടം ആഗ്രഹിച്ച കുട്ടി താരമാകുന്നു

എങ്ങനെയാണ് റയാന്‍ ഈ മേഖലയിലേക്ക് വന്നത് എന്ന കഥ ഏറെ രസകരമാണ്. മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമ്മയുടെ മടിയിലിരുന്ന് യുട്യൂബില്‍ കുട്ടികള്‍ക്കായുള്ള ചില പരിപാടികള്‍ കാണുകയായിരുന്നു കുഞ്ഞു റയാന്‍. അതിനിടയ്ക്കാണ് ഒരു കുട്ടി കളിപ്പാട്ടങ്ങളെപ്പറ്റി സംസാരിക്കുന്ന വീഡിയോ റയാന്‍ കണ്ടത്. തനിക്കും അതുപോലെ ചെയ്യണം എന്നായി ആ നാലുവയസ്സുകാരന്‍. മകന്റെ ആഗ്രഹത്തിന് കൂട്ടു നിന്ന അമ്മയാണ് ഒരു കളിപ്പാട്ടം എടുത്തു കൈയില്‍ കൊടുത്തിട്ട് അതിനെ പറ്റി സംസാരിക്കാന്‍ പറഞ്ഞത്. തന്റെ പ്രിയപ്പെട്ട കളിപ്പാട്ടത്തെപ്പറ്റി റയാന്‍ വാചാലനായി. കൗതുകം തോന്നിയ ‘അമ്മ ആ വീഡിയോ യുട്യൂബില്‍ ഇട്ടു. എന്നാല്‍ ഒരിക്കലും വിചാരിക്കാത്ത പിന്തുണയാണ് ആ വീഡിയോക്ക് ലഭിച്ചത്. എങ്കില്‍ പിന്നെ ഇക്കാര്യം അല്പം സീരിയസായി എടുക്കാം എന്നായി അമ്മമ്മയുടെ ചിന്ത.

അവര്‍ മകന് വ്യത്യസ്തങ്ങളായ ധാരാളം കളിപ്പാട്ടങ്ങള്‍ വാങ്ങി നല്‍കി. റയാന്‍ കൊച്ചിക്കൊണ്ട് അവയെ റിവ്യൂ ചെയ്തു. കുട്ടികളുടെ ഭാഷയില്‍ ഏച്ചുകെട്ടലുകള്‍ ഒന്നുമില്ലാതെ റയാന്‍ നടത്തിയ ടോയ്‌സ് റിവ്യൂ വളരെ പെട്ടന്ന് വൈറലായി.2015 ല്‍ റയാന്‍ പുറത്തിറക്കിയ ഒരു വിഡിയോ റിവ്യൂ ഇതുവരെ കണ്ടത് 143 കോടി പേരാണ്‍ യൂട്യൂബ് റെക്കോര്‍ഡുകളിലൊന്നാണിത്. വീഡിയോ കാണുന്ന ആളുകളുടെ എണ്ണം വര്‍ധിച്ചതോടെ യുട്യൂബില്‍ നിന്നും പരസ്യങ്ങള്‍ വഴി മികച്ച വരുമാനം റയാനെ തേടി എത്താന്‍ തുടങ്ങി. പരിപാടി ആരംഭിച്ച ആദ്യവര്‍ഷം തന്നെ കൊച്ചു റയാന്‍ കോടീശ്വരനായി.

‘അമ്മ ജോലി രാജിവച്ച് കൂടെ കൂടുന്നു

റയാന്റെ യുട്യൂബ് ചാനല്‍ ഹിറ്റായതോടെ, രസതന്ത്രം അധ്യാപികയായിരുന്ന ‘അമ്മ ജോലി രാജിവച്ചു. റയാന്റെ വീഡിയോകള്‍ കൂടുതല്‍ പ്രൊഫഷണലായി നിര്‍മിക്കുകയായിരുന്നു ലക്ഷ്യം. പല വീഡിയോകളിലും റയാന്റെ ഒപ്പം അമ്മയും പ്രത്യക്ഷപ്പെട്ടു. പ്രശസ്ത കളിപ്പാട്ട കമ്പനികള്‍ തങ്ങളുടെ ഉല്‍പന്നങ്ങള്‍ റയാന് അയച്ചു കൊടുത്തു. കോടിക്കണക്കിനു കാഴ്ചക്കാരിലേക്കു തങ്ങളുടെ കളിപ്പാട്ടങ്ങള്‍ എത്തിയതോടെ കമ്പനികളുടെ കച്ചവടവും ഉഷാറായി. കളിപ്പാട്ടങ്ങള്‍ നിര്‍മിക്കുന്നവര്‍ റയാന്റെ കൂടി അഭിപ്രായവും കേള്‍ക്കാന്‍ സമയം കണ്ടെത്തി.അമേരിക്കകത്തും പുറത്തും നിന്ന് ധാരാളം ആളുകള്‍ റയാന്റെ ടോയ്‌സ് റിവ്യൂ നോക്കി മക്കള്‍ക്കായി കളിപ്പാട്ടങ്ങള്‍ വാങ്ങാന്‍ കാത്തിരുന്നു. എല്ലാ ദിവസവും ഒരു കളിപ്പാട്ടമെങ്കിലും കുട്ടികള്‍ക്കു പരിചയപ്പെടുത്തും റയാന്‍. കുട്ടികള്‍ക്കുള്ള വസ്ത്രങ്ങളും മറ്റു വസ്തുക്കളും റയാന്‍ പരിചയപ്പെടുത്തുന്നുണ്ട്.

കളിപ്പാട്ടങ്ങളുടെ ലോകത്ത് റയാന്‍ താരമായതോടെ റയാന്റെ രൂപത്തിലും അമേരിക്കന്‍ വിപണിയില്‍ കളിപ്പാട്ടങ്ങള്‍ ഇറങ്ങി.. റയാന്റെ പേരിലുള്ള കളിപ്പാട്ടങ്ങളും വസ്ത്രങ്ങളുമൊക്കെ നിര്‍മിച്ചു വിപണിയിലിറക്കുന്നത് ‘ബോങ്കേഴ്‌സ് ടോയ്‌സ്’ എന്ന കമ്പനിയാണ്.ഇക്കഴിഞ്ഞ ആഗസ്റ്റ് മുതലാണ് ഈ കളിപ്പാട്ടങ്ങള്‍ വിപണിയിലെത്തിയത്. മൂന്നു വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്കായുള്ള കളിപ്പാട്ടങ്ങള്‍ക്കൊപ്പം കുഞ്ഞന്‍ ടി ഷര്‍ട്ടുകളും ഇക്കൂട്ടത്തില്‍ വില്‍പനയ്‌ക്കെത്തുന്നുണ്ട്. റയാന് ഏറ്റവും ഇഷ്ടപ്പെട്ട വസ്തുക്കളുടെ ചിത്രങ്ങളാണ് ടി ഷര്‍ട്ടുകളില്‍ ഉള്ളത്.

Comments

comments

Categories: Motivation, Slider
Tags: Rayan