വി4 മോഡലുകള്‍ ഒന്നൊന്നായി വരുമെന്ന് ഡുകാറ്റി

വി4 മോഡലുകള്‍ ഒന്നൊന്നായി വരുമെന്ന് ഡുകാറ്റി

അഞ്ച് വര്‍ഷത്തിനുള്ളില്‍ 29 പുതിയ ഡുകാറ്റി ബൈക്കുകള്‍ വിപണിയിലെത്തിക്കും

ബൊളോഞ്ഞ (ഇറ്റലി) : വി4 എന്‍ജിന്‍ നല്‍കി കൂടുതല്‍ മോഡലുകള്‍ പുറത്തിറക്കുമെന്ന് ഇറ്റാലിയന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ഡുകാറ്റി. അഞ്ച് വര്‍ഷത്തിനുള്ളില്‍ 29 പുതിയ ഡുകാറ്റി ബൈക്കുകള്‍ വിപണിയിലെത്തിക്കുമെന്നും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ക്ലൗഡിയോ ഡോമിനിക്കാലി പറഞ്ഞു. ബ്രിട്ടീഷ് പ്രസിദ്ധീകരണമായ മോട്ടോര്‍സൈക്കിള്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഡുകാറ്റി സിഇഒ ഭാവി പരിപാടികള്‍ വിശദീകരിച്ചത്. പുതിയ സെഗ്‌മെന്റുകളില്‍ പ്രവേശിക്കുന്നതിന് വി4 എന്‍ജിന്‍ ഉപയോഗിക്കുമെന്ന് അദ്ദേഹം അറിയിച്ചു. എന്നാല്‍ പുതിയ സെഗ്‌മെന്റുകള്‍ ഏതെല്ലാമെന്ന് വെളിപ്പെടുത്താന്‍ ക്ലൗഡിയോ ഡോമിനിക്കാലി തയ്യാറായില്ല.

29 പുതിയ മോഡലുകളില്‍ നിലവിലെ മോട്ടോര്‍സൈക്കിളുകളുടെ പുതിയ വേര്‍ഷനുകളും ഉള്‍പ്പെടുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വ്യക്തമാക്കി. നിലവിലെ ഉല്‍പ്പന്നങ്ങളുടെ പുതിയ വേര്‍ഷനുകള്‍ വികസിപ്പിക്കുന്നത് തുടരും. നേകഡ്, ടൂറിംഗ്, അഡ്വഞ്ചര്‍ തുടങ്ങിയവ ആയിരിക്കും ക്ലൗഡിയോ ഡോമിനിക്കാലി ഉദ്ദേശിക്കുന്ന പുതിയ സെഗ്‌മെന്റുകളെന്ന് പ്രതീക്ഷിക്കുന്നു.

ഡുകാറ്റിയുടെ വി4 എന്‍ജിന്റെ പുതിയ വേര്‍ഷനാണ് പാനിഗാലെ വി4 ആര്‍ മോട്ടോര്‍സൈക്കിളില്‍ നല്‍കിയിരിക്കുന്നത്. 998 ക്യൂബിക് സെന്റീമീറ്ററാണ് ഈ വേര്‍ഷന്റെ ഡിസ്‌പ്ലേസ്‌മെന്റ്. എന്നാല്‍ പാനിഗാലെ വി4 മോട്ടോര്‍സൈക്കിളിലെ വി4 സ്ട്രഡാലെ എന്‍ജിന്റെ ഡിസ്‌പ്ലേസ്‌മെന്റ് 1,103 സിസിയാണ്. വേള്‍ഡ് സൂപ്പര്‍ബൈക്ക് ചാംപ്യന്‍ഷിപ്പ് (ഡബ്ല്യുഎസ്ബികെ) സംബന്ധിച്ച വ്യവസ്ഥകള്‍ പാലിക്കുന്നതിനാണ് പാനിഗാലെ വി4 ആര്‍ മോട്ടോര്‍സൈക്കിളിലെ വി4 എന്‍ജിന്റെ ഡിസ്‌പ്ലേസ്‌മെന്റ് 998 സിസി ആയി കുറച്ചത്.

ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന മോട്ടോര്‍സൈക്കിളുകളുടെ എന്‍ജിന്‍ ഡിസ്‌പ്ലേസ്‌മെന്റ് 1,000 ക്യൂബിക് സെന്റീമീറ്ററില്‍ താഴെ ആയിരിക്കണമെന്നാണ് വ്യവസ്ഥ. 1,103 സിസി, വി4 എന്‍ജിന്‍ ഘടിപ്പിച്ച ഡുകാറ്റി പാനിഗാലെ വി4 മോട്ടോര്‍സൈക്കിളിന് ഡബ്ല്യുഎസ്ബികെ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. പുതിയ പാനിഗാലെ വി4 ആര്‍ മോട്ടോര്‍സൈക്കിളില്‍ ഡ്രൈ ക്ലച്ച് നല്‍കി പരിഷ്‌കരിച്ചിരുന്നു.

Comments

comments

Categories: Auto
Tags: Ducati