മാരുതി സുസുകി മോഡലുകളുടെ വില വര്‍ധിക്കുന്നു

മാരുതി സുസുകി മോഡലുകളുടെ വില വര്‍ധിക്കുന്നു

2019 ജനുവരി ഒന്ന് മുതല്‍ എല്ലാ മോഡലുകളുടെയും വില വര്‍ധിക്കും

ന്യൂഡെല്‍ഹി : രാജ്യത്തെ ഏറ്റവും വലിയ പാസഞ്ചര്‍ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുകി വില വര്‍ധന പ്രഖ്യാപിച്ചു. 2019 ജനുവരി ഒന്ന് മുതല്‍ എല്ലാ മോഡലുകളുടെയും വിലയില്‍ വര്‍ധന വരുത്തുമെന്ന് ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ കമ്പനി അറിയിച്ചു. ചെലവുകള്‍ വര്‍ധിച്ചത് ഉപയോക്താക്കളിലേക്ക് മാറാതെ നിവൃത്തിയില്ലെന്ന് മാരുതി സുസുകി ഇന്ത്യ പ്രസ്താവിച്ചു. എന്നാല്‍ എത്രമാത്രം വില വര്‍ധിക്കുമെന്ന് മാരുതി സുസുകി വ്യക്തമാക്കിയില്ല. അതേസമയം വിവിധ മോഡലുകളുടെ വില വര്‍ധന വ്യത്യസ്തമായിരിക്കുമെന്ന് അറിയിച്ചു.

2.53 ലക്ഷം രൂപ വില വരുന്ന എന്‍ട്രി ലെവല്‍ ഓള്‍ട്ടോ 800 മുതല്‍ 11.45 ലക്ഷം രൂപ വില വരുന്ന പ്രീമിയം ക്രോസ്ഓവറായ എസ്-ക്രോസ് വരെയുള്ള വാഹനങ്ങളാണ് മാരുതി സുസുകി വില്‍ക്കുന്നത്. ഓള്‍ട്ടോ 800, ഓള്‍ട്ടോ കെ10, വാഗണ്‍ആര്‍, സെലേറിയോ, സെലേറിയോ എക്‌സ്, സ്വിഫ്റ്റ്, ഡിസയര്‍, വിറ്റാര ബ്രെസ്സ, ജിപ്‌സി, എര്‍ട്ടിഗ, ഓമ്‌നി, ഈക്കോ വാഹനങ്ങള്‍ അരീന ഡീലര്‍ഷിപ്പ് ശൃംഖലയിലൂടെയും എസ്-ക്രോസ്, സിയാസ്, ബലേനോ, ബലേനോ ആര്‍എസ്, ഇഗ്നിസ് മോഡലുകള്‍ നെക്‌സ എന്ന പ്രീമിയം ഡീലര്‍ഷിപ്പ് ശൃംഖലയിലൂടെയും വില്‍ക്കുന്നു.

വിവിധ മോഡലുകളുടെ വില വര്‍ധിപ്പിക്കുകയാണെന്ന് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍, ഇസുസു മോട്ടോഴ്‌സ് തുടങ്ങിയ വാഹന നിര്‍മ്മാതാക്കള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Comments

comments

Categories: Auto