ജെറ്റ് എയര്‍വേയ്‌സിന്റെ വായ്പാദാതാക്കളുമായി എത്തിഹാദ് സന്ധി സംഭാഷണത്തില്‍

ജെറ്റ് എയര്‍വേയ്‌സിന്റെ വായ്പാദാതാക്കളുമായി എത്തിഹാദ് സന്ധി സംഭാഷണത്തില്‍

ന്യൂഡെല്‍ഹി: കടക്കെണിയിലായ ജെറ്റ് എയര്‍വേസിനെ കരകയറ്റുന്നതുമായി ബന്ധപ്പെട്ട് കമ്പനിയുടെ രണ്ടാമത്തെ വലിയ ഓഹരി ഉടമകളായ എത്തിഹാദ് എയര്‍വേസ് വായ്പാ ദാതാക്കളായ ബാങ്കര്‍മാരുമായി നടത്തുന്ന ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ജെറ്റ് എയര്‍വേസില്‍ 24 ശതമാനം ഓഹരി ഉടമസ്ഥാവകാശമാണ് അബുദാബി അസ്ഥാനമായുള്ള എത്തിഹാദിനുള്ളത്.

പണമൊഴുക്കില്‍ നേരിടുന്ന പ്രതിസന്ധിയെ കുറിച്ചും ജെറ്റ് എയര്‍വേയ്‌സിന്റെ ഭാവി ബിസിനസ് പദ്ധതികള്‍ സംബന്ധിച്ചു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വായ്പാ ദാതാക്കളുടെ കണ്‍സോര്‍ഷ്യം നയിക്കുന്ന സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി എത്തിഹാദിന്റെ മുതിര്‍ന്ന ഉദ്യോഗ്സ്ഥര്‍ ചര്‍ച്ചകള്‍ നടത്തി വരികയാണെന്നാണ് കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ബാധ്യതകള്‍ പരിഹരിക്കുന്നതിന് ഒരു ഘടനാപരമായ പദ്ധതി തയാറാക്കാനായാല്‍ ജെറ്റ് എയര്‍വേസിലേക്ക് പുതിയ നിക്ഷേപം നടത്തുന്നതും എത്തിഹാദ് പരിഗണിക്കുന്നുണ്ട്. സെപ്റ്റംബര്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം 8,052 കോടി രൂപയാണ് ജെറ്റ് എയര്‍വേസിന്റെ വായ്പാ ബാധ്യത.

അടുത്ത മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെയുള്ള കമ്പനിയുടെ നെറ്റ്‌വര്‍ക്ക്, സര്‍വീസ് വിപുലീകരണമടക്കമുള്ള ബിസിനസ് പദ്ധതിയുടെ വിശദാംശങ്ങള്‍ ബാങ്കുകള്‍ക്ക് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്. പ്രതീക്ഷിക്കുന്ന വരുമാനവും ചെലവുവെല്ലാം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജനുവരി പകുതിയോടെ എയര്‍ലൈനിന് കുറച്ച് പണം ലഭ്യമാകുമെന്നാണ് സൂചന. ഇത് നികുതി കുടിശ്ശികകള്‍ അടച്ച് തീര്‍ക്കാന്‍ സഹായകമാണെന്ന വിശ്വാസത്തിലാണ് എയര്‍ലൈന്‍.

ജെറ്റ് എയര്‍വേയ്‌സിന് കുടിശ്ശിക ഇനത്തില്‍ മാത്രം 400 ദശലക്ഷം ഡോളര്‍ കൊടുത്തു തീര്‍ക്കാനുണ്ടെന്നാണ് കണക്കാക്കുന്നത്. കഠിനമായ സാമ്പത്തിക ബാധ്യതകള്‍ മൂലം പൈലറ്റുമാരുടേയും ഉന്നത ഉദ്യോഗസ്ഥരുടേയും ശമ്പളം വൈകുകയാണ്. മാത്രമല്ല പണം ലാഭിക്കുന്നതിനായി ലാഭക്ഷതയില്ലാത്ത സര്‍വീസുകള്‍ കമ്പനി റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

Comments

comments

Categories: Current Affairs