കാര്‍ഷിക-നിര്‍മാണ മേഖലകളില്‍ ഇരട്ട ഇന്ധന ഉപയോഗത്തിന് അനുമതി

കാര്‍ഷിക-നിര്‍മാണ മേഖലകളില്‍ ഇരട്ട ഇന്ധന ഉപയോഗത്തിന് അനുമതി

ചെലവും മലിനീകരണവും ഒരുപോലെ കുറയ്ക്കുന്നതിന് സഹായകമെന്ന് വിലയിരുത്തല്‍

ന്യൂഡെല്‍ഹി: കാര്‍ഷിക -നിര്‍മാണ മേഖലകളിലെ ഉപകരങ്ങളായി പ്രവര്‍ത്തിക്കുന്ന വാഹനങ്ങളില്‍ ഇരട്ട ഇന്ധന ഉപയോഗത്തിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. സിഎന്‍ജി പോലുള്ള ജൈവ ഇന്ധനങ്ങളുടെ ഉപയോഗം പ്രോല്‍സാഹിപ്പിക്കുന്നതിനാണ് നടപടി. ട്രാക്റ്ററുകള്‍, പവര്‍ ട്രില്ലറുകള്‍, നിര്‍മാണ ഉപകരണ വാഹനങ്ങള്‍, കൊയ്ത്ത് യന്ത്രങ്ങള്‍ എന്നിവയുടെ എന്‍ജിനുകള്‍ രണ്ട് ഇന്ധനങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന തരത്തില്‍ നിര്‍മിക്കപ്പെട്ടവയാണ്. പ്രാഥമിക ഇന്ധനമായി ഡീസലും സെക്കണ്ടറി ഇന്ധനമായി സിഎന്‍ജിയും ഉപയോഗിക്കാമെങ്കിലും ഇത് നടപ്പാക്കാന്‍ നിയമപരമായ തടസങ്ങള്‍ ഉണ്ടായിരുന്നു.

കേന്ദ്ര ഗതാഗത മന്ത്രാലയമാണ് ഇരട്ട ഇന്ധന ഉപകരണങ്ങളുടെ ഉപയോഗത്തിന് അംഗീകാരം നല്‍കിയിരിക്കുന്നത്. ഡീസല്‍ ഇന്ധന വാഹനങ്ങള്‍ക്കുള്ള പുറന്തള്ളല്‍ മാനദണ്ഡങ്ങള്‍ തന്നെയായിരിക്കും ബദല്‍ ഇന്ധന ഉപയോഗത്തിനും ബാധകമാകുക. ഹൈഡ്രോകാര്‍ബണുകള്‍ ഇന്ധനങ്ങള്‍ക്ക് പകരം സിഎന്‍ജി, ബയോ സിഎന്‍ജി, എല്‍എന്‍ജി തുടങ്ങിയ നോണ്‍ മീഥെന്‍ ഹൈഡ്രോകാര്‍ബണ്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കണം എന്ന നിബന്ധനയോടെയാണ് ഇത്.

1989 ലെ കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങളിലെ 115 എ, 115 ബി എന്നീ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി 115എഎ യും 115 ബിബി എന്നീ ചട്ടങ്ങള്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജൈവ ഇന്ധനങ്ങള്‍ ഉപയോഗിച്ചുള്ള വാഹനങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിനും ചെലവും മലിനീകരണവും ഒരുപോലെ കുറയ്ക്കുന്നതിനുമാണ് ഈ നീക്കമെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

ജൈവ ഇന്ധന ഉപകരണങ്ങളുടെ ഉപയോഗത്തിനായി എന്‍ജിന്‍ മാറ്റുന്നതിന് മൂന്ന് വര്‍ഷത്തെ അംഗീകാരമാണുള്ളത്. ഇതി ഒരു തവണ കൂടി മൂന്ന് വര്‍ഷത്തേക്ക് പുതുക്കാനാകും. അതുപോലെ വാഹന ഉപകരണത്തിന്റെ എന്‍ജിനുകളിലോ മറ്റ് ഘടകങ്ങളിലോ ഉള്ള സുരക്ഷയിലും പ്രവര്‍ത്തന രീതിയിലും യഥാര്‍ത്ഥ നിര്‍മാതാക്കള്‍ക്കായിരിക്കും ഉത്തരവാദിത്തമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നുണ്ട്. വിജ്ഞാപനത്തിലൂടെ പൊതുജനങ്ങളില്‍ നിന്ന് സമാഹരിച്ച നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാണ് കേന്ദ്ര മോട്ടോര്‍ വെഹിക്കിള്‍ റൂള്‍സ് 1989 ഭേദഗതി ചെയ്തിരിക്കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.

Comments

comments

Categories: Current Affairs, Slider

Related Articles