ആഭ്യന്തര പ്രകൃതി വാതകങ്ങള്‍ക്ക് സ്വതന്ത്ര വിപണി വില പരിഗണനയില്‍

ആഭ്യന്തര പ്രകൃതി വാതകങ്ങള്‍ക്ക് സ്വതന്ത്ര വിപണി വില പരിഗണനയില്‍

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന പ്രകൃതി വാതകങ്ങള്‍ക്ക് സ്വതന്ത്ര വിപണി വില നിര്‍ണയ സംവിധാനം ഏര്‍പ്പെടുത്തുന്നത് നിതി ആയോഗ് സജീവമായി പരിഗണിക്കുന്നു. ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിന് വില നിര്‍ണയത്തിലുള്ള നിയന്ത്രണങ്ങള്‍ നീക്കം ചെയ്യണമെന്ന് കുറച്ചുകാലങ്ങളായി എണ്ണക്കമ്പനികള്‍ ആവശ്യപ്പെടുന്നുണ്ട്. ഒഎന്‍ജിസി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, വേദാന്ത തുടങ്ങി ആഭ്യന്തര എണ്ണ ഉല്‍പ്പാദക കമ്പനികള്‍ക്ക് സഹായകമാകുമെന്നാണ് കേന്ദ്ര എണ്ണ പ്രകൃതി വാതക മന്ത്രാലയവും കരുതുന്നത്.

നിലവിലെ വില നിര്‍ണയ സംവിധാനം ഉല്‍പ്പാദനത്തിലെ മാന്ദ്യത്തിനും രാജ്യത്തെ എണ്ണപ്പാടങ്ങളിലെ പര്യവേക്ഷണങ്ങളെ നിരുല്‍സാഹപ്പെടുത്തുന്നതിനും ഇടയാക്കുന്നതായി നേരത്തേ ആക്ഷേപമുയര്‍ന്നിരുന്നു. എണ്ണ വിലയില്‍ കുത്തനെയുണ്ടായ വര്‍ധനവും രൂപയുടെ മൂല്യച്യുതിയും മൂലം ഇറക്കുമതി ചെലവ് ഗണ്യമായി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ ഒക്‌റ്റോബറിലാണ് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക സമിതി രൂപികരിക്കുന്നത്. ഇന്ത്യയുടെ എണ്ണ പര്യവേഷണത്തിനും ഉല്‍പ്പാദന മേഖലയ്ക്കും കൂടുതല്‍ കരുത്തും ഊര്‍ജവും പകരുന്നതിനുള്ള നടപടികളാണ് സമിതി നിര്‍ദേശിക്കേണ്ടത്.

നിതി ഓയോഗ് വൈസ് ചെയര്‍മാന്‍, ചീഫ് എക്‌സിക്യൂട്ടീവ് ഓഫ്ിസീര്‍, കാബിനറ്റ് സെക്രട്ടറി, സാമ്പത്തിക കാര്യ സെക്രട്ടറി, പെട്രോളിയം സെക്രട്ടറി, ഒഎന്‍ജിസി ചെയര്‍മാന്‍ എന്നിവരടങ്ങിയ പാനല്‍ പ്രധാനമന്ത്രിയുടെ ഓഫീസിനാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.

പ്രദേശിക ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങളുടെ കരട് രൂപരേഖ തയാക്കുന്നതിന് മുന്നോടിയായി പൊതു-സ്വകാര്യമേഖലയിലെ ഉല്‍പ്പാദകര്‍, റെഗുലേറ്ററി സംവിധാനങ്ങള്‍, സേവന ദാതാക്കള്‍, ഈ മേഖലയുമായി ബന്ധപ്പെട്ട വിവിധവ്യക്തികള്‍ എന്നിവരുമായി പാനല്‍ കൂടിയാലോചന നടത്തുന്നുണ്ട്. ഒഎന്‍ജിസിയുടെ ഫീല്‍ഡുകളിലെ പര്യവേഷണത്തിന് സ്വകാര്യ മേഖലയുടെ പങ്കാളിത്തം, പര്യവേഷണ ലൈസന്‍സിംഗ് മാനദണ്ഡങ്ങള്‍ പുതുക്കുക, ഉദ്യോഗസ്ഥ ഇടപെടലുകള്‍ കുറക്കുക തുടങ്ങിയവ പാനലിന്റെ പരിഗണനയിലുണ്ട്.

ദ്രവീകൃത വാതകത്തിനായി ഇന്ത്യ ഇറക്കുമതിയെ ആശ്രയിക്കുന്നത് വര്‍ധിച്ച് വരികയാണ്. ഏതാണ്ട് മൊത്തം ഉപയോഗത്തിന്റെ പകുതിയോളം ഇറക്കുമതിയിലൂടെയാണ് കണ്ടെത്തുന്നത്. 2030 ആകുമ്പോഴേക്കും ഉല്‍പ്പാദനം രണ്ടര ഇരട്ടി വര്‍ധിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Comments

comments

Categories: Business & Economy
Tags: Natural Gas