സ്മാര്‍ട്ട്‌ഫോണ്‍ യുഗത്തില്‍ വീഡിയോ ഗെയിമിന്റെ ഭാവി

സ്മാര്‍ട്ട്‌ഫോണ്‍ യുഗത്തില്‍ വീഡിയോ ഗെയിമിന്റെ ഭാവി

ഇന്ത്യയുടെ ജനസംഖ്യയിലെ മൂന്നിലൊരു ഭാഗം ആളുകള്‍ക്കു ദൈനംദിന ജീവിതത്തിന്റെ ഭാഗമാണു ഗെയിമിംഗ്. സ്മാര്‍ട്ട്‌ഫോണ് കൂടുതല്‍ ജനകീയമായതും, അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമായതുമൊക്കെ ഗെയിമിംഗിന് വന്‍പ്രചാരം ലഭിക്കാനിടയായി. ഗെയിമിംഗ് വ്യവസായത്തില്‍ ഇന്ന് വലിയ നിക്ഷേപം നടക്കുകയാണ്. അതോടൊപ്പം സാങ്കേതികവിദ്യ ഏറ്റവും കൂടുതല്‍ പരീക്ഷിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നു.

സാങ്കേതികവിദ്യ പുരോഗതി പ്രാപിക്കുന്നതിനൊപ്പം, വീഡിയോ ഗെയിം വ്യവസായരംഗവും വികസിക്കുകയാണ്. ഇന്ന് കൗമാരപ്രായക്കാര്‍ക്കിടയിലും, യുവാക്കള്‍ക്കിടയിലും വീഡിയോ ഗെയിമിനു വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. കൗമാരക്കാരില്‍ ഭൂരിഭാഗവും വീഡിയോ ഗെയിം കളിക്കാനായി ഒരു ദിവസത്തില്‍ ചുരുങ്ങിയത്, അഞ്ച് മണിക്കൂര്‍ മാറ്റി വയ്ക്കുന്നുണ്ടെന്നാണു കണക്കാക്കപ്പെടുന്നത്. ഒരു സിനിമയോ, കേബിള്‍ ടിവി കാണുന്നതിനോ വേണ്ടി ചെലവഴിക്കുന്നതിനേക്കാള്‍ കുറച്ചു തുക ചെലവഴിച്ചാല്‍ മതിയെന്നതാണു ഗെയിമിനു വന്‍ സ്വീകാര്യത ലഭിക്കാനുള്ള ഒരു കാരണം. അതു കൊണ്ടു തന്നെ സിനിമ, ടിവ രംഗങ്ങളേക്കാള്‍ കൂടുതല്‍ വിപണി വളര്‍ച്ച ഗെയിമിംഗ് വ്യവസായത്തില്‍ രേഖപ്പെടുത്തുന്നുണ്ട്. വിവിധ രൂപങ്ങളിലുള്ള മാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ വിപണി വിഹിതം ലഭിച്ചു കൊണ്ടിരിക്കുന്നത് വീഡിയോ ഗെയിം വ്യവസായത്തിനാണ്. വീഡിയോ ഗെയിം ഡിസൈനില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വലിയൊരു മാറ്റമാണ് അഥവാ നവോത്ഥാനമാണ് ഉണ്ടായിരിക്കുന്നത്. അതിവേഗതയുള്ള ബ്രോഡ്ബാന്‍ഡ് ലഭ്യമായതോടെ പുതിയ ആശയങ്ങള്‍, പുതിയ ശബ്ദം എന്നിവ ഈ രംഗത്ത് അവതരിപ്പിക്കാനും സാധിച്ചിരിക്കുന്നു.

ആത്മപ്രകാശനം നടത്താനുള്ള ഭാവി

പത്ത് ഇരുപത് വര്‍ഷങ്ങള്‍ക്കു മുന്‍പ് ചെറുപ്പക്കാര്‍ തങ്ങളുടെ ജീവിതത്തെക്കുറിച്ച് എന്തെങ്കിലും പ്രകടിപ്പിക്കാന്‍ ആഗ്രഹിക്കുമ്പോള്‍ അവര്‍ ഗിത്താറെടുത്ത് വായിക്കുമായിരുന്നു. അതുമല്ലെങ്കില്‍ കവിത എഴുതുമായിരുന്നു. എന്നാല്‍ ഇന്ന് ആത്മപ്രകാശനത്തിനായി യുവാക്കള്‍ വീഡിയോ ഗെയിമിലേര്‍പ്പെടുകയാണു പതിവ്. ഇന്ന് ഇന്ററാക്ടീവ് മീഡിയയും, ലീനിയര്‍ മീഡിയയും തമ്മിലുള്ള അതിര്‍വരമ്പുകള്‍ ഇല്ലാതായിരിക്കുന്നു. സമീപഭാവിയില്‍, നമ്മള്‍ ഇന്നു സിനിമ കാണുന്ന വിശാലമായ തിയേറ്റര്‍ സമുച്ചയങ്ങളിലെ 2ഡി സ്‌ക്രീനുകളെ (ദ്വിമാന തിരശീല) വെര്‍ച്വല്‍ റിയല്‍റ്റി, ഓഗ്‌മെന്റഡ് റിയല്‍റ്റി ടെക്‌നോളജിയിലൂടെയോ ടിവി, ടാബ്‌ലെറ്റിലൂടെയോ ചെറുമുറികള്‍ക്കുള്ളിലേക്കു പരിമിതപ്പെടുത്തും. ഒരു പതിറ്റാണ്ടിനുള്ളില്‍, ആഖ്യാന രീതിയിലുള്ള സിനിമ, നാടകം എന്നിവ കാണുന്നത് കാലാഹരണപ്പെട്ടതായി മാറുകയും ചെയ്യും.ഈ പരിവര്‍ത്തനം സാധ്യമാക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നത് വീഡിയോ ഗെയിമായിരിക്കും.

സാങ്കേതികവിദ്യയുടെ സഞ്ചാരം

സാങ്കേതികവിദ്യയുടെ സഞ്ചാരത്തെ കുറിച്ചു സൂചന തരുന്നതാണ് വീഡിയോ ഗെയിം രംഗത്ത് ഇന്ന് നടക്കുന്ന പരീക്ഷണങ്ങള്‍. അടുത്ത ദശകത്തില്‍ നമ്മളുടെ ജീവിതത്തെ സ്വാധീനിക്കാന്‍ പോകുന്ന സാങ്കേതികവിദ്യകള്‍ ഏറ്റവും കൂടുതല്‍ പരീക്ഷിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നത് വീഡിയോ ഗെയിം മേഖലയിലാണ്. ഓഗ്‌മെന്റഡ് റിയല്‍റ്റി, വെര്‍ച്വല്‍ റിയല്‍റ്റി തുടങ്ങിയ ടെക്‌നോളജി കൂടൂതലും വികസിപ്പിക്കുന്നത് വീഡിയോ ഗെയിം രംഗത്താണ്. ഇന്നു നിരവധി സിനിമ, ടിവി കമ്പനികള്‍ 360 ഡിഗ്രി വീഡിയോകളുടെ സാധ്യതയെപ്പറ്റി ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ ഓഗ്‌മെന്റഡ് റിയല്‍റ്റിയും, വെര്‍ച്വല്‍ റിയല്‍റ്റിയും സര്‍വസാധാരണമാകുന്ന കാഴ്ച വരും നാളുകളില്‍ നമ്മള്‍ക്കു കാണുവാനാകും. ഒരുപക്ഷേ നാളെ നമ്മള്‍ ഒരു കായികയിനം വീക്ഷിക്കുന്നത് വെര്‍ച്വല്‍ റിയല്‍റ്റി എന്ന സാങ്കേതികവിദ്യയുടെ സഹായത്തോടെയായിരിക്കാം. അതു പോലെ നമ്മളുടെ വീടുകളിലെ സ്വീകരണ മുറി റീ ഡിസൈന്‍ (വീണ്ടും രൂപകല്‍പന) ചെയ്യുന്നത് ഓഗ്‌മെന്റഡ് റിയല്‍റ്റി എന്ന ടെക്‌നോളജി ഉപയോഗിച്ചുമായിരിക്കാം.

ജനറേഷന്‍ സൈ്വപ്

സ്മാര്‍ട്ട്‌ഫോണുകളും, ടാബ്‌ലെറ്റുകളുമെത്തിയതോടെ മുമ്പ് എന്നത്തേക്കാളുമധികം വീഡിയോ ഗെയിമുകള്‍ ഇന്നു സര്‍വവ്യാപിയായിരിക്കുന്നു. അന്യോന്യം സമ്പര്‍ക്കം പുലര്‍ത്തുന്നതായിരിക്കണം (interactive) എല്ലാ സ്‌ക്രീനുകളുമെന്ന് പ്രതീക്ഷിക്കുന്നവരാണ് ഇന്ന് കുട്ടികള്‍. ജനറേഷന്‍ സൈ്വപ് (generation swipe) എന്നു വിളിക്കപ്പെടുന്ന ഒരു പ്രതിഭാസമാണിത്. മെച്ചപ്പെട്ട ഉപകരണങ്ങളും ടെക്‌നോളജിയും നമ്മളെക്കാള്‍ നന്നായി മനസിലാക്കുന്ന യുവതലമുറയെയാണു ജനറേഷന്‍ സൈ്വപ് എന്നു വിശേഷിപ്പിക്കുന്നത്. യുവതലമുറ ഇന്നു സ്‌കൂളുകളില്‍ ടാബ്‌ലെറ്റുകള്‍ ഉപയോഗിക്കുന്നു. അവര്‍ ആപ്പ് വികസിപ്പിക്കുന്നു. അവര്‍ ഡിജിറ്റല്‍ സ്വദേശികളാണ്. ഇതിനുപുറമേ, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഇന്‍സ്റ്റാഗ്രാം, സ്‌നാപ്ചാറ്റ്, യു ട്യൂബ് എന്നിവ ജനകീയമായതോടെ, കൗമാരക്കാരും, ടെക്‌നോളജിയും, വിനോദരംഗവുമായുള്ള പുതിയ ബന്ധം രൂപപ്പെടാന്‍ കാരണമായി. ഇന്ന് യുവതലമുറ ഉപയോഗിക്കുന്ന ഭൂരിഭാഗം ഇന്റര്‍ഫേസുകളും (കമ്പ്യൂട്ടറിന്റെ വിവിധ ഭാഗങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഘടകം) ഗെയിം പോലുള്ളതാണ്.

Comments

comments

Categories: FK Special, Slider, Top Stories