മുംബൈയില്‍ നിന്നും പറക്കാനൊരുങ്ങി ഫ്‌ളൈ ബ്ലേഡ് ഹെലികോപ്റ്റര്‍

മുംബൈയില്‍ നിന്നും പറക്കാനൊരുങ്ങി ഫ്‌ളൈ ബ്ലേഡ് ഹെലികോപ്റ്റര്‍

ആദ്യഘട്ടത്തില്‍ മുംബൈയില്‍ മാത്രമായിരിക്കും ഹെലികോപ്റ്റര്‍ സര്‍വീസ് നടപ്പിലാക്കുക

മുംബൈ: നഗരങ്ങളിലെ യാത്രയ്ക്ക് ഹെലികോപ്റ്ററില്‍ സീറ്റ് ബുക്ക് ചെയ്യാന്‍ മുംബൈ വാസികള്‍ക്ക് ഇനി ഒരു ആപ്ലിക്കേഷനില്‍ വിരമര്‍ത്തിയാല്‍ മാത്രം മതി. അടുത്തവര്‍ഷം മാര്‍ച്ച് മാസത്തോടെ ഇത് യാഥാര്‍ത്ഥ്യമാകും. യുഎസില്‍ പൗരന്‍മാര്‍ക്ക് ഹെലികോപ്റ്റര്‍ സേവനം നല്‍കുന്ന ഫ്‌ളൈ ബ്ലേഡ് ഇന്ത്യയിലും സേവനം ആരംഭിക്കുന്നു. ഹഞ്ച് വെന്‍ച്വേഴ്‌സ് എന്ന കമ്പനിയുമായി ചേര്‍ന്നാണ് ഫ്‌ളൈ ബ്ലേഡ് ഹെലികോപ്റ്റര്‍ സര്‍വീസിന് തുടക്കം കുറിക്കുന്നത്.

ബ്ലേഡ് ഇന്ത്യ എന്ന പുതിയ കമ്പനി രൂപീകരിച്ച് ആദ്യഘട്ടത്തില്‍ മുംബൈയില്‍ മാത്രമായിരിക്കും ഹെലികോപ്റ്റര്‍ സര്‍വീസ് നടപ്പിലാക്കുക. ജൂഹു, മഹാലക്ഷ്മി എന്നിവിടങ്ങളില്‍ നിന്നും യാത്രതിരിക്കുന്ന ഹെലികോപ്റ്റര്‍ പൂനെ, ഷിര്‍ദ്ദി എന്നീ ഹെലിപോര്‍ട്ടുകളുമായി ബന്ധിപ്പിച്ചു കൊണ്ടാണ് സേവനം നടത്തുക. കൂടുതല്‍ നഗരങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള ഹെലികോപ്റ്റര്‍ സര്‍വീസ് ഭാവിയില്‍ ആരംഭിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. തിരക്കേറിയ നഗരങ്ങളില്‍ നി്ന്നും എളുപ്പത്തില്‍ യാത്ര സാധ്യമാക്കുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നില്‍.

ഹെലികോപ്റ്ററുകളുടെ യൂബര്‍ എന്നാണ് യുഎസില്‍ ബ്ലേഡിന് വിശേഷിപ്പിക്കുന്നത്. എന്നാല്‍ യൂബറും ബ്ലെയ്ഡും തമ്മില്‍ ബന്ധമൊന്നുമില്ല. സ്വന്തമായി ഹെലികോപ്റ്ററുകള്‍ ഇല്ലാതെ സേവനം നടത്തുക( അസറ്റ് -ലൈറ്റ് ബിസിനസ്) എന്ന മാതൃകയാണ് കമ്പനി പിന്തുടരുന്നതെന്ന് ബ്ലേഡ് സിഇഒ റോബ് വീസെന്താല്‍ പറഞ്ഞു. ബുക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കുകയാണ് കമ്പനി ചെയ്യുന്നത്. ഇന്ത്യയില്‍ വളരാന്‍ പറ്റിയ സാഹചര്യമാണുള്ളത്. യുഎസില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ബ്ലേഡിന് വരുമാനം കാര്യമായി വര്‍ധിപ്പിക്കാനായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തീര്‍ത്ഥാക നഗരങ്ങളെയും വിനോദസഞ്ചാര കേന്ദ്രങ്ങളെയും ഉള്‍പ്പെടുത്തി സേവനം വിപുലപ്പെടുത്താനാണ് ബ്ലേഡ് ഇന്ത്യയുടെ പദ്ധതി. രാജ്യത്ത് ഇലക്ട്രിക് വെര്‍ട്ടിക്കിള്‍ ടേക്ക് ഓഫ് ആന്‍ഡ് ലാന്‍ഡിംഗ (ഇ വിടിഒഎല്‍) പോലുളള സാങ്കേതികവിദ്യകള്‍ നടപ്പിലാക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.

ഇന്ത്യയിലെ പ്രധാന നഗരങ്ങളെല്ലാം ലോകത്തിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളുടെ പട്ടികയില്‍ എന്നുമുണ്ടാകാറുണ്ട്. ഓണ്‍-ഡിമാന്‍ഡ് വ്യോമയാനം വിപൂലീകരിച്ചുകൊണ്ട് ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് വീസെന്താള്‍ പറഞ്ഞു. ഈ സംയുക്ത പദ്ധതിക്കായി ദീര്‍ഘകാല നിക്ഷേപം നടത്തിയതായി ഹഞ്ച് വെന്‍ച്വേഴ്‌സ് സ്ഥാപകന്‍ കരണ്‍പാല്‍ സിംഗ് പറഞ്ഞു. രാജ്യത്തെ ഗതാഗതകുരുക്കിന് ഈ സംരംഭം പരിഹാരമാണെന്നും കരണ്‍പാല്‍ പറഞ്ഞു.

Comments

comments

Categories: Current Affairs, Slider
Tags: Fly Blade