ദുര്‍ബലമാകുകയാണോ ഒപെക്

ദുര്‍ബലമാകുകയാണോ ഒപെക്

എണ്ണ ഉല്‍പ്പാദനത്തില്‍ ഖത്തറിന് വലിയ റോളൊന്നുമില്ല. എന്നാല്‍ ഒപെക്കില്‍ നിന്ന് രാജ്യം പിന്മാറിയത് സംഘടനയുടെ ദൗര്‍ബല്യമാണ് കാണിക്കുന്നത്

എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക്കില്‍ നിന്ന് ഖത്തര്‍ പിന്‍വാങ്ങിയ വാര്‍ത്തയാണ് അറബ് ലോകത്തെയും എണ്ണ വിപണിയിലെയും പ്രധാന ചര്‍ച്ചാ വിഷയം. സൗദി അറേബ്യയും യുഎഇയും നേതൃത്വം നല്‍കുന്ന ജിസിസി രാജ്യങ്ങള്‍ നേരത്തെ ഖത്തറിനെതിരെ ഉപരോധം കൊണ്ടുവന്നിരുന്നു. ഭീകരതയെ പ്രോല്‍സാഹിപ്പിക്കുന്നുവെന്നും സൗദിയുടെ പ്രധാന ശത്രുവായ ഇറാനോട് ചങ്ങാത്തം കൂടുന്നുവെന്നും ആരോപിച്ചായിരുന്നു ഉപരോധം. ഇത് ഗള്‍ഫ് മേഖലയെ പ്രതിസന്ധിയിലേക്ക് നയിച്ചെങ്കിലും പ്രശ്‌നം ഇതുവരെ തീര്‍ന്നിട്ടില്ല.

പെക്കില്‍ നിന്ന് പുറത്തുപോകുന്ന തങ്ങളുടെ തീരുമാനത്തിന് ഉപരോധവുമായി ബന്ധമൊന്നുമില്ലെന്നാണ് ഖത്തര്‍ വ്യക്തമാക്കിയത്. എങ്ങനെയാണെങ്കിലും അത് അറബ് രാജ്യങ്ങളില്‍ തമ്മിലുള്ള സംഘര്‍ഷാത്മക സാഹചര്യങ്ങളുടെ അനന്തരഫലം തന്നെയാണ്. എന്നാല്‍ ഒപെക്കില്‍ നിന്ന് ഖത്തര്‍ പുറത്തുപോയ തീരുമാനം ജിസിസി മേഖലയുടെ സമവാക്യത്തേക്കാളും ആ സംഘടനയുടെ കെട്ടുറപ്പിന്റെ ക്ഷയത്തെയാണ് സൂചിപ്പിക്കുന്നത്. എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടന കൂടുതല്‍ ദുര്‍ബലമായിപ്പോകുന്നു എന്നതാണ് വസ്തുത.

കണക്കുകളുടെ പിന്‍ബലത്തില്‍ നോക്കുകയാണെങ്കില്‍ ഒപെക്കില്‍ നിന്ന് ഖത്തര്‍ പുറത്തുപോകുന്നതുകൊണ്ട് പ്രത്യേകിച്ച് ഒന്നും സംഭവിക്കാനില്ല. കാരണം ഒപെക്കിലെ മൊത്തം രാജ്യങ്ങളുടെ എണ്ണ ഉല്‍പ്പാദനത്തില്‍ കേവലം രണ്ട് ശതമാനത്തില്‍ താഴെ മാത്രമാണ് ഖത്തറിന്റെ സംഭാവന. ഒപെക്കിന് പുറത്താണ് ഖത്തറിന്റെ സമ്പത്ത്. ദ്രവീകൃത പ്രകൃതി വാതകമാണ്(എല്‍എന്‍ജി) ഖത്തറിന്റെ പ്രധാന സാമ്പത്തിക സ്രോതസ്. ലോകത്ത് ഏറ്റവുമധികം ദ്രവീകൃത പ്രകൃതി വാതകം കയറ്റി അയക്കുന്ന രാജ്യമാണ് ഖത്തര്‍. അതുകൊണ്ട് ഒപെക്കില്‍ നിന്ന് പുറത്തുപോയതുകൊണ്ട് ഖത്തറിനും പ്രത്യേകിച്ച് നഷ്ടമൊന്നും വരാനില്ല. ഒപെക്കില്‍ നിന്ന് പുറത്തുകടന്ന് വാതക ഉല്‍പ്പാനത്തില്‍ ശ്രദ്ധ ഊന്നാനാണ് തങ്ങളുടെ പദ്ധതിയെന്ന് ഖത്തര്‍ വ്യക്തമാക്കിയിട്ടുമുണ്ട്.

എന്നാല്‍ ഖത്തറിന്റെ പുറത്തുപോകല്‍ പ്രതിഫലിപ്പിക്കുന്നത് ഒപെക്കിന്റെ ദൗര്‍ബല്യമാണ്. വിവിധ രാജ്യങ്ങളെ ഒരുമിച്ചുകൊണ്ടുപോകുന്ന തലത്തിലുള്ള സംഘടനാപാടവം ഒപെക്കിന് നഷ്ടമായിരിക്കുന്നു. ഒപെക് ഉണ്ടെന്നത് ലോകത്തിനെ ബോധ്യപ്പെടുത്തണമെങ്കില്‍ ഒപെക്കിന് പുറത്തുള്ള റഷ്യയെ പോലുള്ള വമ്പന്മാരുടെ സഹായം സംഘടനയ്ക്ക് അനിവാര്യതയായി മാറിയിട്ടുണ്ട്. എണ്ണ ഉല്‍പ്പാദന നിയന്ത്രണ കരാറിലൂടെ എണ്ണ വിപണിക്ക് സ്ഥിരത വീണ്ടെടുക്കാന്‍ സാധിച്ചത് റഷ്യയുടെ കൂടി പിന്തുണയുടെ ഫലമായിട്ടായിരുന്നു. 2014ല്‍ എണ്ണ വിപണിയിലുണ്ടായ വന്‍തര്‍ച്ചയെ തുടര്‍ന്ന് ഒപെക്കും റഷ്യ ഉള്‍പ്പടെയുള്ള പ്രധാന ഒപെക് ഇതര എണ്ണ ഉല്‍പ്പാദകരാജ്യങ്ങളും സഹകരിച്ചാണ് ഉല്‍പ്പാദന നിയന്ത്രണ കരാര്‍ പ്രാവര്‍ത്തികമാക്കിയത്. എണ്ണ വില വീണ്ടും കൂടാനും വിപണിയില്‍ കുതിപ്പുണ്ടാകാനും നിയന്ത്രണങ്ങള്‍ കൊണ്ട് സാധിച്ചു.

ഉല്‍പ്പാദന നിയന്ത്രണത്തില്‍ നിന്ന് പിന്മാറുന്നതിനും റഷ്യയുടെ സമ്മതം കൂടിയേ തീരുവെന്ന അവസ്ഥയാണുണ്ടായിരുന്നത്. വീണ്ടും നിയന്ത്രണം കൊണ്ടുവരുന്നതിന് വീണ്ടും റഷ്യയുടെ സമ്മതം വേണമെന്നതാണ് സ്ഥിതി. ഈ അവസ്ഥയിലേക്കാണ് എണ്ണ വിപണിയിലെ കാര്യങ്ങള്‍ നീങ്ങുന്നത്. സ്വതന്ത്രമായി നിലനില്‍ക്കുന്ന പ്രസ്ഥാനമെന്ന പ്രതിച്ഛായയല്ല ഇപ്പോള്‍ ഒപെക്കിനുള്ളത്. ലേകത്തെ പ്രധാന എണ്ണ ഉല്‍പ്പാദന രാജ്യമെന്ന നിലയിലുള്ള അമേരിക്കയുടെ വളര്‍ച്ചയും ഒപെക്കിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഒപെക്കിന്റെ അസ്തിത്വം നഷ്ടപ്പെടുത്താത്ത തരത്തിലുള്ള പദ്ധതികളാകണം സംഘടനം നടപ്പാക്കേണ്ടത്.

Comments

comments

Categories: Editorial, Slider
Tags: OPEC