ഐഐഎം ബിരുദധാരി പാല്‍ക്കച്ചവടം തുടങ്ങിയപ്പോള്‍

ഐഐഎം ബിരുദധാരി പാല്‍ക്കച്ചവടം തുടങ്ങിയപ്പോള്‍

ടെക്ക് രംഗം ഉപേക്ഷിച്ച് കാര്‍ഷിക രംഗത്തേക്ക് തിരിയുക എന്നതാണല്ലോ ഇന്നത്തെ യുവാക്കള്‍ക്കിടയിലെ പ്രധാന ട്രെന്‍ഡ്. രാജസ്ഥാനിലെ അജ്മീര്‍ സ്വദേശിയായ അങ്കിത കുമവത്തും ഇത്തരത്തില്‍ തന്നെയാണ് ക്ഷീരവ്യവസായത്തിലേക്ക് എത്തിച്ചേര്‍ന്നത്. എന്നാല്‍ ബിസിനസ് ചെയ്ത് പണം നേടണം എന്ന ആഗ്രഹത്തിനേക്കാള്‍ അപ്പുറത്ത് പശുവളര്‍ത്തലിനോടുള്ള പാഷനാണ് അങ്കിതയെ ഈ രംഗത്തേക്ക് എത്തിച്ചത്. ഐഐഎം കൊല്‍ക്കത്തയില്‍ നിന്നും മികച്ച മാര്‍ക്കോടെ പഠിച്ചിറങ്ങിയ അങ്കിതക്ക് തുടക്കത്തില്‍ തന്നെ നല്ല ജോലി ലഭിച്ചിരുന്നു. എന്നാല്‍ വൈറ്റ് കോളര്‍ ജോലിയുടെ മാസ്മരികതയില്‍ വീണുപോകുന്ന വ്യക്തിയായിരുന്നില്ല അങ്കിത. വര്‍ഷങ്ങളോളം മറ്റുള്ളവര്‍ക്ക് കീഴില്‍ ഒരു ക്ലെറിക്കല്‍ ജോലി ചെയ്ത് ഒതുങ്ങാതെ ചെറുതെങ്കിലും സ്വന്തമായി ഒരു സംരംഭം തുടങ്ങണം എന്നതായിരുന്നു അങ്കിതയുടെ ആഗ്രഹം.

കാര്‍ഷിക പാരമ്പര്യമുള്ള കുടുംബത്തിലാണ് അങ്കിത ജനിച്ചത്. പിതാവിന് ക്ഷീരവ്യവസായമായിരുന്നു. ഇരുപത് വര്‍ഷത്തോളം പാല്‍കച്ചവടത്തില്‍ പിതാവിനെ സഹായിച്ച അങ്കിതക്ക് പശുക്കളോടും പശുവളര്‍ത്തലിനോടും നല്ല താല്‍പര്യമായിരുന്നു. സമൂഹത്തില്‍ സ്ഥിരം കേള്‍ക്കുന്ന ഗുണനിലവാരമില്ലാത്ത പാലിന്റെ കഥകള്‍ അങ്കിതയെ ഏറെ വിഷമിപ്പിച്ചു. തന്റെ പിതാവ് ഒരു ക്ഷീരകര്‍ഷകനായിരുന്നു എങ്കിലും വെള്ളം ചേര്‍ക്കാത്ത, ശുദ്ധമായ പാല്‍ വിറ്റിരുന്ന അദ്ദേഹത്തിന് തന്റെ തൊഴിലില്‍ നിന്നും വലിയ ലാഭമൊന്നും നേടാനായില്ല. ഇതിനുള്ള പ്രധാനകാരണം അദ്ദേഹത്തിന് തന്റെ ഉല്‍പ്പന്നത്തെ ബ്രാന്‍ഡ് ചെയ്യാന്‍ കഴിഞ്ഞില്ല എന്നതായിരുന്നു. ഒന്നാലോചിച്ചപ്പോള്‍ ബ്രാന്‍ഡ് ചെയ്‌തെടുത്ത നാടന്‍ പാലിന് നല്ല വിപണിയാണ് ഉള്ളതെന്ന് അങ്കിതക്ക് മനസിലായി. എങ്കില്‍പ്പിന്നെ എന്തുകൊണ്ട് തനിക്ക് ക്ഷീരവ്യവസായത്തില്‍ ഒരു കൈ നോക്കിക്കൂടാ എന്ന ചിന്തയായി.

ക്ഷീര രംഗവുമായി ബന്ധപ്പെട്ട സ്ഥാപനത്തില്‍ നിന്നുള്ള പ്രവര്‍ത്തി പരിചയം ഈ രംഗത്ത് അങ്കിതക്ക് മുതല്‍ക്കൂട്ടായി. മികച്ചയിനം പശുക്കളെപ്പറ്റിയും അവക്ക് നല്‍കേണ്ട തീറ്റയെപ്പറ്റിയുമെല്ലാം അങ്കിത പഠനം നടത്തി. ശേഷം, ജോലി രാജിവച്ച് പശുവളര്‍ത്തലിലേക്ക് ഇറങ്ങാന്‍ തീരുമാനിച്ചു.. എന്നാല്‍ ജോലി രാജി വക്കുക എന്ന തീരുമാനത്തിന് മുന്നില്‍ വീട്ടുകാര്‍ തടസ്സം നിന്നു. കേട്ടറിഞ്ഞ സുഹൃത്തുക്കളും ബന്ധുക്കളും അങ്കിത ചെയ്യുന്നത് മണ്ടത്തരമാണ് എന്ന് പറഞ്ഞു. എന്നാല്‍ അത് കേട്ട് പിന്മാറാന്‍ അങ്കിത ഒരുക്കമായിരുന്നില്ല. തന്റെ അടുത്ത സുഹൃത്തായ ലോകേഷ് ഗുപ്ത, ക്ഷീര വ്യവസായത്തില്‍ അദ്ദേഹത്തിനുള്ള താല്‍പര്യത്തെപ്പറ്റി ഒരിക്കല്‍ പറഞ്ഞത് അങ്കിത ഓര്‍ത്തു. അങ്ങനെ തന്റെ സ്ഥാപനത്തിന് വേണ്ട പിന്തുണ നല്‍കുന്നതിനായി ബയോകെമിസ്റ്റ് കൂടിയായ ലോകേഷിനോട് ആവശ്യപ്പെട്ടു.

അങ്കിതയുടെ ആവശ്യപ്രകാരം പശുവളര്‍ത്തലിന് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനല്ല, മറിച്ച് ആ സംരംഭത്തില്‍ നിക്ഷേപം നടത്താനാണ് അദ്ദേഹം തയ്യാറായത്. ഇരുവരുടെയും കൂട്ടുത്തരവാദിത്വത്തില്‍ 10 ലക്ഷം രൂപ നിക്ഷേപത്തില്‍ 2016 ല്‍ മാതൃത്വ ഡയറി പ്രൊഡക്റ്റ്‌സ് പ്രവര്‍ത്തനം ആരംഭിച്ചു. തുടക്കം എന്ന നിലക്ക് 25 പശുക്കളെയാണ് ഇവര്‍ വാങ്ങിയത്. ഗീര്‍ ഇനത്തില്‍പെട്ട ഈ പശുക്കളുടെ പാലിന് ഒരു പ്രത്യേകതയുണ്ടായിരുന്നു A2 മില്‍ക്ക് എന്നാണ് അത് അറിയപ്പെട്ടിരുന്ന. ബീറ്റാ പ്രോട്ടീനുകള്‍ കൊണ്ട് സമ്പന്നമായിരുന്നു ഇത്തരം പാല്‍. അതിനാല്‍ A2 മില്‍ക്ക് എന്ന പേരില്‍ തന്നെ തങ്ങളുടെ സ്ഥാപനത്തില്‍ നിന്നും പാ
ല്‍ വിപണിയിലെത്തിക്കാന്‍ അങ്കിത തീരുമാനിച്ചു. ഫാമുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എല്ലാം നോക്കിയിരുന്നത് ലോകേഷ് ആയിരുന്നു. അങ്കിത മാര്‍ക്കറ്റിംഗ് കാര്യങ്ങളില്‍ വ്യാപൃതയായി.

വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ രാജസ്ഥാനില്‍ മാതൃത്വ ഡയറി പ്രൊഡക്ട്‌സ് പ്രശസ്തി നേടി. പാലിന് പുറമെ നെയ്യ്, വെണ്ണ, തൈര്, പനീര്‍ തുടങ്ങിയ മൂല്യവര്‍ധിത വസ്തുക്കളും അങ്കിത വിപണിയില്‍ എത്തിച്ചു. തുടക്കത്തില്‍ അങ്കിതയും ലോകേഷും മാത്രമായിരുന്നു ഫാമിലെ പ്രധാന ചുമതലയുള്ളവര്‍. മാര്‍ക്കറ്റിംഗ് മുതല്‍ കറവ വരെ ഇരുവരും ചേര്‍ന്നാണ് നടത്തിയിരുന്നത്. എന്നാല്‍ പ്രവര്‍ത്തനം തുടങ്ങി ഏകദേശം ആറ് മാസം ആയപ്പോഴേക്കും മികച്ച ഫലം ലഭിച്ചു തുടങ്ങി. അങ്കിതയുടെ പാല്‍ക്കച്ചവടം കുട്ടിക്കളിയല്ല എന്ന് പിതാവിന് അതോടെ മനസിലായി. സാവധാനം അദ്ദേഹവും ഈ രംഗത്തേക്ക് എത്തി. പിന്നീട് ആറ് തൊഴിലാളികളെ നിയമിച്ചു. നിലവില്‍ 11 അംഗ സംഘത്തിന് കീഴിലാണ് ഫാം പ്രവര്‍ത്തിക്കുന്നത്.

ഫാമില്‍ ഉല്‍പ്പാദിപ്പിക്കുന്ന വിഭവങ്ങള്‍ക്ക് എല്ലാം തന്നെ നല്ല വില്‍പ്പനയുണ്ട് പോഷകസമ്പുഷ്ടമായ പാല്‍ ചോദിച്ച് നിരവധിപ്പേരാണ് എത്തുന്നത്. തന്റെ ബിസിനസിനെ അതുകൊണ്ട് തന്നെ അടുത്തഘട്ടത്തിലേക്ക് കൊ?് പോകാനുള്ള സമയമായി എന്ന് അങ്കിത വിശ്വസിക്കുന്നു. ബാങ്കില്‍ നിന്നും ലോണെടുത്ത് 25 പശുക്കളെക്കൂടി വാങ്ങാനുള്ള ശ്രമത്തിലാണ് അങ്കിത. സകല ചെലവും കഴിച്ച് ഒരു ലക്ഷം രൂപക്ക് മുകളില്‍ വരുമാനം നേടാന്‍ ഇവര്‍ക്ക് സാധിക്കുന്നുണ്ട്. പാല്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവ ഓണ്‍ലൈന്‍ വിപണിയിലൂടെ ലഭ്യമാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് അങ്കിത. വൈറ്റ് കോളര്‍ ജോലിക്ക് പിന്നാലെ മാത്രമായി പായാതെ ഇത്തരത്തില്‍ വ്യത്യസ്തമായി ചിന്തിക്കുന്നവരെയാണ് നമുക്കാവശ്യമെന്ന് അങ്കിതയുടെ വിജയം തെളിയിക്കുന്നു.

Comments

comments

Categories: FK Special