കയ്യടിക്കേണ്ട എല്‍പിജി പദ്ധതി

കയ്യടിക്കേണ്ട എല്‍പിജി പദ്ധതി

വീടുകളിലെ പാചകത്തിന് എല്‍പിജി ഉപയോഗം വ്യാപകമാക്കിയതിന് വഴിവെച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പദ്ധതിക്ക് സാമ്പത്തികമായും സാമൂഹികമായുള്ള മാനങ്ങളുണ്ട്.

ന്ത്യന്‍ കുടുംബങ്ങളിലെ പാചകത്തിന് പ്രാഥമിക ഇന്ധനമെന്ന നിലയില്‍ എല്‍പിജി ഉപയോഗപ്പെടുത്തുന്നത് വ്യാപകമായിത്തീരുന്നത് രാജ്യത്തിന്റെ വികസന ചരിത്രത്തിലെ സുപ്രധാന ഏടായി മാറുമെന്നത് തീര്‍ച്ചയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയപരമായും സാമ്പത്തികപരമായും വലിയ നേട്ടമായി ഉയര്‍ത്തിക്കാണിക്കാന്‍ സാധിക്കുന്ന പദ്ധതിയാണിത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം പൊതുമേഖല എണ്ണ വിപണന കമ്പനികള്‍ക്ക് രാജ്യത്തെ 90 ശതമാനം കുടുംബങ്ങളിലേക്കും ശുദ്ധമായ ഇന്ധനം എത്തിക്കാന്‍ സാധിച്ചതയാണ് അവകാശവാദം. മൊത്തമുള്ള എല്‍പിജി കണക്ഷനുകളില്‍ 22.9 കോടിയും സബ്‌സിഡി പ്രകാരമുള്ളതാണ്. ഡബിള്‍ സിലിണ്ടര്‍ കണക്ഷനുകള്‍ 11.9 കോടിയോളം വരും.

നിലവില്‍ രാജ്യത്തുള്ളത് 25 കോടി എല്‍പിജി കണക്ഷനുകളാണ്. നഗരമേഖലകളില്‍ 13.6 കോടിയും ഗ്രാമീണ മേഖലകളില്‍ 11.3 കോടിയും. ഇത്ര വലിയ മാറ്റം രാജ്യത്തുണ്ടാകാന്‍ പ്രധാന കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ച ഉജ്വല സബ്‌സിഡി പദ്ധതിയാണ്. രാജ്യത്തെമ്പാടും പുകരഹിത ഗ്രാമങ്ങള്‍ സൃഷ്ടിക്കുകയെന്ന പ്രധാനമന്ത്രിയുടെ വലിയ സ്വപ്നത്തിന് അനുസൃതമായാണ് ഈ പദ്ധതി വിഭാവനം ചെയ്തത്.

എല്‍പിജി കണക്ഷന്‍ ഇല്ലാതെ പാചകത്തിനായി വിറകിനെയും കല്‍ക്കരിയെയും ആശ്രയിക്കുന്ന വലിയൊരു വിഭാഗം ജനതയെ ശുദ്ധമായ ഇന്ധന സംവിധാനങ്ങളിലേക്ക് നയിക്കുകയായിരുന്നു ഈ പദ്ധതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിട്ടത്. അടുപ്പ് കത്തിക്കുമ്പോഴുണ്ടാകുന്ന പുക മാരകമായ ശ്വാസകോശ രോഗങ്ങളാണ് സ്ത്രീകളിലും കുട്ടികളിലും ഉണ്ടാക്കുന്നത്. ഈ പുക ശ്വസിക്കുന്നത് മണിക്കൂറില്‍ 400 സിഗററ്റുകള്‍ പുകയ്ക്കുന്നതിന് തുല്യമാണെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയത്. ഇവയ്ക്ക് ഒരു പരിഹാരം എന്ന നിലയ്ക്കാണ് കേന്ദ്രസര്‍ക്കാര്‍ ഊജ്വല പദ്ധതി മുന്നോട്ടുവെച്ചത്. സ്ത്രീ ശാക്തീകരണമെന്ന ലക്ഷ്യത്തോടെ കുടുംബങ്ങളിലെ സ്ത്രീകളുടെ പേരിലാണ് പദ്ധതി വഴി ഗ്യാസ് കണക്ഷന്‍ ലഭ്യമാക്കുന്നുവെന്നതും പദ്ധതിയുടെ സവിശേഷതയായിരുന്നു. സ്ത്രീകള്‍ക്ക് അന്തസ്സ് എന്നതായിരുന്നു ഈ പദ്ധതിയുടെ മൂലമന്ത്രം തന്നെ.

19 ശതമാനം കുടുംബിനികള്‍ പാചകത്തിനായി പൂര്‍ണ്ണമായും എല്‍പിജി സിലിണ്ടര്‍ ഉപയോഗിക്കുന്നുവെന്ന് അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനറിപ്പോര്‍ട്ടിലും വ്യക്തമാക്കിയിരുന്നു. വികസന അളവുകോലില്‍ പുതിയ മാതൃക തീര്‍ക്കാന്‍ സാധിക്കുന്ന ഇത്തരം പദ്ധതികളാണ് രാജ്യത്തെ സാധാരണ ജനങ്ങളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കുന്നത്.

Comments

comments

Categories: Editorial, Slider
Tags: LPG