ജാഗ്വാര്‍ എക്‌സ്‌ജെ50 അവതരിപ്പിച്ചു

ജാഗ്വാര്‍ എക്‌സ്‌ജെ50 അവതരിപ്പിച്ചു

ഡെല്‍ഹി എക്‌സ് ഷോറൂം വില 1.11 കോടി രൂപ

ന്യൂഡെല്‍ഹി : ജാഗ്വാറിന്റെ ഫ്‌ളാഗ്ഷിപ്പ് കാറായ എക്‌സ്‌ജെയുടെ പുതിയ വേരിയന്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. എക്‌സ്‌ജെ50 എന്ന വേരിയന്റിന് 1.11 കോടി രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. എക്‌സ്‌ജെ മോഡലിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി നിര്‍മ്മിച്ചതാണ് ജാഗ്വാര്‍ എക്‌സ്‌ജെ50. ഫ്യൂജി വൈറ്റ്, സാന്‍ഡോരിനി ബ്ലാക്ക്, ല്വാ ബ്ലൂ, റോസല്ലോ റെഡ് എന്നിവയാണ് നാല് പുതിയ കളര്‍ ഓപ്ഷനുകള്‍.

സ്റ്റാന്‍ഡേഡ് മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ പുതിയ വേരിയന്റില്‍ നിരവധി മാറ്റങ്ങള്‍ കാണാം. ടോപ് സ്‌പെക് ‘ഓട്ടോബയോഗ്രഫി’ വേരിയന്റില്‍ പ്രത്യേക ഫ്രണ്ട്, റിയര്‍ ബംപറുകള്‍ നല്‍കിയിരിക്കുന്നു. പ്രത്യേക 19 ഇഞ്ച് വീലുകളാണ് മറ്റൊരു സവിശേഷത. ചുറ്റിലും ക്രോം സഹിതം പുതിയ ക്രോം റേഡിയേറ്റര്‍ ഗ്രില്‍ ലഭിച്ചു. കാറിനകത്ത് പുതിയ സോഫ്റ്റ് ഗ്രെയ്ന്‍ ഡയമണ്ട് ക്വില്‍റ്റഡ് സീറ്റുകളാണ് നല്‍കിയിരിക്കുന്നത്. ബ്രൈറ്റ് മെറ്റല്‍ പെഡലുകള്‍, ആനോഡൈസ് ചെയ്ത ഗിയര്‍ ഷിഫ്റ്റര്‍ എന്നിവയാണ് ഇന്റീരിയറിലെ മറ്റ് പരിഷ്‌കാരങ്ങള്‍.

സ്റ്റാന്‍ഡേഡ് മോഡല്‍ ഉപയോഗിക്കുന്ന അതേ 3.0 ലിറ്റര്‍ ഡീസല്‍ മോട്ടോറാണ് ജാഗ്വാര്‍ എക്‌സ്‌ജെ50 വേരിയന്റിന് നല്‍കിയിരിക്കുന്നത്. ഈ എന്‍ജിന്‍ 300 ബിഎച്ച്പി കരുത്തും 700 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് പിന്‍ ചക്രങ്ങളിലേക്ക് കരുത്ത് എത്തിക്കുന്നത്. മെഴ്‌സീഡീസ് ബെന്‍സ് എസ് ക്ലാസ്, ബിഎംഡബ്ല്യു 7 സീരീസ്, ഔഡി എ8, ലെക്‌സസ് എല്‍എസ്500 തുടങ്ങിയവയുമായി ഫ്‌ളാഗ്ഷിപ്പ് സെഡാന്‍ വിപണിയില്‍ മല്‍സരിക്കും.

ലോകത്തെ ഏറ്റവും സ്‌റ്റൈലിഷ് സ്‌പോര്‍ട്ടിംഗ് സലൂണുകളിലൊന്നിന് നല്‍കുന്ന ആദരമാണ് പുതിയ ജാഗ്വാര്‍ എക്‌സ്‌ജെ50 വേരിയന്റ് എന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ പ്രസിഡന്റും മാനേജിംഗ് ഡയറക്റ്ററുമായ രോഹിത് സൂരി പറഞ്ഞു.

Comments

comments

Categories: Auto
Tags: Jaguar