എണ്ണ കയറ്റുമതി തടഞ്ഞാല്‍ ഗള്‍ഫിലെ കയറ്റുമതിയും അതോടെ അവസാനിക്കുമെന്ന് ഇറാന്‍

എണ്ണ കയറ്റുമതി തടഞ്ഞാല്‍ ഗള്‍ഫിലെ കയറ്റുമതിയും അതോടെ അവസാനിക്കുമെന്ന് ഇറാന്‍

ഇറാന് വിദേശ രാജ്യങ്ങളുമായുള്ള സാമ്പത്തിക ബന്ധം തകര്‍ക്കാനുള്ള ഉദ്യമത്തില്‍ അമേരിക്ക വിജയിക്കില്ലെന്ന് പ്രസിഡന്റ് റൂഹാനി; ഇറാന്റെ എണ്ണക്കയറ്റുമതി ഒരു തരത്തിലും തടയാന്‍ അമേരിക്കക്ക് സാധിക്കില്ലെന്നും വെല്ലുവിളി

ടെഹ്‌റാന്‍: അമേരിക്കന്‍ സാമ്പത്തിക ഉപരോധത്തിനും എണ്ണ കയറ്റുമതി നിയന്ത്രണത്തിനും എതിരെ കടുത്ത മുന്നറിയിപ്പുമായി ഇറാന്‍. ഇറാന്റെ എണ്ണ കയറ്റുമതി അമേരിക്ക തടയുകയാണെങ്കില്‍ പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലെ എണ്ണ വ്യാപാരം പൂര്‍ണമായും അവസാനിക്കുമെന്ന് പ്രസിഡന്റ് ഹസര്‍ റൂഹാനി മുന്നറിയിപ്പ് നല്‍കി. ഇറാന്റെ എണ്ണക്കയറ്റുമതി ഒരു തരത്തിലും തടയാന്‍ അമേരിക്കക്ക് സാധിക്കില്ലെന്നും വടക്കന്‍ ഇറാന്‍ നഗരമായ ഷഹ്‌റോദിലെ സന്ദര്‍ശനത്തിനിടെ ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പ്രസിഡന്റ് വ്യക്തമാക്കി. ‘ഞങ്ങള്‍ എണ്ണ വില്‍ക്കുന്നുണ്ടെന്നും എണ്ണക്കച്ചവടം തുടരുമെന്നും അമേരിക്ക മനസിലാക്കണം. ഞങ്ങളുടെ എണ്ണ കയറ്റുമതി തടയാന്‍ അവര്‍ക്ക് ആവില്ല. ഇറാന്റെ എണ്ണ കയറ്റുമതി തടയാന്‍ അവര്‍ക്ക് ഒരു ദിവസം സാധിച്ചാല്‍, തുടര്‍ന്ന് പേര്‍ഷ്യന്‍ ഗള്‍ഫില്‍ നിന്ന് എണ്ണ കയറ്റുമതിയേ നടക്കില്ല,’ റൂഹാനി വ്യക്തമാക്കി.

ഇറാന് മറ്റ് വിദേശ രാജ്യങ്ങളുമായുള്ള സാമ്പത്തിക ബന്ധം തകര്‍ക്കാനുള്ള ഉദ്യമത്തില്‍ അമേരിക്ക വിജയിക്കില്ലെന്നും റൂഹാനി പ്രതികരിച്ചു. രാജ്യത്തെ സാമ്പത്തിക സാഹചര്യം വഷളായെന്നത് മാധ്യമങ്ങളുടെ പ്രചാരണം മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘നമ്മെ ഭയപ്പെടുത്തുന്ന രീതിയില്‍ വിലക്കയറ്റമോ തൊഴിലില്ലായ്മയോ സംജാതമായിട്ടില്ല. മാധ്യമങ്ങളിലൂടെ ഇത്തരം വാദങ്ങളുന്നയിക്കുന്നത് ആളുകള്‍ നിര്‍ത്തണം,’ റൂഹാനി പറഞ്ഞു.

അമേരിക്കയുടെ ഉപരോധം തങ്ങളുടെ രാജ്യത്തെ പാവപ്പെട്ട ജനങ്ങളെയാണ് ഏറ്റവുമധികം ബാധിക്കുകയെന്നും ഇറാന്‍ ആരോപിച്ചിട്ടുണ്ട്. ഇറാന്‍ ഉപ രാഷ്ട്രപതി ഇസ്ഹാക്ക് ജഹാംഗിരിയാണ് ഇത്തരമൊരു ആരോപണവുമായി രംഗത്ത് വന്നത്. ‘ഇറാനിലെ സര്‍ക്കാരാണ് തങ്ങളുടെ ലക്ഷ്യമെന്നും പ്രായമേറിയവരും രോഗികളും പാവപ്പെട്ടവരുമായ ജനങ്ങളുടെ മേല്‍ സമ്മര്‍ദ്ദം ഉണ്ടാവില്ലെന്നുമാണ് അമേരിക്ക പറയുന്നത്. എന്നാല്‍ ഇത് കളവാണ്,’ ഔദ്യോഗിക മാധ്യമമായ ഇസ്ലാമിക് റിപ്പബ്‌ളിക് ന്യൂസ് ഏജന്‍സിയോട് ജഹാംഗീര്‍ പറഞ്ഞു.

പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലൂടെ നടക്കുന്ന എല്ലാ എണ്ണക്കടത്തും തടയുമെന്ന ഭീഷണി തന്നെയാണ് റൂഹാനി നടത്തിയിരിക്കുന്നതെന്നാണ് സൂചന. ഇറാന്റെ എണ്ണക്കയറ്റുമതിക്ക് പൂര്‍ണമായും തടയിടുമെന്ന നിലപാടുമായി അമേരിക്ക മുന്നോട്ടു പോകവെയാണ് ഭീഷണിയെന്ന് വിലയിരുത്താവുന്ന മുന്നറിയിപ്പ് വന്നിരിക്കുന്നത്. മേയ് മാസത്തില്‍ ബഹുരാഷ്ട്ര ആണവ ഉടമ്പടിയില്‍ നിന്ന് പിന്‍മാറിയ ശേഷം ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ഇറാനുമേല്‍ പ്രഖ്യാപിച്ച ഉപരോധമാണ് സ്ഥിതി ഗുരുതരമാക്കിയിരിക്കുന്നത്. പേര്‍ഷ്യന്‍ ഗള്‍ഫിലൂടെയുള്ള വ്യാപാരം തടയുമെന്ന ഭീഷണി 1980 കള്‍ മുതല്‍ ഇറാന്‍ ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ശക്തമായ അന്താരാഷ്ട്ര പ്രത്യാഘാതം ഭയന്ന് ഇതുവരെ ഇത്തരമൊരു നടപടി പരീക്ഷിച്ചിട്ടില്ല. ജൂലൈയിലും മേഖലയിലെ വ്യാപാരം തടസപ്പെടുത്തുമെന്ന് റൂഹാനി ഭീഷണി മുഴക്കിയിരുന്നു. ‘സിംഹത്തിന്റെ വാലില്‍ പിടിച്ചുള്ള കളി യുഎസ് അവസാനിപ്പിക്കുന്നതാണ് നല്ലത്,’ എന്നാണ് ഇറാനിയന്‍ പ്രസിഡന്റ് അന്ന് പറഞ്ഞത്.

മേഖലയെ കൂടുതല്‍ അനിശ്ചിതത്വങ്ങളിലേക്ക് തള്ളിവിടുന്നതാണ് പുതിയ സംഭവവികാസങ്ങളെന്ന് വിലയിരുത്തപ്പെടുന്നു. ഇറാന്റെ ആണവ മിസൈല്‍ പദ്ധതിക്കും മേഖലയിലെ വര്‍ധിക്കുന്ന സ്വാധീനത്തിനും തടയിടാനാണ് സാമ്പത്തിക ഉപരോധം അമേരിക്ക ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയടക്കം ഇറാനുമായി സജീവ വ്യാപാര ബന്ധം പുലര്‍ത്തുകയും വന്‍ തോതില്‍ എണ്ണ ഇറക്കുമതി നടത്തുകയും ചെയ്യുന്ന രാജ്യങ്ങളെ സ്വാധീനിച്ച് പിന്തിരിപ്പിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമങ്ങള്‍ ലോകമെങ്ങും നടന്നു വരികയാണ്.

Comments

comments

Categories: World