മൂന്ന് ബൈക്കുകള്‍ റീലോഞ്ച് ചെയ്ത് ബെനല്ലി

മൂന്ന് ബൈക്കുകള്‍ റീലോഞ്ച് ചെയ്ത് ബെനല്ലി

ടിഎന്‍ടി 300, 302ആര്‍, ടിഎന്‍ടി 600ഐ മോഡലുകള്‍ പുറത്തിറക്കി. പ്രാരംഭ ഇന്ത്യ എക്‌സ് ഷോറൂം വില യഥാക്രമം 3.50 ലക്ഷം, 3.70 ലക്ഷം, 6.20 ലക്ഷം രൂപ

ന്യൂഡെല്‍ഹി : ഇറ്റാലിയന്‍ ബൈക്ക് നിര്‍മ്മാതാക്കളായ ബെനല്ലി ഇന്ത്യയില്‍ മൂന്ന് മോഡലുകള്‍ റീലോഞ്ച് ചെയ്തു. ബെനല്ലി ടിഎന്‍ടി 300, ബെനല്ലി 302ആര്‍, ബെനല്ലി ടിഎന്‍ടി 600ഐ മോഡലുകളാണ് ഒരിക്കല്‍ക്കൂടി ഇന്ത്യന്‍ വിപണിയിലെത്തിയത്. യഥാക്രമം 3.50 ലക്ഷം, 3.70 ലക്ഷം, 6.20 ലക്ഷം രൂപയാണ് മോട്ടോര്‍സൈക്കിളുകളുടെ പ്രാരംഭ ഇന്ത്യ എക്‌സ് ഷോറൂം വില. ഇന്ത്യയിലെ 15 ഡീലര്‍ഷിപ്പുകളിലും മോട്ടോര്‍സൈക്കിളുകളുടെ ബുക്കിംഗ് ആരംഭിച്ചു. 10,000 രൂപയാണ് ബുക്കിംഗ് തുക. ഉല്‍പ്പാദനവും ഡീലര്‍ഷിപ്പുകളിലേക്ക് അയയ്ക്കുന്നതും ഈയാഴ്ച്ച ആരംഭിക്കും. ഈ മാസം പതിനഞ്ചിനുശേഷം ഡീലര്‍ഷിപ്പുകളില്‍ വിതരണം ആരംഭിക്കും.

 

 

ഹൈദരാബാദ് ആസ്ഥാനമായ മഹാവീര്‍ ഗ്രൂപ്പിന് കീഴിലെ ആദീശ്വര്‍ ഓട്ടോ റൈഡാണ് ഇന്ത്യയില്‍ ഇനി ബെനല്ലി ബൈക്കുകള്‍ വിതരണം ചെയ്യുന്നത്. ഈയിടെ പുണെ ആസ്ഥാനമായ ഡിഎസ്‌കെ ഗ്രൂപ്പില്‍നിന്നാണ് ബെനല്ലി ബൈക്കുകളുടെ വില്‍പ്പനയും വിതരണവും സര്‍വീസും മഹാവീര്‍ ഗ്രൂപ്പ് ഏറ്റെടുത്തത്. 2019 മാര്‍ച്ച് മാസത്തോടെ ഇന്ത്യയിലെ ഡീലര്‍ഷിപ്പുകളുടെ എണ്ണം 40 ആയി വര്‍ധിപ്പിക്കാനാണ് മഹാവീര്‍ ബെനല്ലി സഖ്യത്തിന്റെ തീരുമാനം.

മൂന്ന് മോട്ടോര്‍സൈക്കിളുകള്‍ക്കും അഞ്ച് വര്‍ഷ, അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ വാറന്റി മഹാവീര്‍ ബെനല്ലി ഓഫര്‍ ചെയ്യുന്നു. കൂടാതെ ഓരോ മോട്ടോര്‍സൈക്കിളിന്റെയും സര്‍വീസ് ഇടവേളകള്‍ ദീര്‍ഘിപ്പിച്ചു. 4,000 കിമീ/നാല് മാസത്തില്‍നിന്ന് 6,000 കിമീ/ആറ് മാസമായാണ് നീട്ടിയത്. സര്‍വീസ് ചെലവുകള്‍ 34 ശതമാനം വരെ കുറയ്ക്കാന്‍ ഇത് സഹായിക്കുമെന്ന് ബെനല്ലി ഇന്ത്യ അറിയിച്ചു.

 

ടിഎന്‍ടി 25 നിര്‍ത്തിയതോടെ ടിഎന്‍ടി 300 മോട്ടോര്‍സൈക്കിളാണ് ഇന്ത്യയില്‍ ബെനല്ലിയുടെ ഇപ്പോഴത്തെ എന്‍ട്രി ലെവല്‍ മോഡല്‍. 300 സിസി, ട്വിന്‍ സിലിണ്ടര്‍ എന്‍ജിനാണ് മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 11,500 ആര്‍പിഎമ്മില്‍ 37 ബിഎച്ച്പി കരുത്തും 10,000 ആര്‍പിഎമ്മില്‍ 26.5 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. മുന്നില്‍ യുഎസ്ഡി ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കും സസ്‌പെന്‍ഷന്‍ നിര്‍വ്വഹിക്കുന്നു. ട്വിന്‍ പിസ്റ്റണ്‍ കാലിപറുകള്‍ സഹിതം 260 എംഎം ഡിസ്‌ക് മുന്‍ ചക്രത്തിലും സിംഗിള്‍ ഡിസ്‌ക് പിന്‍ ചക്രത്തിലും ബ്രേക്കിംഗിന് സഹായിക്കും. ഡുവല്‍ ചാനല്‍ എബിഎസ് നല്‍കിയിരിക്കുന്നു. 196 കിലോഗ്രാമാണ് ബൈക്കിന്റെ ഭാരം.

ടിഎന്‍ടി 300 അടിസ്ഥാനമാക്കി നിര്‍മ്മിച്ച ഫുള്ളി ഫെയേര്‍ഡ് മോട്ടോര്‍സൈക്കിളാണ് ബെനല്ലി 302ആര്‍. അണ്ടര്‍പിന്നിംഗ്‌സ് അതുതന്നെ. എന്നാല്‍ 11,500 ആര്‍പിഎമ്മില്‍ 38 ബിഎച്ച്പി കരുത്ത് ലഭിക്കുംവിധം എന്‍ജിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. ലഭിക്കുന്ന പരമാവധി ടോര്‍ക്കില്‍ മാറ്റമില്ല. നേരത്തെ വിപണിയിലെത്തിച്ച സമയത്ത് ഏറ്റവുമധികം വിറ്റുപോയതും ജനപ്രീതി നേടിയതുമായ ബെനല്ലി മോഡലായിരുന്നു ടിഎന്‍ടി 600ഐ. 600 സിസി, ഇന്‍-ലൈന്‍ 4 സിലിണ്ടര്‍ എന്‍ജിന്‍ 85 ബിഎച്ച്പി കരുത്തും 54.6 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.

ടൂറര്‍ മോഡലായ ടിആര്‍കെ 502, അഡ്വഞ്ചര്‍ മോഡലായ ടിആര്‍കെ 502എക്‌സ് എന്നിവയാണ് ഇന്ത്യയിലെ അടുത്ത ലോഞ്ചുകളെന്ന് ബെനല്ലി ഇന്ത്യ അറിയിച്ചു. 2019 ആദ്യ പാദത്തില്‍ ഈ മോട്ടോര്‍സൈക്കിളുകള്‍ അവതരിപ്പിക്കും. ടിആര്‍കെ മോഡലുകള്‍ പുറത്തിറക്കുന്നതോടെ ഇന്ത്യയിലെ മിഡ് കപ്പാസിറ്റി അഡ്വഞ്ചര്‍ സെഗ്‌മെന്റില്‍ ബെനല്ലി പ്രവേശിക്കും.

 

Comments

comments

Categories: Auto
Tags: Benelli