സിനിമയ്ക്കുമപ്പുറം; ഇതാ അനുഷ്‌ക ശര്‍മ്മയെന്ന സംരംഭക

സിനിമയ്ക്കുമപ്പുറം; ഇതാ അനുഷ്‌ക ശര്‍മ്മയെന്ന സംരംഭക

ക്ലീന്‍ സ്‌ളേറ്റ് ഫിലിംസ് എന്ന പ്രൊഡക്ഷന്‍ കമ്പനിയ്ക്ക് കീഴില്‍ ഒരുക്കിയ മൂന്ന് സിനിമകളുടെ അമ്പരപ്പിക്കുന്ന വിജയം 2018ലെ ഫോര്‍ച്യൂണ്‍ മാസികയുടെ ഇന്ത്യയിലെ ഏറ്റവും ശക്തരായ വനിത ബിസിനസുകാരുടെ പട്ടികയില്‍ 26ാം സ്ഥാനത്തെത്തിച്ചിരിക്കുകയാണ് അനുഷ്‌കയെ

വിസ്മയപ്പെടുത്തുന്ന അഭിനയത്തിലൂടെ കാണികളെ ത്രസിപ്പിച്ച് കോടിക്കണക്കിന് ആരാധകരുടെ മനസിനുള്ളില്‍ കയറിപ്പറ്റി ആ താരമൂല്യം ബ്രാന്‍ഡ് ചെയ്ത് കറന്‍സിയാക്കി മാറ്റുക എന്നത് സിനിമതാരങ്ങള്‍ക്കിടയില്‍ പുതുമയുള്ള കാര്യമല്ല. അഭിനയജീവിതത്തില്‍ പക്വത നേടുമ്പോള്‍ കൈവരുന്ന ഒരു ബിസിനസ് തന്ത്രമാണത്. എന്നാല്‍ കരിയറിന്റെ ആദ്യദശയില്‍ തന്നെ അത്തരമൊരു സാഹസത്തിന് മുതിരുന്നവര്‍ വളരെ ചുരുക്കമാണ്.

ഉപഭോക്തൃ ഉല്‍പ്പന്നമെന്ന രീതിയില്‍ ഒരു സിനിമ എങ്ങനെ വിതരണം ചെയ്യപ്പെടുന്നുവെന്നും മാര്‍ക്കറ്റ് ചെയ്യപ്പെടുന്നുവെന്നും മനസിലാക്കി അത് ബിസിനസാക്കി മാറ്റാന്‍ സാധിക്കുകയെന്നാല്‍ ചില്ലറ കാര്യമല്ല. അതാണ് 25ാം വയസില്‍ അനുഷ്‌ക ശര്‍മ്മയെന്ന ബോളിവുഡ് സൂപ്പര്‍താരം തെളിയിച്ചത്. അഭിനയം, ബ്രാന്‍ഡ് മൂല്യം, പ്രൊഡക്ഷന്‍ കമ്പനി, ഫാഷന്‍ ഐക്കണ്‍ തുടങ്ങി അനുഷ്‌കയുടെ ജീവിതം ഇത് വരെ സാക്ഷ്യം വഹിച്ച വിജയങ്ങളിലെല്ലാം ഒരു ബിസിനസ് വ്യക്തിത്വത്തിന്റെ നിഴല്‍ പതിഞ്ഞുകിടക്കുന്നു.

2018ല്‍ ഹിന്ദി സിനിമരംഗത്ത് പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയ 30കാരിയായ അനുഷ്‌ക തന്റെ സിനിമപ്രവേശത്തെ തികച്ചും അവിചാരിതമായി സംഭവിച്ച ഒന്ന് എന്നാണ് അടയാളപ്പെടുത്തുന്നത്. പികെ, സുല്‍ത്താന്‍ തുടങ്ങിയ സിനിമകളില്‍ അസാമാന്യ അഭിനയം കാഴ്ചവെച്ച അനുഷ്‌ക താന്‍ ഒരിക്കലും ഒരു നടിയാകണെന്ന് കരുതിയിരുന്നില്ലെന്നും അതേസമയം സിനിമ നിര്‍മ്മിക്കുക മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്നും വ്യക്തമാക്കുന്നു. എന്നാല്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ കാലഘട്ടത്തിലെ സൂപ്പര്‍താരമായി ഉയരുകയും അസാധാരണകഥകള്‍ പറയുന്ന സിനിമകളുടെ നിര്‍മ്മാതാവായി മാറുകയും ചെയ്യുക എന്നതായിരുന്നു കാലം അനുഷ്‌കയ്ക്കായി ഒരുക്കിവെച്ച നിയോഗം.

ക്ലീന്‍ സ്‌ളേറ്റ് ഫിലിംസ് എന്ന പ്രൊഡക്ഷന്‍ കമ്പനിയ്ക്ക് കീഴില്‍ ഒരുക്കിയ മൂന്ന് സിനിമകളുടെ അമ്പരപ്പിക്കുന്ന വിജയം 2018ലെ ഫോര്‍ച്യൂണ്‍ മാസികയുടെ ഇന്ത്യയിലെ ഏറ്റവും ശക്തരായ വനിത ബിസിനസുകാരുടെ പട്ടികയില്‍ 26ാം സ്ഥാനത്തെത്തിച്ചിരിക്കുകയാണ് അനുഷ്‌കയെ. അഭിനയമേഖലയില്‍ ഇതിനോടകം തന്നെ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച അനുഷ്‌കയിലെ ബിസിനസുകാരിക്ക് ലഭിച്ച അംഗീകാരമാണ് ഫോര്‍ച്യൂണ്‍ മാസികയിലെ ബിസിനസ് വ്യക്തിത്വമെന്ന വിശേഷണം.

പറഞ്ഞുപതിഞ്ഞ കഥകളുടെ പിറകെയായിരുന്നില്ല അനുഷ്‌കയെന്ന നിര്‍മ്മാതാവിന്റെ യാത്ര. അസാധാരണ ജീവിതകഥകളായിരുന്നു ക്ലീന്‍ സ്ലേറ്റ് ഫിലിംസ് പറഞ്ഞത്. അതുതന്നെയാണ് അനുഷ്‌കയെ വ്യത്യസ്തയാക്കുന്നതും. ഒരു അഭിനേതാവെന്ന നിലയില്‍ വ്യത്യസ്തമായ വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങളായിരിക്കും നിങ്ങള്‍ ആഗ്രഹിക്കുക . പക്ഷേ ആഗ്രഹിക്കുന്ന കഥാപാത്രങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കണമെന്നില്ല. അവിടെ നിന്നാണ് ശരിക്കും ഞാന്‍ തുടങ്ങിയത്. 2014ല്‍ സഹോദരന്‍ കര്‍നേഷ് ശര്‍മ്മയോടൊപ്പം ആരംഭിച്ച ക്ലീന്‍ സ്ലേറ്റ് പ്രൊഡക്ഷന്‍ കമ്പനിയുടെ പിറവിയെ കുറിച്ച് അനുഷ്‌ക പറയുന്നു. എന്തുകൊണ്ടാണ് വ്യത്യസ്തമായ സിനിമകള്‍ നിര്‍മ്മിക്കാത്തതെന്ന് തിരക്കഥാകൃത്തുക്കളും സംവിധാകരുമായ സുഹൃത്തുക്കളോട് ഞാന്‍ ചോദിക്കാറുണ്ട്. പിന്നീടാണ് അത്തരം കഥകളുമായി മുന്നോട്ടുപോയി അവ യാഥാര്‍ത്ഥ്യമാകാന്‍ എന്തുകൊണ്ട് ശ്രമിച്ചുകൂടായെന്ന് ഞാന്‍ ചിന്തിക്കുന്നത്.

അഭിനയമേഖലയില്‍ പ്രാരംഭമെന്ന് പറയാവുന്ന 25ാം വയസിലാണ് ചുറ്റുമുള്ളവരുടെ താക്കീതുകള്‍ക്കൊന്നും ചെവികൊടുക്കാതെ സിനിമ നിര്‍മ്മിക്കാന്‍ തീരുമാനമെടുക്കുന്നത്. കരിയര്‍ ഏറെദൂരം പിന്നിട്ട് അവസരങ്ങള്‍ കുറയുന്ന കാലഘട്ടത്തില്‍ വേണം നിര്‍മ്മാണം പോലുള്ള അഭിനയത്തിന് അപ്പുറത്തുള്ള സിനിമമേഖലയിലേക്ക് നടിമാര്‍ കടക്കാന്‍ എന്നതായിരുന്നു ലഭിച്ച പ്രധാന ഉപദേശം. എന്നാല്‍ അതിലെ ബിസിനസ് യുക്തി തനിക്ക് മനസിലായില്ല. പ്രേക്ഷകര്‍ തന്നെ കാണാന്‍ ആഗ്രഹിക്കുന്ന സമയമല്ലേ താന്‍ ശരിക്കും ഉപയോഗപ്പെടുത്തേണ്ടത് എന്നായിരുന്നു അനുഷ്‌കയുടെ ചോദ്യം.

സിനിമമേഖലയില്‍ എന്തൊക്കെ വിലപോകും പോകില്ല തുടങ്ങിയ മുന്‍വിധികള്‍ക്കപ്പുറത്തായിരുന്നു സിനിമപശ്ചാത്തലമില്ലാത്ത ഒരു കുടുംബത്തില്‍ നിന്നെത്തിയ തന്റെയും സഹോദരന്റെയും കാഴ്ചപ്പാട്. ആ കാഴ്ചപ്പാടായിരുന്നു സ്ഥിരം ഫോര്‍മുലയ്ക്കപ്പുറത്തുള്ള തിരക്കഥകള്‍ തെരഞ്ഞെടുക്കാന്‍ തങ്ങള്‍ക്ക് ശക്തി നല്‍കിയതെന്ന് അനുഷ്‌ക പറയുന്നു. ഈ വ്യത്യസ്തത തന്നെയായിരിക്കാം ക്ലീന്‍ സ്ലേറ്റ് കമ്പനി സിനിമകളുടെ വിജയരഹസ്യം.

2015ല്‍ റിലീസ് ചെയ്ത എന്‍എച്ച് 10 ആയിരുന്നു ക്ലീന്‍സ്ലേറ്റ് കമ്പനിയുടെ ആദ്യസിനിമ. ഇന്ത്യയില്‍ നിലനില്‍ക്കുന്ന ലിംഗ അസമത്വവും പുരഷാധിപത്യവുമായിരുന്നു സിനിമയുടെ ഇതിവൃത്തം. 15 കോടിയായിരുന്നു സിനിമയുടെ മുതല്‍മുടക്ക് .ആഗോളബോക്‌സ് ഓഫീസ് കളക്ഷനില്‍ 44 കോടിയാണ് സിനിമ നേടിയത്. മുടക്കിയ മുതലിനേക്കാള്‍ 194 ശതമാനം ലാഭം(ആര്‍ഒഐ) തിരികെലഭിച്ചു. ബോളിവുഡ് ന്യൂസിലും ഡാറ്റ വെബ്‌സൈറ്റായ കോയ്‌മോയിലും ആ വര്‍ഷത്തെ ലാഭകരമായ സിനിമകളുടെ പട്ടികയില്‍ 5ാം സ്ഥാനത്തെത്താനായതും എന്‍എച്ച്10ന്റെ വിജയമാണ്. പിന്നീട് ഇറങ്ങിയ പ്രേതസിനിമയായ ഫില്ലൗരിയും അതിനുശേഷം വന്ന പാരിയും യഥാക്രമം 189, 141 ശതമാനം ആര്‍ഒഐ നേടി ബോക്‌സ്ഓഫീസ് വിജയം ആവര്‍ത്തിച്ചു.

ഇന്റെര്‍നെറ്റിന്റെ വ്യാപനത്തോടെ ആളുകള്‍ വിവിധതരം കഥകള്‍ കേള്‍ക്കാനും അവര്‍ക്ക് അവയിലുള്ള ഗ്രാഹ്യം വര്‍ധിക്കാനും തുടങ്ങി. അതുകൊണ്ടായിരിക്കാം പ്രേക്ഷകര്‍ ഇത്തരം സിനിമകള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചത്.

നൂറുകോടി ക്ലബ്ബില്‍ ഇടം നേടാത്ത ഒട്ടനവധി കുറഞ്ഞ ബഡ്ജറ്റിലൊരുക്കിയ സിനിമകളും ക്ലീന്‍ സ്റ്റേറ്റ് നിര്‍മ്മിച്ചിട്ടുണ്ട്. എന്നാല്‍ ഇവയെല്ലാം മുടക്കിയ മുതലിനേക്കാള്‍ വളരെ മികച്ച ലാഭം കൊയ്ത സിനിമകളാണ്. ക്ലബ്ബുകളിലിടം നേടുന്നതിനേക്കാള്‍ താന്‍ പ്രാധാന്യം നല്‍കുന്നത് ലാഭമുണ്ടാക്കുന്നതിനാണെന്ന് അനുഷ്‌ക പറയുന്നു. പ്രതീക്ഷിക്കപ്പെടു തന്‍മയത്വത്തോടെ തന്നെ സിനിമ അവതരിപ്പിക്കാന്‍ കഴിയുക, സാറ്റലൈറ്റ്, ഡിജിറ്റല്‍ പകര്‍പ്പവകാശങ്ങളില്‍ നഷ്ടം വരാതിരിക്കുക തുടങ്ങിയ കാര്യങ്ങളാണ് സിനിമനിര്‍മ്മാണത്തിലെ പ്രധാനകാര്യങ്ങളായി അനുഷ്‌ക കരുതുന്നത്.

സിനിമനിര്‍മ്മാണത്തില്‍ സാമ്പ്രദായികതയ്ക്ക് പിറകെ പോകാതെയുള്ള അനുഷ്‌കയുടെ സാഹസികത എടുത്തുപറയേണ്ട ഒന്നാണെന്ന് സിനിമ നിരൂപകനും വിമര്‍ശകനുമായ തരണ്‍ ആദര്‍ശ് പറയുന്നു. വ്യത്യസ്തമായ സിനിമകള്‍ നിര്‍മ്മിക്കാനുള്ള ധൈര്യം അവര്‍ക്കുണ്ടായിരുന്നു. സുരക്ഷിതമായ തിരക്കഥകള്‍ തെരഞ്ഞെടുക്കാമായിരുന്നെങ്കില്‍ കൂടിയും തനിക്ക് വിശ്വാസമുള്ള കഥകളുമായി മുന്നോട്ടുപോകാനുള്ള ധൈര്യം അവര്‍ കാണിച്ചു.

അനുഷ്‌കയിലെ ബിസിനസ് വൈഭവം ക്ലീന്‍സ്ലേറ്റില്‍ മാത്രം ഒതുങ്ങുന്നില്ല. 2017 നവംബറില്‍ സ്വന്തം പേരിലെ അക്ഷരങ്ങള്‍ ചേര്‍ത്തുകൊണ്ട് നഷ് എന്ന ബ്രാന്‍ഡ് നെയിമില്‍ വസ്ത്രവിപണന രംഗത്തേക്കും അനുഷ്‌ക ചുവടുവച്ചു. സുദിതി ഇന്‍ഡസ്ട്രീസുമായി പങ്കാളിത്തത്തോടെ ആരംഭിച്ച നഷിലെ തുണിത്തരങ്ങള്‍ ഷോപ്പേഴ്‌സ് സ്റ്റോപ്പ് സ്റ്റോര്‍, മിന്ദ്ര തുടങ്ങിയ സ്‌റ്റോറുകളില്‍ ലഭ്യമാണ്.

സ്വാഭാവികമായ ഒരു വളര്‍ച്ചയുടെ ഭാഗമെന്ന രീതിയിലാണ് വസ്ത്രവിപണനരംഗത്തേക്ക് കടന്നത്. മാത്രമല്ല എന്റെ ബ്രാന്‍ഡിന്റെ വ്യാപതി വര്‍ധിക്കുക എന്ന ലക്ഷ്യം കൂടി അതിനുണ്ടായിരുന്നു. നഷ് ആരംഭിക്കുന്നതിനും മൂന്ന് നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ആശയം മനസിലുണ്ടായിരുന്നെങ്കിലും അനുയോജ്യമായ പങ്കാളിക്കായി കാത്തിരിക്കുകയായിരുന്നുവെന്ന് അനുഷ്‌ക വ്യക്തമാക്കി.

സ്റ്റേന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്ക്, നിവ്യ, കോള്‍ടേഗറ്റ്, പെപ്‌സി, പോളറോയിഡ് തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെ പരസ്യമുഖമായ അനുഷ്‌ക സ്വന്തം ബ്രാന്‍ഡ് തുടങ്ങാന്‍ അനുയോജ്യമായ പങ്കാളിക്കായി നാല് വര്‍ഷം കാത്തിരുന്നു എന്നുപറഞ്ഞാല്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ തന്റെ മുഖവും പ്രശസ്തിയും നല്‍കി മാത്രമല്ല സ്വന്തം ഉടമസ്ഥതയില്‍ ഒരു ബ്രാന്‍ഡ് തുടങ്ങാനാണ് താന്‍ ആഗ്രഹിച്ചതെന്ന് അനുഷ്‌ക വിശദീകരിക്കുന്നു. ഉടമയെന്ന തരത്തില്‍ ഒരു ബ്രാന്‍ഡിന്റെ ഭാഗമാകുമ്പോള്‍ ഉത്തരവാദിത്വവും കൂടുതലാണ്. മാത്രമല്ല അതുമായി ബന്ധപ്പെട്ട എല്ലാ പ്രക്രിയകളിലും പങ്കാളിയാകുകയും വേണം. അഭിനേതാവ്, നിര്‍മ്മാതാവ് എന്നീ റോളുകളിലുള്ള തന്റെ അനുഭവങ്ങളും അറിവും നിഷിന്റെ വിതരണത്തിനും പ്രചാരത്തിനുമായി വിനിയോഗിക്കാറുണ്ടെന്നും അനുഷ്‌ക പറയുന്നു.

നഷ് വസ്ത്രങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതില്‍ അനുഷ്‌ക പങ്കുവഹിക്കാറുണ്ട്. കോമഡി കഥാപാത്രമായ ശുപ്പാണ്ടിയെ ഉള്‍പ്പെടുത്തി ഇറക്കിയ നഷ് ഡിസൈന്‍സ് അനുഷ്‌കയുടെ ആശയമായിരുന്നു. ഇവയ്ക്ക് വിപണിയില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ചില ആളുകള്‍ ആണുങ്ങള്‍ക്കായി ശുപ്പാണ്ടി വസ്ത്രങ്ങള്‍ ഇറക്കുന്നുണ്ടോ എന്നുപോലും എന്നോട് ചോദിച്ചിരുന്നു അനുഷ്‌ക പറയുന്നു.

നഷിന്റെ സാമ്പത്തികവിവരങ്ങള്‍ വെളിപ്പെടുത്താന്‍ അനുഷ്‌ക തയ്യാറായില്ലെങ്കിലും നഷ് വസ്ത്രങ്ങള്‍ വിപണിയില്‍ ഇറങ്ങിയ അന്നേദിവസം തന്നെ മിന്ദ്രയുടെ ഓണ്‍ലൈന്‍ ഫാഷന്‍ പോര്‍ട്ടലില്‍ ഇവ മുഴുവനായും വിറ്റഴിഞ്ഞു എന്നത് നഷിന്റെ വില്‍പ്പനസാധ്യത വിളിച്ചോതുന്നു. അതേസമയം നഷ് ഇനിയും ഏറെദൂരം മുന്നോട്ട് പോകാനുണ്ടെന്ന് ബ്രാന്‍ഡ് കണ്‍സള്‍ട്ടിംഗ് കമ്പനിയായ ടിആര്‍എ റിസര്‍ച്ചിലെ സിഇഒ എന്‍ ചന്ദ്രമൗലി അഭിപ്രായപ്പെടുന്നു.

സിനിമ താരങ്ങള്‍ വസ്ത്രവിപണന രംഗത്തേക്ക് കടക്കുന്നത് പുതിയ കാര്യമല്ല. ഒരു ബ്രാന്‍ഡ് എന്ന നിലയില്‍ നഷ് ഇനിയും വളരേണ്ടിയിരിക്കുന്നു. തന്ത്രപരമായ ആസൂത്രണത്തിലൂടെ നഷിനെ ഇനിയും ഉയരങ്ങളിലെത്തിക്കാം.

തന്റെ ബിസിനസ് സംരഭങ്ങളെ സംബന്ധിച്ച് അനുഷ്‌കയ്ക്ക് വ്യക്തമായ പദ്ധതികളുണ്ട്. ആക്‌സസറീസ് , ഇന്റീരിയര്‍ ഡിസൈന്‍ രംഗങ്ങളിലേക്ക് നഷിന്റെ വ്യാപ്തി വര്‍ധിപ്പിക്കാനും അതേസമയം നെറ്റ്ഫ്‌ളിക്‌സ്,ആമസോണ്‍ പ്രൈം, ഹോട്ട്‌സ്‌റ്റോര്‍ എന്നിവ പോലെ ക്ലീന്‍സ്ലേറ്റിനെ ഡിജിറ്റല്‍ കണ്ടന്റ് മേഖലയിലേക്ക് വ്യാപിപ്പിക്കാനും അനുഷ്‌ക ആലോചിക്കുന്നു.

അഭിനേത്രി എന്ന നിലയില്‍ അനുഷ്‌ക ഇതിനോടകം തന്നെ വളരെ മികച്ച രീതിയില്‍ തന്റെ കരിയര്‍ പടുത്തുയര്‍ത്തി കഴിഞ്ഞിരിക്കുന്നുവെന്ന് ധര്‍മ്മ പ്രൊഡക്ഷന്‍സ് സിഇഒ അപൂര്‍വ്വ മേത്ത പറയുന്നു. കരിയറിന്റെ തുടക്കത്തില്‍ തന്നെ അനുഷ്‌ക വലിയ സിനിമാ നിര്‍മ്മാതാക്കള്‍ക്കൊപ്പം വര്‍ക്ക് ചെയ്തു. സിനിമ നല്ല രീതിയില്‍ ഓടിയോ ഇല്ലയോ എന്നതിലുപരിയായി അഭിനയിച്ച ഒരു സിനിമയില്‍ പോലും അനുഷ്‌കയെ വിമര്‍ശിക്കുന്ന തരത്തിലേക്ക് അഭിനയം താഴ്ന്നില്ല എന്നത് അനുഷ്‌കയെന്ന നടിയുടെ മേന്മയാണ്. ഈ സ്ഥിരതയാണ് അനുഷ്‌കയുടെ താരമൂല്യവും പ്രതിച്ഛായയും വര്‍ധിപ്പിക്കുന്നത്.

Comments

comments