ഫ്രാന്‍സില്‍ ‘യെല്ലോ ജാക്കറ്റ് പ്രതിഷേധം’ ശക്തമാകുന്നു

ഫ്രാന്‍സില്‍ ‘യെല്ലോ ജാക്കറ്റ് പ്രതിഷേധം’ ശക്തമാകുന്നു

18 മാസങ്ങള്‍ക്കു മുന്‍പ് ഫ്രഞ്ച് പ്രസിഡന്റായി അധികാരമേറ്റ 40-കാരനായ ഇമ്മാനുവല്‍ മാക്രോണ്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്നത് വലിയൊരു വെല്ലുവിളിയാണ്. മൂന്നാഴ്ച മുന്‍പ് വര്‍ധിപ്പിച്ച ഇന്ധന നികുതിക്കെതിരേ ഫ്രാന്‍സില്‍ ആരംഭിച്ച പ്രതിഷേധം ഇപ്പോള്‍ മാക്രോണ്‍ ഭരണകൂടത്തിനെതിരേയുള്ള പ്രക്ഷോഭമായി മാറിയിരിക്കുന്നു. കഴിഞ്ഞ ശനിയാഴ്ച സെന്‍ട്രല്‍ പാരീസില്‍ പ്രതിഷേധ പ്രകടനങ്ങള്‍ കലാപമായി മാറുകയും ചെയ്തു. പോപ്പുലിസം, നാഷണലിസം എന്നിവയ്‌ക്കെതിരേ പോരാട്ടം നയിക്കുന്ന പുരോഗമന നേതാവ് അഥവാ പ്രോഗ്രസീവ് ചാംപ്യനാണു താനെന്നു ലോകവേദിയില്‍ സ്വയം പരിചയപ്പെടുത്തിയ മാക്രോണിന് സ്വന്തം നാട്ടില്‍ നേരിടുന്നത് കടുത്ത എതിര്‍പ്പുകളാണെന്നത് അദ്ദേഹത്തിന് തിരിച്ചടിയാകുന്നു.

ഒരു പതിറ്റാണ്ടിനിടെയുണ്ടായ ഏറ്റവും അക്രമാസക്തമായ നഗരകേന്ദ്രീകൃത കലാപം ശനിയാഴ്ച സെന്‍ട്രല്‍ പാരീസിനെ ഗ്രസിച്ചു. കാറുകള്‍ അഗ്നിക്ക് ഇരയാക്കിയും, ജനാലകള്‍ അടിച്ചു തകര്‍ത്തും, വിപണന ശാലകള്‍ കൊള്ളയടിച്ചും, ഫ്രാന്‍സിലെ പ്രധാനപ്പെട്ട സ്മാരകചിഹ്നമായ Arc de Triomphe-ല്‍ ബഹുവര്‍ണങ്ങളില്‍ ചുവരെഴുത്ത് നടത്തിയും യെല്ലോ ജാക്കറ്റ് ആക്ടിവിസ്റ്റുകള്‍ (yellow jacket activists) പ്രതിഷേധിച്ചു. ഫ്രാന്‍സില്‍ വര്‍ധിച്ചു വരുന്ന നികുതിക്കു പുറമേ, പ്രസിഡന്റ് മാക്രോണിന്റെ നേതൃത്വത്തില്‍ കോപാകുലരുമാണ് അവര്‍. മാക്രോണ്‍ സമ്പന്നരുടെ പ്രസിഡന്റാണെന്നും സാധാരണക്കാരായ ജനങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ചു മാക്രോണിന്റെ ഭരണകൂടം ശ്രദ്ധിക്കുന്നില്ലെന്നുമാണ് അവര്‍ പറയുന്നത്. ഇന്ധന നികുതി വര്‍ധനയെ തുടര്‍ന്നു മോട്ടോര്‍ വാഹന യാത്രക്കാരാണ് ആദ്യം പ്രതിഷേധവുമായി രംഗത്തുവന്നത്. പിന്നീട് ഇതു പലതലത്തിലേക്കു വ്യാപിക്കുകയായിരുന്നു. ഫ്രാന്‍സിലെ ഉയര്‍ന്നുവരുന്ന ജീവിത ചെലവുമായും പ്രക്ഷോഭം ഇപ്പോള്‍ ബന്ധപ്പെട്ടിരിക്കുകയാണ്. ഉയര്‍ന്ന പെന്‍ഷന്‍, വേതന വര്‍ധന, ചില നികുതികള്‍ റദ്ദാക്കല്‍, സ്വത്ത് നികുതി പുനസ്ഥാപിക്കല്‍, പരമാവധി ശമ്പളം ഉറപ്പാക്കുന്ന നിയമം നടപ്പിലാക്കല്‍, പ്രസിഡന്റ് മാക്രോണിനെയും, ദേശീയ അസംബ്ലിയെയും മാറ്റി ജനങ്ങളുടെ അസംബ്ലി സ്ഥാപിക്കുക എന്നിവയ്ക്കു വേണ്ടിയുള്ള മുറവിളികളും ഇപ്പോള്‍ പ്രതിഷേധത്തിന്റെ ഭാഗമായി ഉയര്‍ന്നു തുടങ്ങിയിരിക്കുന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ യെല്ലോ വെസ്റ്റ്‌സിന് (Yellow Vests) പിന്തുണ വാഗ്ദാനം ചെയ്തു കൊണ്ട് രംഗത്തുവന്നെങ്കിലും യെല്ലോ വെസ്റ്റ്‌സ് അവ നിരാകരിക്കുകയുണ്ടായി. ആക്രമണങ്ങളെ വിലയിരുത്തുമ്പോള്‍, ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ തീവ്ര വലത്പക്ഷമോ, തീവ്ര ഇടത്പക്ഷമോ ഏറ്റെടുത്തിട്ടുണ്ടാകാമെന്നു കരുതുന്നതായി സര്‍ക്കാര്‍ പറയുന്നു.

പ്രതിഷേധം നയിക്കുന്നവര്‍ക്ക് പ്രത്യേകിച്ചു നേതൃത്വമോ, മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളെ പോലെ ഘടനയോ ഇല്ലെന്നതാണ് ഏറെ ശ്രദ്ധേയം. 2011-ല്‍ ടുണീഷ്യയിലും ഈജിപ്റ്റിലുമടക്കം അരങ്ങേറിയ അറബ് വസന്തത്തിനെ ഓര്‍മിപ്പിക്കും വിധമാണ് ഫ്രാന്‍സില്‍ ഇപ്പോള്‍ അരങ്ങേറുന്ന പ്രതിഷേധം. നവമാധ്യമങ്ങളിലൂടെ അഥവാ സോഷ്യല്‍ മീഡിയയിലൂടെയാണ് ഫ്രാന്‍സില്‍ ഇപ്പോള്‍ പ്രതിഷേധക്കാര്‍ സംഘടിക്കുന്നത്. കഴിഞ്ഞ ദിവസം രാജ്യമെങ്ങും പ്രതിഷേധിക്കാനായി 67 ദശലക്ഷം പേര്‍ ഒത്തുകൂടിയത് ഫേസ്ബുക്ക് പേജിന്റെ സഹായത്തോടെയായിരുന്നു. ഫ്രാന്‍സിലെ ദരിദ്ര ഗ്രാമീണ മേഖലകളില്‍നിന്നും മൂന്നാഴ്ച മുന്‍പ് നഗരത്തില്‍ എത്തിയവരാണ് പ്രതിഷേധക്കാരില്‍ ഭൂരിഭാഗവും. ഇവര്‍ തൊഴിലാളി വര്‍ഗങ്ങളില്‍പ്പെട്ടവരാണ്. നികുതി വര്‍ധന ഇവരുടെ ജീവിതത്തെ താറുമാറാക്കിയിരിക്കുന്നു. ഇതിനെതിരേ പ്രതിഷേധിക്കാന്‍ തീരുമാനിച്ചിരിക്കുന്നു ഇവര്‍. ഫ്‌ളുറസെന്റ് മഞ്ഞ കുപ്പായം (vest) അണിഞ്ഞു കൊണ്ടാണ് പ്രതിഷേധിക്കുന്നത്. ഈയൊരു പ്രത്യേകതയുള്ളതിനാല്‍ ഇവരെ യെല്ലോ ജാക്കറ്റ് ആക്ടിവിസ്റ്റുകള്‍ എന്നു വിശേഷിപ്പിക്കുന്നു.

ഫ്രാന്‍സില്‍ ഇന്നു നിരവധി പേര്‍ പ്രസിഡന്റ് മാക്രോണില്‍ നിരാശരാണ്. അവര്‍ മാക്രോണിനെ ഉന്നത ശ്രേണിക്കാരിലൊരാളായിട്ടാണു കണക്കാക്കുന്നത്. ഫ്രാന്‍സിലെ സാധാരണക്കാര്‍ എങ്ങനെയാണു ജീവിക്കുന്നതെന്നും, പരമ്പരാഗത വ്യവസായത്തിന്റെ തകര്‍ച്ച അവരുടെ പ്രതീക്ഷകളെ പരിമിതപ്പെടുത്തിയതിനെ കുറിച്ചും മാക്രോണിനു ധാരണയില്ലെന്നും അവര്‍ കരുതുന്നുണ്ട്. 2017 മേയ് മാസത്തിലായിരുന്നു ഇമ്മാനുവല്‍ മാക്രോണ്‍ ഫ്രാന്‍സിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു മുന്നോട്ടു വന്ന ചുരുക്കം ആഗോള നേതാക്കളില്‍ ഒരാളായിരുന്നു മാക്രോണ്‍. യൂറോപ്പിലെ മറ്റേതൊരു രാജ്യങ്ങളില്‍ ഉള്ളതിനേക്കാള്‍ അധികം ഡീസല്‍ കാറുകള്‍ ഫ്രാന്‍സിലുണ്ട്. ഇപ്പോള്‍ ഡീസലിന് ഉയര്‍ന്ന നികുതി ഈടാക്കാന്‍ മാക്രോണിന്റെ ഭരണകൂടം തീരുമാനിച്ചത്, കാലാവസ്ഥ വ്യതിയാനത്തിനെതിരേയുള്ള പോരാട്ടത്തിന്റെ ഭാഗമായിട്ടുള്ളതാണെന്നു പറയപ്പെടുന്നുണ്ട്. പെട്രോള്‍, ഡീസല്‍ കാറുകളെ 2040-ാടെ പൂര്‍ണമായും നിരോധിക്കുകയെന്ന ലക്ഷ്യവും മാക്രോണിന്റെ ഭരണകൂടത്തിനുണ്ട്. എന്നാല്‍ കാലാവസ്ഥ വ്യതിയാനത്തിനെതിരേയുള്ള പോരാട്ടം ശക്തമാക്കുമെന്നു പറയുമ്പോഴും പ്രവര്‍ത്തനം പോരായെന്ന ആക്ഷേപം മാക്രോണിനെതിരേ ഉയര്‍ന്നിട്ടുണ്ട്. ഈ വര്‍ഷം ഓഗസ്റ്റില്‍ ഫ്രാന്‍സിലെ പരിസ്ഥിതി വകുപ്പ് മന്ത്രി രാജിവച്ചത് കാലാവസ്ഥ വ്യതിയാനത്തിനെതിരേയുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ നിരാശ രേഖപ്പെടുത്തിയായിരുന്നു.

മാക്രോണിനെ സംബന്ധിച്ച് ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന പ്രശ്‌നം ഗൗരവമേറിയതാണ്. കാരണം കഴിഞ്ഞ വര്‍ഷം ഫ്രാന്‍സില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഈ പ്രശ്‌നങ്ങള്‍ക്കു മുന്നോടിയായ സൂചനകള്‍ ഉണ്ടായിരുന്നു. വോട്ടര്‍മാരില്‍ ഒരു വലിയ വിഭാഗം വോട്ടു ചെയ്യാതെ വിട്ടുനിന്നു. രാഷ്ട്രീയക്കാരോടുള്ള വെറുപ്പ്, തൊഴിലാളി വര്‍ഗങ്ങളില്‍നിന്നും അകന്നു പോകുന്ന രാഷ്ട്രീയ വരേണ്യവര്‍ഗത്തോടുള്ള ഒരു അസമത്വബോധം ഇവയൊക്കെ കഴിഞ്ഞ പ്രസിഡന്റ് ഇലക്ഷനില്‍ പ്രകടമായിരുന്നു. ഈ വികാരങ്ങളൊക്കെ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നത് ഒരു യാഥാര്‍ഥ്യമാണ്. ആശങ്കകള്‍ക്ക് മറുപടി നല്‍കി, പ്രതിഷേധങ്ങളെ ശാന്തമാക്കുക എന്നതാണു കൂടുതല്‍ അക്രമത്തെ തടയാന്‍ മാക്രോണിനു മുന്‍പിലുള്ള ഒരേയൊരു വഴി.

Comments

comments

Categories: FK Special, World