പേമെന്റ് സേവനങ്ങള്‍ വിപുലമാക്കാന്‍ അനുമതി തേടി വാട്‌സാപ്പ്

പേമെന്റ് സേവനങ്ങള്‍ വിപുലമാക്കാന്‍ അനുമതി തേടി വാട്‌സാപ്പ്

20 കോടി ഉപയോക്താക്കളിലേക്ക് പേമെന്റ് സേവനങ്ങള്‍ വ്യാപിപ്പിക്കാന്‍ അനുമതിയാവശ്യപ്പെട്ട് ആര്‍ബിഐക്ക് വാട്ട്‌സാപ്പ് മേധാവിയുടെ കത്ത്

ന്യൂഡെല്‍ഹി: ഇന്ത്യയിലെ തങ്ങളുടെ 20 കോടി ഉപയോക്താക്കളിലേക്ക് പേമെന്റ് സേവനങ്ങള്‍ വ്യാപിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയോട് അനുവാദം തേടി വാട്‌സാപ്പ്. വാട്‌സാപ്പ് മേധാവി ക്രിസ് ഡാനിയേലാണ് ആര്‍ബിഐക്ക് കത്തയച്ചത്. വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതിന്റെ പേരില്‍ അടുത്തിടെ സര്‍ക്കാരില്‍ നിന്ന് രൂക്ഷ വിമര്‍ശനം നേരിട്ട കമ്പനി ഇന്ത്യയില്‍ പേമെന്റ് സേവനങ്ങള്‍ പൂര്‍ണതോതില്‍ തുടങ്ങാന്‍ നിയമപരമായ അനുമതിക്കായി കാത്തിരിക്കുകയാണ്. പേമെന്റ് സേവന പ്ലാനുകളുമായി ബന്ധപ്പെട്ട് ഏതാണ്ട് രണ്ട് വര്‍ഷമായി വാട്‌സാപ്പും സര്‍ക്കാരും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

ഗൂഗിള്‍ ഉള്‍പ്പടെയുള്ള പ്രതിയോഗികള്‍ പേമെന്റ് മേഖലയിലേക്ക് കടന്ന പശ്ചാത്തലത്തിലാണ് വാട്‌സാപ്പ് ശ്രമങ്ങള്‍ ഊര്‍ജിതപ്പെടുത്തിയത്. നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇന്ത്യയില്‍ ദശലക്ഷത്തോളം ആളുകള്‍ക്ക് സേവനം ലഭ്യമാക്കുന്നുണ്ട്. ”വാട്‌സാപ്പിന്റെ ഭീം യുപിഐ (യൂണിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ്) അനുകൂല പേമെന്റ് സേവനം ഇന്ത്യയിലെ എല്ലാ ഉപയോക്താക്കളിലേക്കും എത്തിക്കാന്‍ അനുമതി തേടിയാണ് ഈ കത്ത് ഞാന്‍ എഴുതുന്നത്. ഡിജിറ്റല്‍ ശാക്തീകരണത്തിലൂടെയും സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിലൂടെയും ഇന്ത്യയിലെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്ന, സുരക്ഷിതവും ഉപയോഗപ്രദവുമായ സേവനം മുന്നോട്ട് വെക്കാനുള്ള അവസരവും ഞങ്ങള്‍ക്ക് നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു,” ആര്‍ബിഐക്ക് അയച്ച കത്തില്‍ ഡാനിയേല്‍ പറഞ്ഞു. വാട്‌സാപ്പിന്റെ പങ്കാളികളായ ബാങ്കുകളും ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക അനുമതി തേടിയിട്ടുണ്ടെന്ന് കത്തില്‍ സൂചിപ്പിക്കുന്നു.

പേമെന്റ് ഫീച്ചര്‍ വ്യാപിപ്പിക്കാനും രാജ്യത്തിന്റെ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയെ പിന്തുണയ്ക്കാനും കേന്ദ്ര സര്‍ക്കാര്‍, നാഷണല്‍ പേമെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ), പേമെന്റ് സേവന ദാതാക്കള്‍, ബാങ്കുകള്‍ എന്നിവയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വാട്‌സാപ്പ് വക്താവ് വ്യക്തമാക്കി. പരീക്ഷണാടിസ്ഥാനത്തില്‍ വാട്‌സാപ്പ് പേമെന്റ്‌സ് ഉപയോഗിക്കുന്ന ദശലക്ഷത്തോളം ആളുകളുടെ പ്രതികരണങ്ങള്‍ വളരെ അനുകൂലമാണെന്നും സന്ദേശങ്ങള്‍ അയക്കുന്നത് പോലെ ലളിതമായും സുരക്ഷിതമായും പണം അയക്കുന്നതിലെ അനായാസത ആളുകള്‍ ആസ്വദിക്കുന്നുണ്ടെന്നും കമ്പനി വക്താവ് ചൂണ്ടിക്കാട്ടി.

പേമെന്റ്‌സ് ഡാറ്റകള്‍ ഇന്ത്യയില്‍ സൂക്ഷിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അതിവേഗത്തിലുള്ള ശ്രമങ്ങള്‍ നടത്തി വരികയാണെന്നും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഉപഭോക്താക്കളുടെ ഡാറ്റ പ്രാദേശികമായി തന്നെ സൂക്ഷിക്കണമെന്നുള്ള ആര്‍ബിഐയുടെ നിര്‍ദ്ദേശത്തിനു പിന്നാലെയാണിത്. പേമെന്റ് സേവനങ്ങള്‍ ഉറപ്പു നല്‍കുന്ന എല്ലാ കമ്പനികള്‍ക്കും അതിജീവനത്തിനുള്ള ന്യായയുക്തവും തുല്യവുമായ അവസരം ലഭിക്കുന്ന സാഹചര്യം ഉണ്ടാകണമെന്നും കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. സുതാര്യവും നിയപരവുമായ ഒരു പ്രവര്‍ത്തന പരിതസ്ഥിതി ഉറപ്പാക്കണമെന്നാണ് വാട്‌സാപ്പിന്റെ ആവശ്യം.

”എന്‍പിസിഐയില്‍ നിന്നും മറ്റ് ബാങ്കിംഗ് പങ്കാളികളില്‍ നിന്നുമുള്ള പ്രതികരണങ്ങളുടെ അടിസ്ഥാനത്തില്‍ യുപിഐ മാനദണ്ഡങ്ങള്‍ പൂര്‍ണമായും അനുസരിച്ചു എന്നതില്‍ ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്. വാ്ട്‌സാപ്പ് പേമെന്റ്‌സ് ലോഞ്ച് ചെയ്യാനുള്ള എല്ലാ അത്യാവശ്യ സമര്‍പ്പണങ്ങളും നടത്തുകയും സുരക്ഷാ പരിശോധനകളില്‍ വിജയിക്കുകയും ചെയ്തിട്ടുണ്ട്,” ഡാനിയേല്‍ പറഞ്ഞു. ആര്‍ബിഐയില്‍ നിന്ന് കത്തുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രതികരണം ലഭിച്ചിട്ടുണ്ടോ എന്നത് വ്യക്തമല്ല. ആധികാരികത, ഡാറ്റ സ്‌റ്റോറേജ് സംവിധാനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ആശങ്കകളെ തുടര്‍ന്ന് വാട്‌സാപ്പിന്റെ പേമെന്റ് സേവന പദ്ധതി സമ്മര്‍ദത്തിലായിരുന്നു. കമ്പനിയുടെ പേമെന്റ് പ്ലാറ്റ്‌ഫോമിന് സുരക്ഷാ വെല്ലുവിളികളുണ്ടെന്നും മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നും നേരത്തെ മറ്റ് സ്ഥാപനങ്ങള്‍ ആരോപണമുയര്‍ത്തിയിരുന്നു.

Comments

comments

Categories: Business & Economy
Tags: WhatsApp