സണ്‍ഫാര്‍മയുടെ ഓഹരികള്‍ ഇടിഞ്ഞു

സണ്‍ഫാര്‍മയുടെ ഓഹരികള്‍ ഇടിഞ്ഞു

മുംബൈ: സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് സ്ഥാപകനും എംഡിയുമായ ദിലീപ് സാംഗ്‌വി, സാംഗ്‌വിയുടെ സഹോദരി ഭര്‍ത്താവ് സുധീര്‍ വാലിയ എന്നിവര്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയതായി ആരോപണം. 2001 ലെ കേതാന്‍ പരേഖ് ഓഹരി കുംഭകോണത്തില്‍ ഉള്‍പ്പെട്ട ധര്‍മേഷ് ദോഷിയുമായി ബന്ധമുണ്ടെന്നും ഇയാളുമായി ചേര്‍ന്ന് ഇരുവരും സാമ്പത്തികക്രമക്കേടുകള്‍ നടത്തിയെന്നും ആരോപിക്കപ്പെടുന്ന കത്താണ് സെക്യൂരിറ്റീസ് ആന്‍ഡ് കെ്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി)ക്ക് ലഭിച്ചിട്ടുള്ളത്. 150 ഓളം പേജുകളുള്ള കത്തിലാണ് ഒരു വിസില്‍ബ്ലോവര്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 2001 ലെ ഓഹരി കുംഭകോണത്തിന് പിന്നാലെ ദോഷിയെയും പരേഖിനെയും സെബി ഓഹരി വിപണിയില്‍ ഇടപെടുന്നതിന് വിലക്കിയിരുന്നു. രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ ഓഹരി കുംഭകോണമാണ് ഇത്. പരേഖിന്റെ മുന്‍ അസോസിയേറ്റ് ആയിരുന്നു ദോഷി.

ഈ വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെ ഇന്നലെ സണ്‍ ഫാര്‍മയുടെ ഓഹരികള്‍ കനത്ത ഇടിവ് നേരിട്ടു. 2017 മേയ് മാസത്തിനു ശേഷം സണ്‍ ഫാര്‍മ ഓഹരികള്‍ നേരിടുന്ന ഏറ്റവും വലിയ നഷ്ടമാണിത്. എന്‍എസ്ഇയില്‍ ഇന്നലെ ഏറ്റവും വലിയ നഷ്ടം നേരിട്ട കമ്പനിയും സണ്‍ ഫാര്‍മയാണ്. ഇന്നലത്തെ വ്യാപാരത്തില്‍ ആദ്യ 15 മിനിറ്റില്‍ 10.3 മില്യണിലധികം സണ്‍ഫാര്‍മ ഓഹരികള്‍ വ്യാപാരം ചെയ്തു. നിഫ്റ്റിയിലെ ഫാര്‍മ സൂചിക 2.8 ശതമാനം ഇടിവ് ഈ ഘട്ടത്തില്‍ രേഖപ്പെടുത്തി.

സെബിക്ക് അയച്ച കത്തിലെ ആരോപണങ്ങള്‍ ഉന്നയിച്ച് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനും കത്ത് ലഭിച്ചിട്ടുണ്ട് . 2002-2007 കാലത്ത് സണ്‍ഫാര്‍മ വിദേശ കറന്‍സി കണ്‍വെര്‍ട്ടബിള്‍ ബോണ്ടിന്റെ( എഫ്‌സിസിബി) രണ്ടോ മൂന്നോ റൗണ്ടുകളില്‍ ക്രമക്കേടുകള്‍ നടത്തിയെന്നാണ് ആരോപണം. ഇത് കൈകാര്യം ചെയ്തിരുന്നത് ജെര്‍മൈന്‍ കാപിറ്റല്‍ എല്‍എല്‍സിയാണ്.

2001 ലെ കേതന്‍ പരേഖ് ഓഹരി കുംഭകോണത്തില്‍ ജെര്‍മൈന്‍ കാപിറ്റല്‍ എല്‍എല്‍സി, ജെര്‍മൈന്‍ കാപിറ്റല്‍ പാര്‍ട്‌ണേഴ്‌സ് പിഎല്‍സി, ധര്‍മേഷ് ദോഷി, കേതന്‍ പരേഖ് എന്നിവര്‍ പരസ്പരം ബന്ധപ്പെട്ടിരുന്നു.
പ്രാഥമിക എഫ്‌സിസിബിയില്‍ നിന്നും വന്‍േേതാതില്‍ സൃഷ്ടിക്കപ്പെട്ട ഫണ്ട് ഉപയോഗിച്ച് ദോഷി, വാലിയ, സാംഗ്‌വി എന്നിവരും സണ്‍ ഫാര്‍മയും ചേര്‍ന്ന് വിവിധ കമ്പനികളില്‍ വന്‍ മൂല്യമുള്ള ഓഹരികള്‍ വാങ്ങിക്കാനായി തുടങ്ങിയെന്ന് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

വിദേശ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ ഉള്‍പ്പടെ സണ്‍ഫാര്‍മ ഏറ്റെടുത്തത് തികച്ചും നിയമവിരുദ്ധമായ രീതിയിലാണെന്ന് വിസില്‍ബ്ലോവറിന്റെ കത്തില്‍ വ്യക്തമാക്കുന്നു. അതേസമയം, സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച് സെബി ഇതുവരെ വിശദീകരണം തേടിയിട്ടില്ലെന്ന് സണ്‍ഫാര്‍മ കമ്പനി വക്താവ് അറിയിച്ചു.

Comments

comments

Categories: Business & Economy
Tags: Sun Pharma