ആര്‍ബിഐ പണപ്പെരുപ്പ നിഗമനം പുതുക്കിയേക്കും

ആര്‍ബിഐ പണപ്പെരുപ്പ നിഗമനം പുതുക്കിയേക്കും

റിസര്‍വ് ബാങ്ക് പണപ്പെരുപ്പത്തെ പെരുപ്പിച്ച് കാണിച്ചതായി മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ ചൂണ്ടിക്കാട്ടിയിരുന്നു

ന്യൂഡെല്‍ഹി: റിസര്‍വ് ബാങ്കിന്റെ പണ വായ്പാ നയ അവലോകന യോഗം ബുധനാഴ്ച ചേരും. യോഗത്തില്‍ പണപ്പെരുപ്പം സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തുമെന്നാണ് കരുതുന്നത്. കേന്ദ്ര ബാങ്കിന്റെ പണപ്പെരുപ്പ സൂചികകള്‍ സമ്പദ്‌വ്യവസ്ഥയിലെ യഥാര്‍ഥ വിലക്കയറ്റത്തെ പെരുപ്പിച്ച് കാണിക്കുന്നുവെന്ന് സര്‍ക്കാരില്‍ നിന്നുള്ള സാമ്പത്തിക വിദഗ്ധര്‍ക്ക് വിമര്‍ശനമുണ്ട്. ഇത് ധനനയ അവലോകനത്തില്‍ പ്രതിഫലിക്കുന്നതിന്റെ പശ്ചാത്തലത്തിലാണിത്.

2018 ഒക്‌റ്റോബര്‍ വരെയുള്ള 24 മാസങ്ങളില്‍ മൂന്നുമാസങ്ങളില്‍ മാത്രമാണ് ഭക്ഷ്യ വിലക്കയറ്റം 4 ശതമാനത്തിനു മുകളില്‍ ഉണ്ടായിരുന്നത്. എന്നാല്‍ 1.7 ശതമാനം മാത്രമാണ് 24 മാസങ്ങളിലെ ശരാശരി വിലക്കയറ്റം.

മേയില്‍ 3.1 ശതമാനമം ഭക്ഷ്യ വിലപ്പെരുപ്പം അനുഭവപ്പെട്ട സ്ഥാനത്ത് ഒക്‌റ്റോബറില്‍ 0.9 ശതമാനം വിലയിടിവാണ് പ്രകടമായത്. എന്നാല്‍ ഈ കാലഘട്ടത്തില്‍ മൊത്തം പണപ്പെരുപ്പ നിരക്ക് 5 ശതമാനത്തിന് മുകളിലെത്തി.

ആര്‍.ബി.ഐയുടെ ഏപ്രിലിലെ നിഗമനം അനുസരിച്ച് ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 2018-19ന്റെ ആദ്യ പകുതിയില്‍ 4.7-5.1 ശതമാനവും രണ്ടാം പകുതിയില്‍ 4.4 ശതമാനവും ആകുമെന്നാണ് പ്രഖ്യാപിക്കപ്പെട്ടത്. ജൂണ്‍ മാസത്തില്‍ ആദ്യപകുതിക്കായുള്ള നിഗമനം 4.8-4.9 ആയും രണ്ടാം പകുതിക്കായുള്ള നിഗമനം 4.7 ആയും പരിഷ്‌കരിച്ചു. ഓഗസ്റ്റില്‍ സെപ്റ്റംബര്‍ പാദത്തെക്കുറിച്ചുള്ള നിഗമനം 4.6 ആയും രണ്ടാം പകുതിയിലേക്കുള്ള പണപ്പെരുപ്പ നിഗമനം 4.8 ആയും വീണ്ടും പുതുക്കി. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ രേഖപ്പെടുത്തിയ പണപ്പെരുപ്പം ഇതിനെല്ലാം താഴെ 4.3 ശതമാനം മാത്രമായിരുന്നു.

ഒക്‌റ്റോബറില്‍ പണപ്പെരുപ്പം സംബന്ധിച്ച കണക്കുകള്‍ ലഭ്യമാകുന്നതിന് മുമ്പ് 3.9-4.5 ശതമാനം പണപ്പെരുപ്പം രേഖപ്പെടുത്തുമെന്നായിരുന്നു ആര്‍ബിഐയുടെ നിഗമനം. എന്നാല്‍ ഒക്‌റ്റോബറില്‍ 3.3 ശതമാനം റീട്ടെയ്ല്‍ പണപ്പെരുപ്പമാണ് രേഖപ്പെടുത്തിയത്. 2016-17 ല്‍ പുറത്തിറക്കിയ സാമ്പത്തിക സര്‍വേയുടെ രണ്ടാം ഭാഗത്തില്‍ റിസര്‍വ് ബാങ്ക്, പണപ്പെരുപ്പത്തെ പെരുപ്പിച്ച് കാണിച്ചതായി അന്നത്തെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ ചൂണ്ടിക്കാട്ടിയിരുന്നു. അടിസ്ഥാന പലിശ നിരക്കുകള്‍ നിശ്ചയിക്കുന്നതില്‍ പ്രധാന ഘടമായി പണപ്പെരുപ്പത്തെ പരിഗണിക്കുന്നതിനാല്‍ സമ്പദ് വ്യവസ്ഥയെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണിത്.

Comments

comments

Categories: Current Affairs
Tags: inflation, RBI

Related Articles