എണ്ണവില വീണ്ടും ഉയരത്തിലേക്ക്, ഒപെക്കില്‍ നിന്ന് പിന്‍മാറുമെന്ന് ഖത്തര്‍

എണ്ണവില വീണ്ടും ഉയരത്തിലേക്ക്, ഒപെക്കില്‍ നിന്ന് പിന്‍മാറുമെന്ന് ഖത്തര്‍

സിയോള്‍: വിപണി നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള കരാരിന്റെ കാലവധി നീട്ടാന്‍ തയാറായതോടെ എണ്ണവിലയില്‍ വര്‍ധന രേഖപ്പെടുത്തി. കാനഡയിലെ ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദന പ്രവിശ്യയായ ആല്‍ബര്‍ട്ട ഉല്‍പ്പാദനം കുറക്കുമെന്ന് പ്രഖ്യാപിച്ചതും വില വര്‍ധനയ്ക്ക് ഇടയാക്കി. പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയില്‍(ഒപെക്)നിന്നും ഖത്തര്‍ പിന്മാറുന്നുവെന്ന് പ്രഖ്യാപിച്ചത് ഇന്ധനവിലയില്‍ സ്വാധീനം ചെലുത്തും.

സൗദിയും റഷ്യയും ഉല്‍പ്പാദനം കുറയ്ക്കുന്നത് നിശ്ചിയിച്ചിട്ടില്ലെങ്കിലും ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ധാരണ തുടരുന്നത് വിയന്നയില്‍ ഈയാഴ്ച നടക്കുന്ന ഒപെക് രാജ്യങ്ങളുടെ യോഗത്തില്‍ ഉല്‍പ്പാദനം നിയന്ത്രിക്കുന്നതിനുള്ള കരാറിനു മുന്നോടിയായാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ധന ഉല്‍പ്പാദനം പ്രതിദിനം 325,000 ബാരലായി വെട്ടിച്ചുരുക്കാന്‍ ആല്‍ബെര്‍ട്ട തീരുമാനിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഖത്തറിന്റെ പിന്മാറ്റ പ്രഖ്യാപനവും വരുന്നത്. പ്രകൃതി വാതക ഉല്‍പ്പാദനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനാണ് ഉല്‍പ്പാദക രാജ്യങ്ങളുടെ സംഘടനയില്‍ നിന്നും പിന്മാറുന്നതെന്നാണ് ഖത്തറിന്റെ വിശദീകരണം.

ജനുവരിയില്‍ ഒപെക് സംഘടനയില്‍ നിന്നും പിന്മാറുമെന്നാണ് ഖത്തര്‍ അറിയിച്ചിട്ടുള്ളത്. പെട്രോളിയം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ സംഘടനയില്‍ ഏറ്റവും കുറവ് ഉല്‍പ്പാദനം നടത്തുന്ന രാജ്യങ്ങളിലൊന്നാണ് ഖത്തര്‍. എല്‍എന്‍ജി ഉല്‍പ്പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ ഉയര്‍ന്ന സ്ഥാനത്തെത്താന്‍ ഖത്തര്‍ ലക്ഷ്യമിടുന്നുണ്ട്. സൗദി അറേബ്യയുമയാി നയതന്ത്ര പരമായ തര്‍ക്കം നിലനില്‍ക്കുന്നുണ്ടെങ്കിലും ഒപെകില്‍ നിന്നും ഖത്തറിന്റെ പിന്മാറ്റം രാഷ്ട്രീയധിഷ്ഠിതമല്ലെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ 57 വര്‍ഷമായി ഒപെക് അംഗമായിരുന്ന ഖത്തര്‍ വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുമെന്ന് ഉര്‍ജ സഹമന്ത്രി സാദ് അല്‍-കാബി പറഞ്ഞു. യോഗത്തിലെ ഉറപ്പുകളിലും ചുമതലകളിലും തുടര്‍ന്നും നിലകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒക്‌റ്റോബറില്‍ ഒപെക് രാഷ്ട്രങ്ങളുടെ മൊത്തം ഉല്‍പ്പാദനത്തില്‍ 2 ശതമാനത്തില്‍ താഴെയാണ് ഖത്തറിന്റെ വിഹിതം.

2019 ല്‍ ഉല്‍പ്പാദനം കുറയ്ക്കുന്നത് സംബന്ധിച്ച് വിയന്നയില്‍ കരാറില്‍ എത്തുമെന്ന് ഒപെക് പ്രസിഡന്റും യുഎഇ ഊര്‍ജമന്ത്രിയുമായ സുഹെയ്ല്‍ അല്‍ മസ്രൂയ് പറഞ്ഞു. ഇത് സംബന്ധിച്ച് ശുഭാപ്തി വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Comments

comments

Categories: World
Tags: OPEC, Qatar