ആഭ്യന്തര യാത്രാവാഹന വില്‍പ്പന നവംബറില്‍ ഇടിഞ്ഞു

ആഭ്യന്തര യാത്രാവാഹന വില്‍പ്പന നവംബറില്‍ ഇടിഞ്ഞു

ന്യൂഡെല്‍ഹി: നവംബര്‍ മാസത്തില്‍ ആഭ്യന്തര വിപണിയില്‍ യാത്രാ വാഹന വില്‍പ്പന ഇടിഞ്ഞതായി റിപ്പോര്‍ട്ട്. പ്രതികൂലമായ വിശാല സാമ്പത്തിക ഘടകങ്ങള്‍ കാരണം ഉല്‍സവകാല സീസണിലെ ഉപഭോഗം വര്‍ധിപ്പിക്കുന്നതില്‍ പരാജയപ്പെട്ടതാണ് വില്‍പ്പന കുറയാന്‍ കാരണം എന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തി. ഹ്യുണ്ടായ്, ടാറ്റ മോട്ടോര്‍സ്, ടൊയോട്ട എന്നീ കമ്പനികള്‍ നവംബര്‍ മാസത്തില്‍ ആഭ്യന്തര വില്‍പ്പനയിടിവിന് സാക്ഷ്യം വഹിച്ചു. അതേസമയം മാരുതി സുസുകി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹോണ്ട കാര്‍സ് ഇന്ത്യ എന്നിവയുടെ വില്‍പ്പന വര്‍ധിച്ചു. എന്നാല്‍ ഈ വില്‍പ്പന വര്‍ധന ചുരുങ്ങിയ തോതിലാണെന്ന് കമ്പനികള്‍ വ്യക്തമാക്കി.

രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി ഇന്ത്യയുടെ (എംഎസ്‌ഐ) വില്‍പ്പന മുന്‍ വര്‍ഷത്തെ സമാന കാലയളവിലുണ്ടായ 1,45,300 യൂണിറ്റുകളില്‍ നിന്നും 1,46,018 യൂണിറ്റുകളായി വര്‍ധിച്ചിട്ടുണ്ട്. ഓള്‍ട്ടോ, വാഗണ്‍ആര്‍ എന്നിവയുള്‍പ്പെടുന്ന മിനി കാറുകളുടെ വില്‍പ്പന നേരത്തേയുണ്ടായിരുന്ന 38,204 യൂണിറ്റുകളില്‍ നിന്നും 21.6 ശതമാനം കുറഞ്ഞ് 29,954 യൂണിറ്റിലെത്തി. അതേസമയം സ്വിഫ്റ്റ്, സെലേറിയോ, ഇഗ്നിസ്, ബലേനോ, ഡിസയര്‍ എന്നിവ ഉള്‍പ്പെടുന്ന കോംപാക്റ്റ് സെഗ്മെന്റ് മോഡലുകളുടെ വില്‍പ്പന കഴിഞ്ഞ വര്‍ഷം നവംബറിലെ 65,447 യൂണിറ്റില്‍ നിന്നും 10.8 ശതമാനം വര്‍ധിച്ച് 72,533 യൂണിറ്റിലെത്തിയെന്ന് കമ്പനി അറിയിച്ചു.

മുന്‍വര്‍ഷത്തെ സമാനകാലയളവില്‍ ഉണ്ടായിരുന്ന 44,008 യൂണിറ്റില്‍ നിന്നും ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ ആഭ്യന്തര വില്‍പ്പന 43,709 ആയി ഇടിഞ്ഞു. ആഭ്യന്തര തലത്തിലുള്ള വില്‍പ്പനയില്‍ 15.8 ശതമാനം ഇടിവാണ് ടൊയോട്ട കിര്‍ലോസ്‌കര്‍ സാക്ഷ്യം വഹിച്ചത്. മുന്‍ വര്‍ഷത്തെ സമാനകാലയളവിലെ 12,734 യൂണിറ്റിനെ അപേക്ഷിച്ച് വില്‍പ്പന 10,721 യൂണിറ്റുകളായി കുറഞ്ഞു.

രൂപയുടെ മൂല്യത്തിലുണ്ടായ ചാഞ്ചാട്ടം, വര്‍ധിക്കുന്ന ഇന്ധന വില, ഉയര്‍ന്ന പലിശ നിരക്ക്, എന്നിവ ഓട്ടോ മേഖലയിലെ ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങളെ പ്രതികൂലമായി ബാധിച്ചെന്ന് ടികെഎമ്മിന്റെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്റ്റര്‍ എന്‍ രാജ പറഞ്ഞു. മുന്‍വര്‍ഷത്തെ സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഉല്‍സവകാല സീസണില്‍ ഉപഭോക്തൃ ആവശ്യകത കുറയുന്നതിനാണ് സാക്ഷ്യം വഹിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമാനമായി, ടാറ്റ മോട്ടോര്‍സിന്റെ ആഭ്യന്തര യാത്രാ വാഹന വില്‍പ്പന 1.01 ശതമാനം ഇടിഞ്ഞ് 16,982 യൂണിറ്റിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേസമയം 17,157 യൂണിറ്റ് വാഹനങ്ങളാണ് കമ്പനി വിറ്റത്. ഫണ്ടുകളുടെ അഭാവം, റീട്ടെയ്ല്‍ ഫിനാന്‍സിന്റെ ലഭ്യതക്കുറവ്, മിതമായ ഉല്‍സവകാല വില്‍പ്പന എന്നിവ കാരണം പ്രതികൂലമായ ഉപഭോക്തൃ ആവശ്യകത കൊണ്ട് വെല്ലുവിളികള്‍ നിറഞ്ഞ മാസമായിരുന്നു 2018 നവംബര്‍ എന്ന് കമ്പനി വ്യക്തമാക്കി.

നവംബര്‍ മാസം 6,375 യൂണിറ്റ് വാഹനങ്ങളാണ് വിറ്റതെന്ന് ഫോര്‍ഡ് ഇന്ത്യ വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 7,777 യൂണിറ്റുകള്‍ വിറ്റ കമ്പനിക്ക് 18 ശതമാനം ഇടിവാണ് വില്‍പ്പനയില്‍ ഉണ്ടായത്. അതേസമയം, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ആഭ്യന്തര യാത്രാ വാഹന വില്‍പ്പന 15 ശതമാനവും ഹോണ്ട കാര്‍സിന്റേത് 10 ശതമാനവും വര്‍ധിച്ചിട്ടുണ്ട്.

Comments

comments

Categories: Auto