ഇ-കൊമേഴ്‌സ് കുമിളയാകാതിരിക്കാന്‍

ഇ-കൊമേഴ്‌സ് കുമിളയാകാതിരിക്കാന്‍

ഇന്ത്യയിലെ ഇ-കൊമേഴ്‌സ് രംഗത്തിന്റെ വളര്‍ച്ച അതിവേഗത്തിലാണെങ്കിലും മേഖലയ്ക്ക് ലാഭക്ഷമത കൈവരിക്കാന്‍ സാധിക്കാത്തത് വലിയ ചോദ്യ ചിഹ്നമാകുകയാണ്

ഇന്ത്യന്‍ ഇ-കൊമേഴ്‌സ് രംഗത്തിന്റെ വളര്‍ച്ചയില്‍ കണ്ണു തള്ളിപ്പോയവരാണ് നമ്മുടെ പരമ്പരാഗത റീട്ടെയ്‌ലര്‍മാര്‍. എന്നാല്‍ ഇപ്പോള്‍ എല്ലാവരും ഇ-കൊമേഴ്‌സിന്റെ സാധ്യതകള്‍ തേടിയുള്ള പരക്കംപാച്ചിലിലാണ്. ഡിസ്‌കൗണ്ട് ഓഫറുകളും ഫ്‌ളാഷ് സെയിലുമെല്ലാം അവതരിപ്പിച്ച് ഉപഭോക്താക്കളെ പരമാവധി പിടിച്ചു നര്‍ത്താനാണ് ഓരോ സ്ഥാപനവും ഇന്ന് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ലോകത്തെ ഏറ്റവും വലിയ റീട്ടെയ്ല്‍ ഭീമാനായ വാള്‍മാര്‍ട്ട് പുതുതലമുറ റീട്ടെയ്‌ലിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞത് ആമസോണ്‍ എന്ന സംരംഭത്തിന്റെ അശ്വമേധം വലിയ ചര്‍ച്ച ആയപ്പോഴാണ്. ജെഫ് ബെസോസ് ഓണ്‍ലൈനായി പുസ്തകം വിറ്റ് തുടങ്ങിയ ആമസോണ്‍ എന്ന സംരംഭം റീട്ടെയ്ല്‍ മേഖലയുടെ അടിസ്ഥാന സ്വഭാവം തന്നെ മാറ്റി മറിച്ചു. ഇന്നദ്ദേഹം ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായി നിലകൊള്ളുന്നു. യുഎസില്‍ ആമസോണ്‍ ബിസിനസ് വൈവിധ്യവല്‍ക്കരണത്തിലൂടെ വിജയത്തിന്റെ വെന്നിക്കൊടി പാറിക്കകയും ചെയ്തു.

ആമസോണിന്റെ പകര്‍പ്പുകള്‍ ഇന്ത്യയിലുമുണ്ടായി. ഫ്‌ളിപ്കാര്‍ട്ടിലൂടെയായിരുന്നു ഇന്ത്യന്‍ ഇ-കൊമേഴ്‌സ് മേഖലയുടെ വിജയക്കുതിപ്പിന് തുടക്കം കുറിച്ചത്. അതിവേഗവളര്‍ച്ചയായിരുന്നു ഈ മേഖലയിലേക്ക് എടുത്തു ചാടിയ പല സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെയും കാത്തിരുന്നത്. പലതിലേക്കും നിക്ഷേപം ഒഴുകുകയും ചെയ്തു. എന്നാല്‍ ഇതുവരെ ഇന്ത്യന്‍ ഇ-കൊമേഴ്‌സ് രംഗം ലാഭക്ഷതമയിലേക്ക് കടന്നിട്ടില്ല. ആവര്‍ത്തിച്ചുള്ള നഷ്ടകണക്കുകള്‍ മാത്രമാണ് സംരംഭങ്ങള്‍ പുറത്തുവിട്ടത്. മാത്രമല്ല നിക്ഷേപത്തിന്റെ പുറത്ത് മാത്രം പ്രവര്‍ത്തിക്കുന്ന ഈ സംരംഭങ്ങള്‍ എന്ന വിശേഷണവും ലഭിച്ചു. ഇന്ത്യന്‍ ഇ-കൊമേഴ്‌സ് രംഗം ഒരു കുമിളയാണോയെന്ന വിലയിരുത്തലുകളും വന്നു.

ഉപഭോക്താക്കളുടെ വാങ്ങല്‍ ശീലങ്ങളെ സമാനതകളില്ലാത്ത തരത്തില്‍ ഇ-കൊമേഴ്‌സ് രംഗം മാറ്റി മറിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വലിയ സാധ്യതകളുള്ള വ്യവസായ മേഖല തന്നെയാണിത് എന്നതില്‍ സംശയമില്ല. ഫ്‌ളിപ്കാര്‍ട്ടിന് വമ്പന്‍ തുക നല്‍കി വാള്‍മാര്‍ട്ട് അവരെ ഏറ്റെടുക്കുക കൂടി ചെയ്തതോടെ പല കമ്പനികള്‍ക്കും ആവേശമാകുകയും ചെയ്തു. വാള്‍മാര്‍ട്ട് പിന്തുണയ്ക്കുന്ന ഫ്‌ളിപ്കാര്‍ട്ടും ജെഫ് ബെസോസിന്റെ പിന്തുണയുള്ള ആമസോണുമാണ് ഇന്ത്യന്‍ ഇ-കൊമേഴ്‌സില്‍ ഇഞ്ചോടിഞ്ച് മല്‍സരിക്കുന്നത്.

വില്‍പ്പനയിലും വരുമാനത്തിലും മികച്ച വര്‍ധന വരുന്നുണ്ടെങ്കിലും ലാഭക്ഷമതയിലേക്കെത്താന്‍ കമ്പനികള്‍ക്ക് സാധിക്കുന്നില്ല എന്നതാണ് വസ്തുത. 2018 മാര്‍ച്ച് മാസം വരെയുള്ള കണക്കനുസരിച്ച് ഈ രംഗത്തെ 30 കമ്പനികളുടെ നഷ്ടം എത്തിനില്‍ക്കുന്നത് 17,000 കോടി രൂപയിലാണ്. 2014-15 വര്‍ഷത്തില്‍ 8,000 കോടി രൂപ നഷ്ടമുണ്ടായിരുന്ന സ്ഥാനത്താണ് ഇത്തവണ അതിന്റെ ഇരട്ടിയലധികമായി നഷ്ടം കൂടിയത.്അതേസമയം വരുമാനത്തില്‍ മികച്ച പ്രകടനമാണ് കമ്പനികള്‍ നടത്തിയിരിക്കുന്നത്. മൂന്ന് വര്‍ഷം കൊണ്ട് വരുമാനത്തിലുണ്ടായത് 250 ശതമാനത്തിന്റെ വര്‍ധനയാണ്. അതായത് 62,000 കോടി രൂപയുടെ വരുമാനകണക്ക്. അത് ലാഭമാക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണ് വേണ്ടത്.

ഇ-കൊമേഴ്‌സ് വിപണിയില്‍ വന്‍ മത്സരമായിരിക്കും നടക്കുക. ഇന്നൊവേറ്റീവ് ആയി ചിന്തിക്കുന്നവര്‍ക്ക് മാത്രമേ പിടിച്ചു നില്‍ക്കാന്‍ സാധിക്കൂ. ഇ-കൊമേഴ്‌സ് സംരംഭങ്ങളെ എങ്ങനെ ലാഭത്തിലാക്കാം എന്നാണ് ഇന്ത്യന്‍ സംരംഭകര്‍ ചിന്തിക്കേണ്ടത്. അതിനായി ബിസിനസ് വൈവിധ്യവല്‍ക്കരണത്തിന് കമ്പനികള്‍ ഊന്നല്‍ നല്‍കുകയാണ് വേണ്ടത്.

Comments

comments

Categories: Editorial, Slider
Tags: e- commerce