ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് താഴുമെന്ന് ക്രിസില്‍

ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് താഴുമെന്ന് ക്രിസില്‍

കയറ്റുമതി മേഖലയില്‍ വളര്‍ച്ച മന്ദഗതിയിലായിരിക്കും

ന്യൂഡെല്‍ഹി: ആഗോള ജിഡിപി വളര്‍ച്ചയും വ്യാപാര വളര്‍ച്ചയും ദുര്‍ബലമാകുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ 7.4 ശതമാനത്തിലേക്ക് താഴുമെന്ന് റേറ്റിംഗ് ഏജന്‍സിയായ ക്രിസിലിന്റെ നിഗമനം.

ജൂലൈ- സെപ്റ്റംബര്‍ പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 7.1 ശതമാനമായി കുറഞ്ഞിരുന്നു. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഇത് 8.2 ശതമാനമായിരുന്നു. നേരത്തെ തങ്ങള്‍ പ്രവചിച്ച 7.5 ശതമാനം എന്ന വളര്‍ച്ചാ നിരക്കിനേക്കാള്‍ 10 ബേസിസ് പോയ്ന്റ് കുറച്ച് 7.4 ശതമാനം എന്ന നിലയിലേക്ക് 2019 സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ചാ നിരക്കിനെ സംബന്ധിച്ച പുതിയ നിഗമനം മുന്നോട്ടുവെക്കുകയാണെന്ന് ക്രിസില്‍ അറിയിച്ചു.

2018 ന്റെ തുടക്കത്തില്‍ പുനരുജ്ജീവനം സാധ്യമാക്കിയ ഇന്ത്യയുടെ കയറ്റുമതി മേഖലയിലും വളര്‍ച്ച മന്ദഗതിയിലായിരിക്കുമെന്നും റേറ്റിംഗ് ഏജന്‍സി ചൂണ്ടിക്കാണിക്കുന്നു. ആഗോള വളര്‍ച്ചാ സാധ്യതകള്‍ നേരത്തെ പ്രവചിച്ചതിനേക്കാള്‍ ദുര്‍ബലമാവുകയാണ്. മാത്രവുമല്ല, സാമ്പത്തിക സംവിധാനത്തില്‍ പണഞെരുക്കം തുടരുകയാണെങ്കില്‍ ആവശ്യകതയില്‍ ഇനിയും കൂടുതല്‍ ആഘാതം സൃഷ്ടിച്ചേക്കാമെന്നും ക്രിസില്‍ സൂചിപ്പിക്കുന്നു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 6.7 ശതമാനമായിരുന്നു വളര്‍ച്ചാ നിരക്ക്. ഈ സാമ്പത്തിക വര്‍ഷത്തിലെ ബാക്കി കാലയളവില്‍ സ്വകാര്യ ഉപഭോഗം, നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ചെലവിടല്‍, പണപ്പെരുപ്പം, സംസ്ഥാന തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ നടപടികള്‍ തുടങ്ങിയവ വളര്‍ച്ചയെ പിന്തുണയ്ക്കുന്ന ഘടകങ്ങളായിരിക്കുമെന്ന് ക്രിസില്‍ വ്യക്തമാക്കുന്നു.

Comments

comments

Categories: Current Affairs, Slider
Tags: Crisil