നോഡീല്‍ ബ്രെക്‌സിറ്റിനെ നേരിടാന്‍ ചില്ലറവില്‍പ്പനക്കാര്‍

നോഡീല്‍ ബ്രെക്‌സിറ്റിനെ നേരിടാന്‍ ചില്ലറവില്‍പ്പനക്കാര്‍

നികുതിപ്രശ്ങ്ങളില്‍ ചരക്കുകള്‍ കുരുങ്ങിക്കിടക്കാതിരിക്കാന്‍ കൂടുതല്‍ ആസൂത്രണമികവുമായി സൂപ്പര്‍ മാര്‍ക്കറ്റുകളും റീറ്റെയ്‌ലര്‍മാരും

രണ്ടാഴ്ച കൊണ്ട് ബ്രിട്ടിഷ് പാര്‍ലമെന്റില്‍ ബ്രെക്‌സിറ്റ് ട്രാന്‍സിഷന്‍ ഡീല്‍ പാസാക്കാനുള്ള യാത്രയുടെ പകുതി ദൂരം താണ്ടാന്‍ പ്രധാനമന്ത്രി തെരേസ മേയ്ക്കു കഴിഞ്ഞിരിക്കുന്നു. എന്നാല്‍ ബ്രെക്‌സിറ്റിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചോര്‍ത്ത് വ്യാപാരമേഖല ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ്. നോ ഡീല്‍ ബ്രെക്‌സിറ്റ് അല്ലാതെ മറ്റൊരു കരാര്‍ സാധ്യത നിലവില്‍ ഇല്ല. യൂറോപ്യന്‍യൂണിയനുമായി ചരക്കുഗതാഗതം നടത്തുന്ന ബ്രിട്ടിഷ് സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഇതിനെ നേരിടാനുള്ള ഒരുക്കത്തിലാണ്. യൂറോപ്പില്‍ നിന്നുള്ള ചരക്കുകളുടെ സ്വതന്ത്രമായ ഒഴുക്ക് ഉറപ്പുവരുത്തുന്ന കരാറില്‍ എത്തിപ്പെടാനായില്ലെങ്കില്‍ അതിര്‍ത്തിയില്‍ ഉടനടി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ടെസ്‌കോ, സെയ്ന്‍സ്ബറിസ്, അസ്ഡ തുടങ്ങിയ സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് പോയ വര്‍ഷം മുന്നറിയിപ്പ് നല്‍കിയിരുന്നു. ബ്രിട്ടിഷ്- യൂറോപ്യന്‍ യൂണിയന്‍ അതിര്‍ത്തിയില്‍ ചരക്കുവാഹനങ്ങളുടെ നീണ്ടനിര ഇനി നിത്യകാഴ്ചയാകും.

വാണിജ്യപരമായി സൂക്ഷ്മസംവേദനക്ഷമതയുള്ളവരെന്ന് അവകാശപ്പെടുന്ന സൂപ്പര്‍മാര്‍ക്കറ്റുകള്‍ പുതിയ സാഹചര്യത്തെ നേരിടാന്‍ കൃത്യമായ ആസൂത്രണം നടത്തുന്നു. ഇക്കാര്യത്തില്‍ മുന്‍കൈയെടുക്കുമെന്ന് ബ്രിട്ടിഷ് റീറ്റെയില്‍ കണ്‍സോര്‍ഷ്യം വ്യക്തമാക്കിയിട്ടുണ്ട്. ബ്രിട്ടിഷുകാര്‍ക്ക് ആവശ്യമായ ഭക്ഷണത്തിന്റെ ഏതാണ്ട് 40 ശതമാനവും ഇറക്കുമതി ചെയ്യാറാണുള്ളത്. പഴങ്ങളും പച്ചക്കറികളുമാണ് ഇറക്കുമതി ചെയ്യുന്നതില്‍ അധികവും. ഇതിന്റെ നാലില്‍ മൂന്നു ഭാഗവും യൂറോപ്യന്‍ യൂണിയനില്‍ നിന്നാണു വരുന്നത്. യൂറോപ്യന്‍ യൂണിയന്റെ നികുതിനിരക്കു കൂടി ചുമത്തുമ്പോള്‍ ഭക്ഷ്യവില കുത്തനെ ഉയരും. ഭക്ഷണം അതിര്‍ത്തിയില്‍ കെട്ടിക്കിടന്ന് ചീയുന്നതിനെപ്പറ്റി സെയ്ന്‍സ്ബറിസിന്റെ മേധാവി മൈക് കൂപ്പ് ശബ്ദമുയര്‍ത്തിയിരുന്നു. നികുതി വര്‍ധന ഭക്ഷ്യവില ഉയര്‍ത്തുന്നതിനെക്കുറിച്ചാണ് ടെസ്‌കോയുടെ ചീഫ് എക്‌സിക്യുട്ടീവ് ഡേവ് ലെവിസ് സംസാരിച്ചത്.

ജനങ്ങള്‍ക്കു പ്രാദേശിക ഭക്ഷണത്തോടാണ് പൊതുവെ താല്‍പര്യം തോന്നാറ്. പ്രതിവാര ചില്ലറവില്‍പ്പന സ്റ്റോറുകളും ടൗണിനു പുറത്തുള്ള സൂപ്പര്‍ സ്റ്റോറുകളും കടുത്ത സമ്മര്‍ദ്ദത്തിലാണ്. സൂപ്പര്‍മാര്‍ക്കറ്റുകളാകട്ടെ, ചില്ലറ വില്‍പ്പനക്കാരെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നു. ഷോപ്പിംഗ് ശീലത്തിലെ ദ്രുതഗതിയിലുള്ള മാറ്റമാണ് ആമസോണ്‍, അസോസ്, ബൂഹൂ തുടങ്ങിയ ഓണ്‍ലൈന്‍ ഷോപ്പിംഗുകളിലെ വില്‍പ്പന വര്‍ധിപ്പിക്കുന്നതും. ബ്രിട്ടീഷ് നഗരങ്ങളിലെയും പട്ടണങ്ങളിലെയും ചില്ലറ വിപണികളെ വലുതാക്കുന്നതും ഈ മൗലികമാറ്റമാണ്. കഴിഞ്ഞ ഏതാനും നാളുകളായി ചില്ലറവിപണിയില്‍ തുടര്‍ച്ചയായ തകര്‍ച്ചയാണു കാണപ്പെടുന്നത്.

ഭക്ഷ്യവസ്തുക്കള്‍ തെക്കന്‍ അയര്‍ലന്‍ഡ് അതിര്‍ത്തിയില്‍ കെട്ടിക്കിടക്കുന്ന സാഹചര്യം വളരെ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ആസ്ഡയുടെ മേധാവി റോജര്‍ ബണ്‍ലി പറയുന്നു. എന്നാല്‍ ഭക്ഷ്യവിതരണത്തെക്കുറിച്ചുള്ള ഇത്തരം ആശങ്കകള്‍ തെരേസ മേയ് തള്ളിക്കളഞ്ഞു. ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന പ്രധാനമന്ത്രി പറഞ്ഞെങ്കിലും ഭക്ഷ്യസംഭരണത്തിനുള്ള നടപടികള്‍ ഇതേവരെ എടുത്തിട്ടില്ലെന്നതാണു വാസ്തവം. അതേസമയം, ബ്രെക്‌സിറ്റിന്റെ കാലാവധി അടുക്കുംതോറും സൂപ്പര്‍മാര്‍ക്കറ്റുകള്‍ പ്രായോഗികമായി മുമ്പോട്ടു പോകുകയാണ്. ഇതിന്റെ വരുംവരായ്കകളെ കുറിച്ച് സര്‍ക്കാര്‍ അവ്യക്തതയില്‍ ഉഴലുമ്പോള്‍ സ്വന്തം നിലനില്‍പ്പിനായുള്ള വഴി തേടുകയാണവര്‍.

ബ്രെക്‌സിറ്റ് പ്രതിരോധം

യൂറോപ്യന്‍ യൂണിയനുമായി തടസമില്ലാത്ത, നികുതിരഹിത വ്യാപാരഉടമ്പടിക്കായി പ്രചാരണം നടത്തുന്ന ബ്രിട്ടിഷ് റീറ്റെയില്‍ കണ്‍സോര്‍ഷ്യം നോ ഡീല്‍ ബ്രെക്‌സിറ്റിന്റെ പ്രത്യാഘാതങ്ങള്‍ കുറയ്ക്കാനുള്ള ആസൂത്രണപദ്ധതികള്‍ നടപ്പാക്കാന്‍ ചില്ലറ വ്യാപാരികള്‍ക്ക് കഴിയുമെന്ന് അവകാശപ്പെടുന്നു. നോഡീല്‍ ബ്രെക്‌സിറ്റ് വരുത്തിവെക്കാനിടയുള്ള നഷ്ടങ്ങള്‍ നിയന്ത്രിക്കാന്‍ ചില ത്വരിതപ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞയിടെ നടത്തിയിരുന്നെന്ന് കണ്‍സോര്‍ഷ്യത്തിന്റെ ഭക്ഷ്യവിഭാഗം മേധാവി ആന്‍ഡ്രൂ ഓപ്പി വ്യക്തമാക്കി. സൂപ്പര്‍മാര്‍ക്കറ്റുകളുമായി അടുത്തു സഹകരിച്ചു കൊണ്ട് ബ്രിട്ടണിലേക്കും പുറത്തേക്കുമുള്ള ഭക്ഷ്യവസ്തുവിതരണം ശക്തമാക്കാനുള്ള പുതിയ മാര്‍ഗങ്ങളെക്കുറിച്ച് പര്യാലോചന നടത്തിവരികയാണ്. ഭക്ഷ്യവസ്തുക്കളുടെ സംഭരണത്തിനാണ് ഇപ്പോള്‍ ഏറ്റവും ഊന്നല്‍ കൊടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

 

ഭക്ഷ്യസംഭരണത്തിലെ അപകടം

മിക്ക ഉപഭോക്തൃ കമ്പനികളും രാഷ്ട്രീയം സംസാരിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നു. ബ്രെക്‌സിറ്റ് വിവാദങ്ങളില്‍ പക്ഷം പിടിക്കാന്‍ ഭൂരിഭാഗവും തല്‍പ്പരരല്ല. എന്നാല്‍ ചിലര്‍ ക്ഷാമം പരിഹരിക്കാന്‍ ഭക്ഷ്യസംഭരണം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ബ്രിട്ടണ് ഒരു ബ്രെക്‌സിറ്റ് കരാറിലെത്താന്‍ കഴിയാത്തപക്ഷംക്രിസ്മസ് കഴിയുന്നതോടെ ഭക്ഷ്യസംഭരണം തടങ്ങുമെന്ന് റീറ്റെയില്‍ ഭീമനായ ടെസ്‌കോ പ്രഖ്യാപിച്ചിട്ടുണ്ട്. സ്റ്റോക്ക് ഉറപ്പാക്കാന്‍ 5-8 മില്ല്യണ്‍ പൗണ്ട് വിലവരുന്ന വീഞ്ഞ് സംഭരിക്കുമെന്നാണ് മജെസ്റ്റിക് വൈന്‍ അറിയിച്ചിരിക്കുന്നത്. അതുപോലെ, ഭക്ഷ്യോല്‍പ്പാദകരായ പ്രീമിയര്‍ ഫുഡ്‌സ് അസംസ്‌കൃത വസ്തുക്കള്‍ സംഭരിക്കാനായി 10 മില്ല്യണ്‍ പൗണ്ട് ചെലവാക്കാന്‍ തീരുമാനിച്ചിരിക്കുന്നു.

ഇതൊക്കെയാണെങ്കിലും ബ്രിട്ടണെ ഭക്ഷ്യപ്രശ്‌നം രൂക്ഷമായി ബാധിക്കാനിരിക്കുകയാണ്. ഉണക്കി സംസ്‌കരിച്ച് സൂക്ഷിക്കാനാകാത്ത പുതിയ ആഹാരം സംഭരിക്കുന്നതിനുള്ള സാധ്യത വളരെ വളരെ പരിമിതമാണെന്ന് ടെസ്‌കോ മേധാവി ഡേവ് ലൂയിസ് മുന്നറിയിപ്പു നല്‍കുന്നു. ഇത് പഴം- പച്ചക്കറി, റെഡി ടു ഈറ്റ് ഭക്ഷ്യവസ്തുക്കള്‍ പോലുള്ള അധികകാലെ സംഭരിക്കാനാകാത്ത ചരക്കുകളെ ആശ്രയിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റുകളെ കാര്യമായി ബാധിക്കും. ബ്രെക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാകുന്ന അടുത്ത മാര്‍ച്ചോടെ സ്ഥിതി കൂടുതല്‍ വഷളാകും. കാരണം ബ്രിട്ടണിലേക്കെത്തുന്ന പഴവര്‍ഗങ്ങളില്‍ കൂടുതലും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നോ അവിടത്തെ തുറമുഖങ്ങള്‍ വഴിയോ ആണ് ഇറക്കുമതി ചെയ്യുന്നത്.

സംഭരണശാലകളുടെ അഭാവമാണ് ഗുരുതരമായ മറ്റൊരു പ്രശ്‌നം. ഭക്ഷ്യവിതരണ ശൃംഖലയെ ബാധിക്കാന്‍ പോകുന്ന വലിയൊരു പ്രശ്‌നമാണിത്. ഉദാഹരണത്തിന് സെയിന്‍സ്ബറീസിന് ബ്രിട്ടണില്‍ 20 വിതരണ കേന്ദ്രങ്ങളുണ്ട്. ഇവിടെ പരമാവധി ഒരു ആഴ്ച മാത്രമാണ് ഭക്ഷണസാധനങ്ങള്‍ സംഭരിക്കാനാകൂ. കാര്‍ കമ്പനികള്‍ മുതല്‍ മരുന്ന് ഉല്‍പ്പാദന കമ്പനികള്‍ വരെയുള്ളവര്‍ക്ക് സംഭരണം വലിയ പ്രശ്‌നം തന്നെ. ശീതീകരണികള്‍ ഉള്ള സംഭരണകേന്ദ്രങ്ങളെല്ലാം ആമസോണ്‍ പോലുള്ള കുത്തകകമ്പനികള്‍ ഇതിനകം ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. വലിയ വാഗ്ദാനങ്ങള്‍ നല്‍കുന്ന ആഗോളഭീമന്മാര്‍ ഇത്തരം തന്ത്രങ്ങള്‍ പ്രയോഗിച്ചതോടെ തദ്ദേശചില്ലറവ്യാപാരികള്‍ക്ക് സംഭരണകേന്ദ്രങ്ങള്‍ കിട്ടാന്‍ വഴിയില്ലാതാകുകയാണ് ചെയ്തിരിക്കുന്നത്.

സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് എന്തു ചെയ്യാനാകും

മിക്ക കമ്പനികളും വാണിജ്യപരമായ സൂക്ഷ്മസംവേദനക്ഷമതയുടെ മറവില്‍ തങ്ങളുടെ പദ്ധതികള്‍ പുറത്തുവിടാതിരിക്കാനാണു ശ്രമിക്കുന്നതെങ്കിലും സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഇക്കാര്യത്തില്‍ മുന്‍കൈയെടുക്കണമെന്ന് കണ്‍സോര്‍ഷ്യം നിര്‍േദശിക്കുന്നു. ചില ചില്ലറവ്യാപാരികളാകട്ടെ, ഡോവര്‍ തുറമുഖത്തിനു പകരം ബദല്‍ മാര്‍ഗങ്ങളെ ആശ്രയിക്കാനുള്ള നീക്കം നടത്തുന്നു. സതാംപ്റ്റണ്‍, ഡിപി വേള്‍ഡ് ലണ്ടന്‍ ഗേറ്റ് വേതുടങ്ങിയ തുറമുഖങ്ങള്‍ ഉപയോഗിക്കാനാണ് ശ്രമം. എന്നാല്‍, ഇത്തരം ബദലുകള്‍ തീരെ അപര്യാപ്തമാണ്. ഇത്തരം തുറമുഖങ്ങളുടെ ശേഷി പരിമിതമായതിനാല്‍ ചരക്കുനീക്കത്തിന് കമ്പനികള്‍ക്കു ചെലവേറിയ വന്‍ട്രക്കുകള്‍ വാങ്ങേണ്ടി വരും. എന്നാല്‍പ്പോലും ഡോവര്‍ വഴി ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടെ അളവിനേക്കാള്‍ കൂടുതല്‍ ചരക്ക് ഈ തുറമുഖങ്ങളില്‍ ഇറക്കാനാകില്ലെന്നതാണു വാസ്തവം.

ഈ പ്രശ്‌നം പരിഹരിക്കാന്‍ കൂടുതല്‍ കാലം അതിജീവിക്കാന്‍ കഴിയുന്ന ഫലങ്ങള്‍ വാങ്ങുന്നതിനെക്കുറിച്ചു ചില വിതരണക്കാര്‍ ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇതിനുള്ള ഗവേഷണത്തിലാണ് പലരും. എട്ടു ദിവസം വരെ മോശമാകാതെ നില്‍ക്കുന്ന സ്‌ട്രോബെറി പോലുള്ള പഴങ്ങളാണ് അവര്‍ തെരഞ്ഞെടുത്തിരിക്കുന്നത്. അതേസമയം, സൂപ്പര്‍മാര്‍ക്കറ്റുകള്‍ വിതരണക്കാരുമായി ചേര്‍ന്ന് ബ്രെക്‌സിറ്റ് നടപ്പാക്കുമ്പോഴുണ്ടായേക്കാവുന്ന നെല്ലും പതിരും വേര്‍തിരിച്ചെടുക്കാനുള്ള ശ്രമത്തിലാണ്. നികുതിനിരക്കുകള്‍, ചേരുവകള്‍, പാക്കേജിംഗ് മെറ്റീരിയലുകള്‍, ലേബലിംഗ്, യൂറോപ്യന്‍ യൂണിയന്‍ ജീവനക്കാര്‍ എന്നിവ ഉള്‍പ്പെടെയുള്ള പ്രതികൂല പ്രത്യാഘാതങ്ങളെ കുറിച്ച് വിതരണക്കാരെ ബോധ്യപ്പെടുത്താനാണ് അവര്‍ വിയര്‍പ്പൊഴുക്കുന്നത്.

പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമോ

ഡോവര്‍ തുറമുഖത്തിന്റെ പ്രാധാന്യവും നികുതി നിരക്കുകള്‍ സൃഷ്ടിക്കുന്ന ഭീഷണിയും ബ്രെക്‌സിറ്റ് കാലത്ത് സൂപ്പര്‍മാര്‍ക്കറ്റുകള്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ഒരു ഫലവും നല്‍കില്ലെന്നാണ് ആശങ്ക. സൂപ്പര്‍മാര്‍ക്കറ്റുകള്‍ സാധ്യമാകുന്നതിന്റെ പരമാവധി ചെയ്യുന്നുണ്ട്, പക്ഷേ ബ്രെക്‌സിറ്റ് വരുത്തിവെക്കാന്‍ പോകുന്ന നഷ്ടങ്ങള്‍ക്കത് നഷ്ടപരിഹാരമാകില്ലെന്ന് ഓപ്പി പറയുന്നു. ബ്രിട്ടിഷ് പൗരന്മാര്‍ കൂടുതല്‍ പണം നല്‍കി പരിചിതമല്ലാത്ത ആഹാരസാധനങ്ങള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാകുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണു വരാന്‍ പോകുന്നത്. എന്നാല്‍ മറ്റു ചില ബിസിനസുകളെപ്പോലെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ വ്യത്യസ്തതയ്ക്ക് വേണ്ടി വൈദഗ്ധ്യം നേടിയെടുത്തവയല്ലെന്നതാണ് വേരൊരു ആശങ്ക. ഇതുവരെ വിശദമായ ബ്രെക്‌സിറ്റ് പദ്ധതി തയാറാക്കിയിട്ടില്ലെന്ന്‌സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല ആല്‍ഡിയുടെ ബ്രിട്ടീഷ് മേധാവി ഗൈല്‍സ് ഹര്‍ലി സമ്മതിക്കുന്നു. സ്വന്തമായി ബ്രെക്‌സിറ്റിനെ നേരിടാന്‍ നടത്തുന്ന തയാറെടുപ്പുകളെക്കുറിച്ച് ആരും വിശദാംശങ്ങള്‍ പങ്കുവെക്കാന്‍ തയ്യാറാകുന്നുമില്ല.

സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല ലിഡില്‍ അവകാശപ്പെടുന്നത് തങ്ങള്‍ക്ക് ഒരു സമര്‍പ്പിത ടാസ്‌ക് ഫോഴ്‌സ് ഉണ്ട്. കണ്‍സോഷ്യവും സര്‍ക്കാര്‍ വിഭാഗങ്ങളുമായി സഹകരിച്ചുകൊണ്ട് പുതിയ സംഭവവികാസങ്ങളെക്കുറിച്ച് ഞങ്ങള്‍ വിവരങ്ങള്‍ ശേഖരിച്ചു വരുകയാണ്. ബ്രെക്‌സിറ്റാനന്തര സാഹചര്യങ്ങള്‍ നേരിടാന്‍ തങ്ങള്‍ സദാ സന്നദ്ധരാണെന്ന് കമ്പനി അവകാശപ്പെടുന്നു. സെയിന്‍സ്ബറീസ് അര്‍ധവര്‍ഷ റിപ്പോര്‍ട്ട് പുറത്തുവിട്ടു കൊണ്ടു പറഞ്ഞത് ബ്രെക്‌സിറ്റ് ചര്‍ച്ചകളെ കമ്പനി സൂക്ഷമതയോടെ നിരീക്ഷിക്കുകയാണെന്നും ഫലങ്ങള്‍ ഉപയോക്താക്കളെ എങ്ങനെ സ്വാധീനിക്കുമെന്നു പരിശോധിക്കുമെന്നുമാണ്. സഹസ്ഥാപനങ്ങളുടെയും വിതരണശൃംഖലകളുടെയും നിലപാടുകള്‍ കൂടി അറിഞ്ഞ ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും കമ്പനി അറിയിച്ചു. കൂടുതലെന്തെങ്കിലും പറയാന്‍ വക്താവ് വിസമ്മതിച്ചു.

ബ്രിട്ടിഷ് സൂപ്പര്‍മാര്‍ക്കറ്റുകള്‍ ബ്രെക്‌സിറ്റിനെ പ്രധാനമായി പരിഗണിക്കുന്നില്ലെന്ന് ഇതിനര്‍ത്ഥമില്ല. തങ്ങളുടെ പദ്ധതികളില്‍ മറച്ചുവെക്കാനുള്ള അവകാശം അവര്‍ക്കുണ്ടു താനും. എങ്കിലും പരസ്പരസഹകരണത്തിനും ആശയങ്ങള്‍ പങ്കുവയ്ക്കാനുമായി സമയം കിട്ടുമെങ്കില്‍ ഏറ്റവും ഉചിതമായ നടപടിയാണത്. ചില്ലറവ്യാപാരികള്‍ക്കു ഭീഷണിയാകുന്ന കാര്യങ്ങളെ ഭാവിയില്‍ അവരുടെ ബിസിനിസ് വളര്‍ച്ചയ്ക്ക് ഉപയുക്തമാക്കാനുള്ള കൂട്ടായ ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്. ബ്രിട്ടീഷ് റീറ്റെയ്ല്‍രംഗം ഇന്ന് വലിയ ഭീഷണി നേരിടുകയാണ്. ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥ അതിന്റെ ഉപഭോക്താക്കളെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. ഇതിനെ ഏറ്റവും കൂടുതല്‍ പിന്തുണയ്ക്കുന്നത് ചില്ലറവ്യാപാരരംഗമാണ്. ഈ അവസരത്തില്‍ ഭീഷണി നേരിടുന്ന എല്ലാവരും യോജിച്ച് ബദല്‍മാര്‍ഗങ്ങള്‍ കണ്ടെത്തിയാലേ അതിജീവനം സാധ്യമാകൂ.

Comments

comments

Categories: FK Special, Top Stories
Tags: Brexit