താരിഫ് യുദ്ധം അവസാനിക്കുമോ?

താരിഫ് യുദ്ധം അവസാനിക്കുമോ?

വ്യാപാരയുദ്ധത്തിന്റെ ഭീതി ഒഴിയുമെന്ന പ്രതീക്ഷയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും തമ്മില്‍ നടത്തയി ചര്‍ച്ച നല്‍കുന്നത്. നേതാക്കളുടെ പക്വതയാണ് ഇനി ആവശ്യം

ഗോള സമ്പദ് വ്യവസ്ഥയെ രൂക്ഷമായി ബാധിച്ചുവരികയാണ് യുഎസും ചൈനയും തമ്മിലുടലെടുത്ത വ്യാപാര യുദ്ധം. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിന്റെയും സ്വാര്‍ത്ഥതാല്‍പ്പര്യങ്ങളുടെ ഫലമായി സൃഷ്ടിക്കപ്പെട്ട താരിഫ് യുദ്ധം ലോകത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ വേഗതയില്‍ മന്ദത വരുത്തി. വ്യാപാര അസ്വസ്ഥതകള്‍ക്കൊപ്പം പല രാജ്യങ്ങളിലും ഇത് രാഷ്ട്രീയ അസ്വസ്ഥതയും സൃഷ്ടിക്കുന്നുണ്ട്.

അര്‍ജന്റീനയില്‍ നടന്ന ജി20 ഉച്ചകോടിയുടെ ഭാഗമായി ഇരുനേതാക്കളും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. താല്‍ക്കാലികമായി താരിഫ് യുദ്ധം നിര്‍ത്തിവെച്ച് ചര്‍ച്ചകള്‍ തുടരാനാണ് ട്രംപും ഷി ജിന്‍പിംഗും തീരുമാനിച്ചിരിക്കുന്നത്.

അമേരിക്കയിലെയും ചൈനയിലെയും ബിസിനസുകള്‍ക്ക് മാത്രമല്ല, ആഗോള സാമ്പത്തിക വളര്‍ച്ചയെ സംബന്ധിച്ചും ശുഭസൂചകമാണ് ഈ തീരുമാനം. പുതിയ താരിഫുകള്‍ ഏര്‍പ്പെടുത്തില്ലെന്നും വ്യാപാര ചര്‍ച്ചകള്‍ സജീവമാക്കുകയാണ് ലക്ഷ്യമെന്നും ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യി വ്യക്തമാക്കിയിട്ടുണ്ട്.

പുതിയ താഴ്ച്ചയിലേക്ക് പതിച്ചുകൊണ്ടിരുന്ന ചൈന-അമേരിക്ക വ്യാപാര ബന്ധം മെച്ചപ്പെടുമെന്ന പ്രതീക്ഷയാണ് ഇതോടെ കൈവന്നിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ രണ്ട് സമ്പദ് വ്യവസ്ഥകളെന്ന നിലയില്‍ അമേരിക്കയും ചൈനയും തമ്മിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ വിപണിയുടെ ആത്മവിശ്വാസത്തെ വളരെ മോശം രീതിയിലാണ് ബാധിച്ചത്. അമേരിക്ക ഫസ്റ്റ് എന്ന കാംപെയ്‌നിന്റെ ഭാഗമായി മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് അധിക തീരുവ ഏര്‍പ്പെടുത്തിയ ട്രംപിന്റെ നടപടി വ്യാപകമായ വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചത്.

ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ അമേരിക്കയും അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ ചൈനയും തീരുവ കൂട്ടിയുള്ള അനാരോഗ്യകരമായ മല്‍സരത്തിനാണ് കഴിഞ്ഞ കുറച്ചു നാളുകളായി ലോകം സാക്ഷ്യം വഹിക്കുന്നത്. പുതിയ സമവായനീക്കങ്ങളുടെ ഭാഗമായി 200 ബില്ല്യണ്‍ ഡോളറിന്റെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ 25 ശതമാനത്തിന്റെ അധിക തീരുവ നടപ്പാക്കില്ലെന്ന് അമേരിക്ക തീരുമാനിച്ചിട്ടുണ്ട്. ഇത് 10 ശതമാനമാക്കി നിലനിര്‍ത്തും. അതേസമയം ട്രംപ് ഉന്നയിക്കുന്ന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനും അതില്‍ ചര്‍ച്ച നടത്താനും ചൈന തയാറാകുകയും വേണം. ബൗദ്ധിക സ്വത്തുക്കളുടെ മോഷണവും സൈബര്‍ മോഷണവുമെല്ലാം ചൈനയ്‌ക്കെതിരെ നിലനില്‍ക്കുന്ന ആരോപണങ്ങളാണ്.

90 ദിവസമാണ് ചര്‍ച്ചകള്‍ക്കായി അമേരിക്ക മാറ്റിവെച്ചിരിക്കുന്നത്. അതിനുള്ളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ വ്യാപാര യുദ്ധത്തിന്റെ കാര്യത്തില്‍ സമവായത്തിലെത്തിയില്ലെങ്കില്‍ തീരുവ 25 ശതമാനമെന്ന നിലയിലേക്ക് ഉയര്‍ത്തുമെന്നാണ് അമേരിക്കയുടെ ഭീഷണി. അത്തരമൊരു സങ്കീര്‍ണ അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയാല്‍ ആഗോള സാമ്പത്തിക ആവാസവ്യവസ്ഥ ആകെ തകിടം മറിയുമെന്ന കാര്യത്തില്‍ സംശമില്ല. ഈ ബോധ്യത്തോടു കൂടി വേണം ഇരു രാജ്യങ്ങളും വിഷയത്തെ സമീപിക്കേണ്ടത്. ഉല്‍പ്പാദനത്തിനും കയറ്റുമതിക്കും വ്യാപാരത്തിനുമൊപ്പം തങ്ങളുടെ അധിനിവേശ താല്‍പ്പര്യങ്ങള്‍ കൂടി നടപ്പാക്കാനുള്ള ശ്രമം ചൈന ഉപേക്ഷിക്കുകയും വേണം.

Comments

comments

Categories: Editorial, Slider