എസ്ബിഐ മൂന്ന് നിഷ്‌ക്രിയാസ്തികള്‍ കൂടി വില്‍ക്കുന്നു

എസ്ബിഐ മൂന്ന് നിഷ്‌ക്രിയാസ്തികള്‍ കൂടി വില്‍ക്കുന്നു

നവംബര്‍ 22 ന് ഇ-ലേലത്തിലൂടെ എസ്ബിഐ 11 നിഷ്‌ക്രിയാസ്തി എക്കൗണ്ടുകള്‍ വിറ്റിരുന്നു

ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ മൂന്ന് നിഷ്‌ക്രിയാസ്തി(എന്‍പിഎ) എക്കൗണ്ടുകള്‍ വില്‍ക്കാനൊരുങ്ങുന്നു. 2,110.71 കോടി രൂപയുടെ കിട്ടാക്കടം തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായാണ് ഇത്. സോന അലോയ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, എംസിഎല്‍ ഗ്ലോബല്‍ സ്റ്റീല്‍ പ്രൈവറ്റ് ലിമിറ്റഡ്, ജയ്‌സ്‌വാള്‍ നെകോ ഇന്‍ഡസ്ട്രീസ് എന്നിവയുടെ മൂന്ന് നിഷ്‌ക്രിയാസ്തി എക്കൗണ്ടുകളാണ് വില്‍പ്പനയ്ക്കായി വെച്ചിരിക്കുന്നത്. ഇവയുടെ ഇ-ലേലം ഡിസംബര്‍ 13ന് നടക്കും.

ബാങ്കിന്റെ നയത്തിന്റെ അടിസ്ഥാനത്തില്‍ റെഗുലേറ്ററി മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് ബാങ്കുകള്‍, ആസ്തി പുനക്രമീകരണ കമ്പനികള്‍(എആര്‍സി), എന്‍ബിഎഫ്‌സികള്‍, എഫ്‌ഐകള്‍ എന്നിവയിലേതിനെങ്കിലും വ്യവസ്ഥകളും ഉപാധികളും അനുസരിച്ച് സാമ്പത്തിക ആസ്തികള്‍ വില്‍ക്കുന്നതിന് തങ്ങള്‍ തയാറാണെന്ന് എസ്ബിഐയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന താല്‍പ്പര്യ പത്രങ്ങള്‍ ക്ഷണിച്ചുകൊണ്ടുള്ള നോട്ടിസില്‍ അറിയിക്കുന്നു. താല്‍പ്പര്യ പത്രം സമര്‍പ്പിച്ചതിനു ശേഷം ഈ ആസ്തികളില്‍ നോണ്‍-ഡിസ്‌ക്ലോഷര്‍ കരാര്‍ പ്രകാരം പരിശോധന നടത്താമെന്നും എസ്ബിഐ അറിയിച്ചിട്ടുണ്ട്. കരാര്‍ അന്തിമമായി തീരുമാനിച്ചാല്‍ ഉടന്‍തന്നെ ഉഭയകക്ഷി കരാര്‍ പ്രകാരം സമയബന്ധിതമായി നിയമനടപടികള്‍ പൂര്‍ത്തീകരിക്കുമെന്നും എസ്ബിഐ അറിയിച്ചു.

നേരത്തെ നവംബര്‍ 22 ന് ഇ-ലേലത്തിലൂടെ എസ്ബിഐ 11 നിഷ്‌ക്രിയാസ്തി എക്കൗണ്ടുകള്‍ വിറ്റിരുന്നു. 1,019 കോടി രൂപയുടെ കിട്ടാക്കടം തിരിച്ചുപിടിക്കാനായിരുന്നു ഇത്. സെപ്റ്റംബര്‍ 30 ലെ കണക്കുകള്‍ പ്രകാരം എസ്ബിഐയുടെ അറ്റ നിഷ്‌ക്രിയാസ്തി അനുപാതം 9.95 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇത് 9.83 ശതമാനമായിരുന്നു.

നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ബാങ്കിന്റെ സംയോജിത അറ്റാദായം 69 ശതമാനം ഇടിഞ്ഞ് 576.46 കോടി രൂപയായി. മുന്‍ വര്‍ഷം ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ 1,840.43 കോടി രൂപയുടെ സംയോജിത അറ്റാദായമാണ് രേഖപ്പെടുത്തിയിരുന്നത്.

Comments

comments

Categories: Business & Economy, Slider
Tags: SBI