ഇന്ത്യന്‍ ബാങ്കിംഗ് മേഖലയെ കുറിച്ചുള്ള വീക്ഷണം സുസ്ഥിരം: മൂഡീസ്

ഇന്ത്യന്‍ ബാങ്കിംഗ് മേഖലയെ കുറിച്ചുള്ള വീക്ഷണം സുസ്ഥിരം: മൂഡീസ്

നടപ്പു സാമ്പത്തികവര്‍ഷത്തിലെ ഇന്ത്യയുടെ യഥാര്‍ത്ഥ ജിഡിപി വളര്‍ച്ച 7.2 ശതമാനമായിരിക്കുമെന്ന് നിഗമനം

ന്യൂഡല്‍ഹി: അടുത്ത 12 മുതല്‍ 18 വരെ മാസങ്ങളിലെ ഇന്ത്യന്‍ ബാങ്കിംഗ് മേഖലയെ സംബന്ധിച്ച് വീക്ഷണം സുസ്ഥിരം എന്ന് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് ഇന്‍വെസ്‌റ്റേഴ്‌സ് സര്‍വീസ് രേഖപ്പെടുത്തി. സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച ഘടകങ്ങളെല്ലാം ആരോഗ്യകരമായി തുടരുന്നുവെന്നും ആസ്തി ഗുണമേന്മ മോശം നിലവാരത്തിലേക്ക് പോയിയെങ്കിലും സ്ഥിരത കൈവരിക്കുകയാണെന്നും മൂഡീസ് അഭിപ്രായപ്പെടുന്നു.

പ്രവര്‍ത്തന അന്തരീക്ഷം, ആസ്തികളുടെ നിലവാരം, മൂലധനം, ഫണ്ടിംഗും പണമൊഴുക്കും, ലാഭക്ഷമതയും കാര്യക്ഷമതയും, സര്‍ക്കാരിന്റെ പിന്തുണ എന്നീ ആറ് മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് സുസ്ഥിരം എന്ന വീക്ഷണം മൂഡിസ് രേഖപ്പെടുത്തുന്നത്. ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചയുടെ പിന്തുണയോടെ പ്രവര്‍ത്തന അന്തരീക്ഷം സുസ്ഥിരമായി നിലനില്‍ക്കുമെന്ന് മൂഡീസ് പ്രസ്താവനയില്‍ പറഞ്ഞു.

2019 മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തികവര്‍ഷത്തിലെ ഇന്ത്യയുടെ യഥാര്‍ത്ഥ ജിഡിപി(മൊത്ത ആഭ്യന്തര ഉല്‍പ്പാദനം)വളര്‍ച്ച 7.2 ശതമാനമായിരിക്കുമെന്ന് മൂഡിസ് വിലയിരുത്തുന്നു. അതിനടുത്ത വര്‍ഷം ജിഡിപി വളര്‍ച്ചാ നിരക്ക് 7.4 ശതമാനമായിരിക്കും. നിക്ഷേപ വളര്‍ച്ച കൂടുതല്‍ മെച്ചപ്പെടുകയും ശക്തമായ ഉപഭോഗം ഉണ്ടാവുകയും ചെയ്യുമെന്ന് റേറ്റിംഗ് ഏജന്‍സി വിലയിരുത്തുന്നു.

ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍(എന്‍ബിഎഫ്‌സി)നേരിടുന്ന വായ്പാ പ്രതിസന്ധി വളര്‍ച്ചയെ ബാധിക്കും. പലിശ നിരക്കുകള്‍ ഉയര്‍ത്തുന്നതും വെല്ലുവിളികള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് മൂഡീസ് ചൂണ്ടിക്കാണിക്കുന്നു. പ്രശ്‌നബാധിതമായ വായ്പകളെ ബാങ്കുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ നിഷ്‌ക്രിയാസ്തികളില്‍(എന്‍പിഎല്‍) നിന്ന് ബാങ്കുകള്‍ വീണ്ടെടുക്കല്‍ തുടങ്ങിയിട്ടുണ്ടെന്ന് മൂഡീസ് പറയുന്നു. ആസ്തികളുടെ ഗുണനിലവാരം ഉയര്‍ത്താന്‍ ഇത് ഉപകരിക്കും.

പൊതുമേഖലാ ബാങ്കുകള്‍ക്ക് മൂലധന പര്യാപ്തത ദുര്‍ബലമായി തുടരുമെന്നാണ് കാണിക്കുന്നത്. മൂലധന ആവശ്യകതകള്‍ നിറവേറ്റാന്‍ സര്‍ക്കാരില്‍ നിന്നുള്ള സഹായത്തെ ആശ്രയിക്കേണ്ടിവരുമെന്നും മൂഡീസ് ചൂണ്ടിക്കാണിക്കുന്നു. ബാങ്കുകളുടെ ലാഭക്ഷമത മെച്ചപ്പെടുമെങ്കിലും ഉയര്‍ന്ന വായ്പാ ചെലവുകള്‍ കാരണം അത് നേരിയ തോതിലാകാന്‍ സാധ്യതയുണ്ട്. ഇന്ത്യയിലെ 15 വാണിജ്യ ബാങ്കുകളെയാണ് മൂഡീസ് റേറ്റ് ചെയ്തത്. 70 ശതമാനത്തോളം ആസ്തികളുടെയും കണക്കുകള്‍ പരിശോധിച്ചു.

Comments

comments

Categories: Current Affairs, Slider
Tags: Moody's