‘മിസ്റ്റര്‍ 911’ വിരമിക്കുന്നു

‘മിസ്റ്റര്‍ 911’ വിരമിക്കുന്നു

കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി 911 വികസിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയ ഓഗസ്റ്റ് ആക്ലിറ്റ്‌നര്‍ പോര്‍ഷെയില്‍നിന്ന് പടിയിറങ്ങുന്നു

സ്റ്റുട്ട്ഗാര്‍ട്ട് : ഓഗസ്റ്റ് ആക്ലിറ്റ്‌നര്‍ പോര്‍ഷെയില്‍നിന്ന് പടിയിറങ്ങുന്നു. 2001 മുതല്‍ പോര്‍ഷെ 911 രൂപപ്പെടുത്തുന്നതിന്റെ ചുമതല വഹിച്ചിരുന്നത് ഓഗസ്റ്റ് ആക്ലിറ്റ്‌നറാണ്. ഏകദേശം രണ്ട് പതിറ്റാണ്ട് കാലത്തിനുശേഷം പോര്‍ഷെ 911 മോഡലിന്റെ തുടര്‍ന്നുള്ള ഉത്തരവാദിത്തം ഫ്രാങ്ക്-സ്റ്റീഫന്‍ വാലിസറിനാണ് കൈമാറുന്നത്. നിലവില്‍ പോര്‍ഷെയില്‍ മോട്ടോര്‍സ്‌പോര്‍ട് ആന്‍ഡ് ജിടി റോഡ് വെഹിക്കിള്‍സ് വിഭാഗം മേധാവിയാണ് വാലിസര്‍. 2001 മുതല്‍ 911 മോഡല്‍ സീരീസിന്റെ ഉത്തരവാദിത്തം ഒന്നാകെ ഓഗസ്റ്റ് ആക്ലിറ്റ്‌നറുടെ ചുമലിലായിരുന്നു. 2019 ഒന്നാം പാദത്തില്‍ ഫ്രാങ്ക്-സ്റ്റീഫന്‍ വാലിസര്‍ ചുമതല ഏറ്റെടുക്കും.

1963 ലാണ് പോര്‍ഷെ 911 സൃഷ്ടിക്കപ്പെടുന്നത്. ഓട്ടോമോട്ടീവ് ലോകത്ത് പിറവിയെടുത്തശേഷം ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച കാറുകളിലൊന്ന് എന്ന ഖ്യാതി നേടാന്‍ പോര്‍ഷെ 911 മോഡലിന് കഴിഞ്ഞിരുന്നു. രൂപകല്‍പ്പനാ പാരമ്പര്യം ഇപ്പോഴും കൈമോശം വരാതെ സൂക്ഷിക്കാന്‍ കാറിന് കഴിയുന്നു. 1963 നുശേഷം പോര്‍ഷെ ബ്രാന്‍ഡിന്റെ ഏറ്റവും പ്രധാനപ്പെട്ട കാറുകളിലൊന്നായി ‘911’ മാറി. ഓസ്ട്രിയയില്‍ ജനിച്ച ആക്ലിറ്റ്‌നര്‍ പോര്‍ഷെയില്‍ 35 വര്‍ഷത്തെ സേവനത്തിനുശേഷമാണ് റിട്ടയര്‍മെന്റ് ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്.

ഓഗസ്റ്റ് ആക്ലിറ്റ്‌നറുടെ അസാധാരണ പ്രതിബദ്ധതയ്ക്ക് നന്ദി അറിയിക്കുന്നതായി പോര്‍ഷെ സിഇഒ ഒളിവര്‍ ബ്ലൂം പറഞ്ഞു. കഴിഞ്ഞ പതിനെട്ട് വര്‍ഷത്തിനിടെ മറ്റാരേക്കാളും നന്നായി പോര്‍ഷെ 911 രൂപപ്പെടുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. 911 മോഡലിന്റെ സവിശേഷ സ്വഭാവം നിലനിര്‍ത്തുമ്പോള്‍ തന്നെ ഓരോ തവണയും കാര്‍ എങ്ങനെ പരിഷ്‌ക്കരിക്കാമെന്ന് ഓഗസ്റ്റ് ആക്ലിറ്റ്‌നര്‍ മനസ്സിലാക്കിയിരുന്നതായും ഒളിവര്‍ ബ്ലൂം പ്രസ്താവിച്ചു. ഓഗസ്റ്റ് ആക്ലിറ്റ്‌നറുടെ മേല്‍നോട്ടത്തില്‍ സൃഷ്ടിച്ച മൂന്നാമത്തെ പോര്‍ഷെ 911 (992 സീരീസ്) ഈയിടെ ലോസ് ആഞ്ജലസ് ഓട്ടോ ഷോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 2019 മോഡല്‍ പോര്‍ഷെ 911 പുറത്തിറക്കുന്നതോടെ ആക്ലിറ്റ്‌നര്‍ സ്ഥാനമൊഴിയും.

Comments

comments

Categories: Auto