ഇന്ത്യയിലെ ഏറ്റവും വേഗമേറിയ ട്രെയ്‌നായി ‘ട്രെയ്ന്‍ 18’

ഇന്ത്യയിലെ ഏറ്റവും വേഗമേറിയ ട്രെയ്‌നായി ‘ട്രെയ്ന്‍ 18’

പരീക്ഷണ ഓട്ടത്തിനിടെ മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗം കൈവരിച്ചു

ന്യൂഡെല്‍ഹി: ഇന്ത്യന്‍ റെയ്ല്‍വേയുടെ ആദ്യ എന്‍ജിന്‍ രഹിത ഹൈസ്പീഡ് ട്രെയ്ന്‍ ‘ട്രെയ്ന്‍ 18’ പരീക്ഷണ ഓട്ടത്തിനിടെ റെക്കോഡ് വേഗം സ്വന്തമാക്കി. ഇന്നലെ പരീക്ഷണ ഓട്ടത്തിനിടെ മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗം കൈവരിച്ചുവെന്ന് ഇന്റഗ്രല്‍ കോച്ച് ഫാക്റ്ററി ജനറല്‍ മാനേജര്‍ സുധാന്‍ഷു മണി പറഞ്ഞു. ഇതോടെ ഇതുവരെ ഇന്ത്യന്‍ റെയ്ല്‍വേക്ക് കീഴിലുള്ള ഏറ്റവും വേഗമേറിയ ട്രെയ്‌നായി ട്രെയ്ന്‍ 18 മാറി. ഡെല്‍ഹിക്കും ഝാന്‍സിക്കും ഇടയിലുള്ള ഗട്ടിമാന്‍ എക്‌സ്പ്രസാണ് നിലവില്‍ സര്‍വീസ് നടത്തുന്ന ഏറ്റവും വേഗമേറിയ ട്രെയ്ര്ന്‍. മണിക്കൂറില്‍ 160 ആണ് ഇതിന്റെ പരമാവധി വേഗം. നേരത്തേ സ്‌പെയ്‌നില്‍ നിന്നുള്ള ടാല്‍ഗോ ട്രെയ്ന്‍ ഇന്ത്യന്‍ ട്രാക്കുകളില്‍ മണിക്കൂറില്‍ 180 കിലോമീറ്റര്‍ എന്ന വേഗം കൈവരിച്ചിട്ടുണ്ട്.
മേക്ക് ഇന്‍ ഇന്ത്യ കാംപെയ്‌നില്‍ ഉള്‍പ്പെടുത്തി ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ചതാണ് ട്രെയ്ന്‍ 18. അത്യാധുനിക സംവിധാനങ്ങളോടെയാണ് ഈ ട്രെയ്ന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഒക്‌റ്റോബര്‍ അവസാനത്തോടെയാണ് പരീക്ഷണ ഓട്ടം ആരംഭിച്ചത്. ഡെല്‍ഹി- മുംബൈ രാജധാനി റൂട്ടിലെ പരീക്ഷണ ഓട്ടത്തിനിടെയാണ് റെക്കോഡ് വേഗം കൈവരിച്ചത്.

പൂര്‍ണമായും ശീതീകരിച്ച കംപാര്‍ട്ട്‌മെന്റുകളും ഓട്ടോമേറ്റിക് ഡോറുകളും സ്റ്റെപ്പുകളും ട്രെയ്ന്‍ 18ന്റെ സവിശേഷതയാണ്. കോച്ചുകളില്‍ വൈ ഫൈ, ജി പി എസ് അടിസ്ഥാന പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനം, ബയോ വാക്വം സിസ്റ്റത്തോട് കൂടിയ ടോയ്‌ലെറ്റ് തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്.

സര്‍വീസ് ആരംഭിക്കുമ്പോള്‍ പരമാവധി 160 കിലോമീറ്റര്‍ വേഗത്തില്‍ തന്നെയാകും സാധാരണയായി ഈ ട്രെയ്ന്‍ ഓടിക്കുക. 10 ശതമാനം കൂടുതല്‍ വേഗതയില്‍ പരീക്ഷണം നടത്താറുണ്ട്. ഡിസംബറോടെ ട്രയല്‍ റണ്‍ പൂര്‍ത്തിയാക്കി സര്‍വീസ് ആരംഭിക്കുന്നതിനുള്ള റൂട്ടുകള്‍ റെയ്ല്‍വേ നിശ്ചയിക്കും. ഡെല്‍ഹി- ഭോപ്പാല്‍ റൂട്ടിനു പുറമേ വാരണാസി റൂട്ട് കൂടി പരിഗണനയിലുണ്ട്. 30 വര്‍ഷം പഴക്കമുള്ള ജനശദാബ്ദി ട്രെയിനുകള്‍ക്ക് പകരമകും ട്രെയ്ന്‍ 18 സര്‍വീസ് നടത്തുക.

ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്റ്ററി(ഐസിഎഫ് ചെന്നൈ)യില്‍ നിര്‍മിച്ച ട്രെയ്ന്‍ 18 ഇടവിട്ടുള്ള ഓരോ കോച്ചിലും ഘടിപ്പിച്ചിട്ടുള്ള മോട്ടോറുകളാണ് മുന്നോട്ട് കുതിപ്പിക്കുക. 16 കോച്ചുകളാണ് ഉള്ളത്. ഫെബ്രുവരില്‍ ഒരു ട്രെയ്ന്‍ 18 കൂടി പുറത്തിറക്കാനാകുമെന്നാണ് ഐസിഎഫ് ചെന്നൈ കരുതുന്നത്. അടുത്ത സാമ്പത്തിക വര്‍ഷം ഇത്തരത്തില്‍ നാലെണ്ണം കൂടി അവതരിപ്പിക്കാനും ലക്ഷ്യമിടുന്നു.

Comments

comments

Categories: Current Affairs, Slider
Tags: Train 18