2022ലെ ജി 20 ഉച്ചകോടിക്ക് ഇന്ത്യ വേദിയാകും

2022ലെ ജി 20 ഉച്ചകോടിക്ക് ഇന്ത്യ വേദിയാകും

റഷ്യ, ചൈന എന്നിവയുമായും അമേരിക്ക, ജപ്പാന്‍ എന്നിവയുമായും പ്രത്യേക ത്രികക്ഷി ചര്‍ച്ച നടത്തി

ന്യൂഡെല്‍ഹി: ജി20 ഉച്ചകോടിക്ക് സ്വതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികമാഘോഷിക്കുന്ന 2022ല്‍ ഇന്ത്യ ആതിഥ്യമരുളും. അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്‌സില്‍ നടന്ന ഈ വര്‍ഷത്തം ജി20 ഉച്ചകോടിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. മുന്‍ നിശ്ചയ പ്രകാരം 2021ലായിരുന്ന ഇന്ത്യയുടെ ഊഴം. 2022ല്‍ ഇറ്റലിയായിരുന്നു ഉച്ചകോടിക്ക് വേദിയാകേണ്ടത്. എന്നാല്‍ 2022ന് ഇന്ത്യക്കുള്ള പ്രാധാന്യം കണക്കിലെടുത്ത് ഇത് വെച്ചുമാറാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യര്‍ത്ഥന ഇറ്റലി സ്വീകരിക്കുയായിരുന്നു.

2022 ല്‍ ജി20 ഉച്ചകോടിക്ക് ആതിഥ്യമേകാനുള്ള അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു എല്ലാ ജി 20 രാഷ്ട്ര തലവന്‍മാരേയും ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തിട്ടുണ്ട്.
2019 ലെ ജി20 ഉച്ചകോടി ജപ്പാനിലാണ്. 2020ല്‍ സൗദി അറേബ്യയില്‍ വെച്ചാകും ഉച്ചകോടി നടക്കുക.
ജി-20 ഉച്ചകോടിയുടെ ഇടവേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ എന്നിവര്‍ പ്രത്യേക ത്രികക്ഷി ചര്‍ച്ചകള്‍ നടത്തിയിരുന്നു. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റിക് എന്നറിയപ്പെടുന്ന കൂട്ടായ്മ ചര്‍ച്ചനടത്തിയത്. അമേരിക്കയുമായും ജപ്പാനുമായും ചേര്‍ന്നും ഇന്ത്യ ത്രികക്ഷി ചര്‍ച്ച നടത്തി. ‘ജയ്’ എന്നാണ് ഈ ചര്‍ച്ചയെ മോദി വിശേഷിപ്പിച്ചത്.

സാമ്പത്തിക കുറ്റവാളികളെ കൈമാറുന്നത് വേഗത്തിലാക്കല്‍, ഭീകരതക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയല്‍, കള്ളപ്പണം കണ്ടെത്തുന്നതിലെ സഹകരണം എന്നിവയുള്‍പ്പെട്ട ഒമ്പതിന അജണ്ടയാണ് ഇന്ത്യ സമ്മേളനത്തില്‍ മുന്നോട്ടുവെച്ചത്. ഉച്ചകോടിക്കിടെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, ജര്‍മന്‍ ചാന്‍സലര്‍ ഏഞ്ചലാ മെര്‍ക്കല്‍ എന്നിവരുള്‍പ്പടെ വേറെയും നിരവധി രാഷ്ട്ര തലവന്‍മാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. സാങ്കേതികവിദ്യ, കൃഷി, ഊര്‍ജം തുടങ്ങിയ മേഖലകളില്‍ അടുത്ത രണ്ട് വര്‍ഷം സൗദി ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം നടത്തും. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗട്ടേഴ്‌സുമായും മോദി കൂടിക്കാഴ്ച നടത്തി. രണ്ടു മാസത്തിനിടെ ഗട്ടേഴ്‌സുമായി പ്രധാനമന്ത്രി രണ്ടാമത്തെ തവണയാണ് ചര്‍ച്ച നടത്തുന്നത്.

ആഗോള ജിഡിപിയുടെ 90 ശതമാനവും വ്യാപാരത്തിന്റെ 80 ശതമാനവും കൈകാര്യം ചെയ്യുന്നത് ജി 20 രാജ്യങ്ങളാണ്. ഭൂവിസ്തൃതിയുടെ പരുതിയും ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗവും ഈ കൂട്ടയ്മയ്ക്ക് കീഴില്‍ വരുന്നു.

Comments

comments

Categories: Current Affairs, Slider
Tags: G20