ജിഎസ്ടി വരുമാനത്തില്‍ വീണ്ടും ഇടിവ്, 97,637 കോടി രൂപ

ജിഎസ്ടി വരുമാനത്തില്‍ വീണ്ടും ഇടിവ്, 97,637 കോടി രൂപ

നവംബറില്‍ സംസ്ഥാനങ്ങളുടെ വിഹിതം കൈമാറിക്കഴിയുമ്പോള്‍ കേന്ദ്രത്തിന് ലഭിക്കുന്ന മൊത്തം ജിഎസ്ടി വരുമാനം 35,073 കോടി രൂപയാണ്

ന്യൂഡെല്‍ഹി: ചരക്കുസേവന നികുതി( ജിഎസ്ടി) കളക്ഷന്‍ നവംബര്‍ മാസത്തില്‍ കുത്തനെ ഇടിഞ്ഞു. ഒക്‌റ്റോബറിലെ ജിഎസ്ടി വരുമാനമായി നവംബറില്‍ കളക്റ്റ് ചെയ്തത് 97,637 കോടി രൂപ മാത്രം. മുന്‍ മാസം ഇത് ഒരു ലക്ഷം കോടി രൂപയായിരുന്നു. ധനകാര്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ജിഎസ്ടി വരുമാനത്തില്‍ പ്രകടമായ കുറവ് കേന്ദ്രത്തെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഒരു ലക്ഷം കോടി രൂപയിലെത്തിയിലെങ്കിലും ഒക്‌റ്റോബറിനു മുമ്പുള്ള മാസങ്ങളിലെ ശരാശരിയെക്കാള്‍ കൂടുതലുണ്ട് ജിഎസ്ടി പിരിവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ ശരാശരി പ്രതിമാസ ജിഎസ്ടി കളക്ഷന്‍ 97,039 കോടി രൂപയാണ്.

ബജറ്റിലെ നിഗമന പ്രകാരം കേന്ദ്ര സര്‍ക്കാരിന് ലഭിക്കേണ്ട പ്രതിമാസ ജിഎസ്ടി വിഹിതം(സെസ് ഒഴികെ) 54,000കോടി രൂപയ്ക്ക് മേലെയാണ്. നവംബറില്‍ ഐജിഎസ്ടി യിലെ സംസ്ഥാനങ്ങളുടെ വിഹിതം കൈമാറിക്കഴിയുമ്പോള്‍ കേന്ദ്രത്തിന് ലഭിക്കുന്ന മൊത്തം ജിഎസ്ടി വരുമാനം 35,073 കോടി രൂപയാണ്. ഒക്‌റ്റോബറില്‍ ഇത് 48,954 കോടി രൂപയായിരുന്നു. നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ എട്ട് മാസങ്ങളില്‍ കേന്ദ്രത്തിന്റെ ശരാശരി ജിഎസ്ടി വരുമാനം 38,500 കോടി രൂപയാണ്.

പുതിയ നികുതി സംവിധാനത്തിന്റെ അവതരണത്തിനു ശേഷം 2018 മാര്‍ച്ചിലെയും സെപ്റ്റംബറിലെയും ജിഎസ്ടിയാണ് ഇതുവരെ ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ കടന്നിട്ടുള്ളത്.ജിഎസ്ടി വരുമാനം കുറയുന്നത് സംസ്ഥാനങ്ങളേക്കാള്‍ കേന്ദ്രത്തിനാണ് ആഘാതം സൃഷ്ടിക്കുക. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ജിഎസ്ടി അവതരണത്തിലൂടെ നേരിടുന്ന 14 ശതമാനത്തിനു മുകളിലുള്ള നഷ്ടം പരിഹരിക്കുന്നതിന് കേന്ദ്രം സഹായിക്കണമെന്നാണ് വ്യവസ്ഥ. സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം നവംബര്‍ 30 വരെ ഒക്‌റ്റോബര്‍ മാസത്തിന്റെതായാ സമര്‍പ്പിക്കപ്പെട്ട ജിഎസ്ടിആര്‍ 3ബി റിട്ടേണുകളുടെ എണ്ണം 69.6 ലക്ഷം വരും. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലായി സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ച നഷ്ടപരിഹാരം 11,922 കോടി രൂപയാണ്.

97,637 കോടി രൂപ കളക്റ്റ് ചെയ്തതില്‍, കേന്ദ്ര ജിഎസ്ടി (സിജിഎസ്ടി) 16,812 കോടി രൂപയാണ്. സംസ്ഥാനങ്ങളുടെ ജിഎസ്ടി വരുമാനം(എസ്ജിഎസ്ടി) 23,070 കോടി രൂപ. സംയോജിത ജിഎസ്ടി(ഐജിഎസ്ടി) 49,726 കോടി രൂപയാണ്( കയറ്റുമതിയില്‍ നിന്നും പിരിഞ്ഞുകിട്ടിയ 24,133 കോടി ഉള്‍പ്പടെ). സെസ് 8,031 കോടി(842 കോടി രൂപ കയറ്റുമതിയില്‍ നിന്ന്)രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Comments

comments

Categories: Business & Economy
Tags: GST