ഡ്രോണുകളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ഡ്രോണുകളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

250 ഗ്രാമിന് മുകളില്‍ ഭാരമുള്ള ഡ്രോണുകളെല്ലാം ഡിജിറ്റല്‍ സ്‌കൈ വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം

മുംബൈ: വിദൂര നിയന്ത്രിത ചെറു വിമാനങ്ങളായ ഡ്രോണുകള്‍ രാജ്യത്ത് നിയമവിധേയമായി ഉപയോഗിക്കാനുള്ള രജിസ്‌ട്രേഷന്‍ പ്രക്രിയ ആരംഭിച്ചെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. ‘ഡിജിറ്റല്‍ സ്‌കൈ’ എന്ന വെബ് പോര്‍ട്ടലിലൂടെയാണ് രജിസ്‌ട്രേഷന്‍ സാധ്യമാകുക. ഡിസംബര്‍ ഒന്നു മുതല്‍ പോര്‍ട്ടല്‍ പ്രവര്‍ത്തനസജ്ജമായെന്ന് വ്യോമയാനന്ത്രി സുരേഷ് പ്രഭു ട്വീറ്റ് ചെയ്തു. 250 ഗ്രാമിന് മുകളില്‍ ഭാരമുള്ള ഡ്രോണുകളാണ് രജിസ്റ്റര്‍ ചെയ്യേണ്ടതെന്നും 250 ഗ്രാമിന് താഴെയുളള നാനോ ഡ്രോണുകള്‍ക്ക് രജിസ്‌ട്രേഷന്‍ ആവശ്യമില്ലെന്നും മന്ത്രി അറിയിച്ചു. നാനോ ഡ്രോണുകള്‍ക്ക് ഡിസംബര്‍ ഒന്നു മുതല്‍ തന്നെ പറക്കാന്‍ അനുമതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഡിജിറ്റല്‍ സ്‌കൈ വൈബ്‌സൈറ്റിലും മൊബീല്‍ ആപ്‌ളിക്കേഷനിലും രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ഒരുക്കും. ഡ്രോണിന്റെ ഉടമസ്ഥന്‍, പറത്തുന്നയാളുടെ വിവരം, ഡ്രോണിനെ സംബന്ധിച്ച വിവരങ്ങള്‍ എന്നിവ വൈബ്‌സൈറ്റില്‍ ചേര്‍ക്കേണ്ടതുണ്ട്. ഡ്രോണ്‍ നിയന്ത്രിക്കുന്നവര്‍ക്ക് പ്രത്യേക പരിശീലനം ലഭിച്ചിട്ടുണ്ടോയെന്ന് ഉറപ്പാക്കാനാണ് ഈ നടപടി. ഡ്രോണുകളുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഓഗസ്റ്റില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ ഡിസംബര്‍ ഒന്നു മുതല്‍ പ്രാവര്‍ത്തികമാകുമെന്നാണ് അറിയിച്ചിരുന്നത്. ഈ മാനദണ്ഡങ്ങള്‍ പ്രകാരം ഉപയോക്താക്കള്‍ തങ്ങളുടെ ഡ്രോണുകളുടെ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടപ്പിലാക്കേണ്ടതുണ്ട്. ഉപയോക്താക്കളുടെ രജിസ്‌ട്രേഷന്‍ ഈ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം സ്വീകരിച്ചു തുടങ്ങിയെന്നും അണ്‍നേമ്ഡ് ഏരിയല്‍ ഓപ്പറേറ്റേഴ്‌സ് പെര്‍മിറ്റ് (യുഎഒപി), യുണീക് ഐഡന്റിഫിക്കേഷന്‍ നമ്പേസ് (യുഐഎന്‍) എന്നിവയുടെ പേമെന്റുകള്‍ ഭാരത്‌കോശ് പോര്‍ട്ടല്‍ (bharatkosh.gov.in) വഴി സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

റിമോട്ട്‌ലി പൈലറ്റഡ് ഏരിയല്‍ സിസ്റ്റം (ആര്‍പിഎഎസ്) അഥവാ ഡ്രോണുകള്‍, റിമോട്ട് പൈലറ്റ് എന്നിവയ്ക്ക് അനുമതി ലഭിക്കണമെങ്കില്‍ അവര്‍ ഒരു ഫ്‌ളൈറ്റ് പ്ലാന്‍ തയാറാക്കേണ്ടതുണ്ടെന്ന് മന്ത്രാലയം പറഞ്ഞു. ഗ്രീന്‍ സോണിലൂടെ പറക്കാന്‍, പറത്തുന്നതിന്റെ സമയം, സ്ഥലം തുടങ്ങിയ അറിയിപ്പുകള്‍ മാത്രമാണ് ആവശ്യം. യെല്ലോ സോണുകളിലൂടെ പറക്കുന്നതിന് അനുമതികള്‍ ആവശ്യമാണ്. റെഡ് സോണിലൂടെ ഡ്രോണുകള്‍ പറത്താന്‍ പാടില്ല. ഈ സോണുകളില്‍ ഉള്‍പ്പെടുന്ന സ്ഥലങ്ങള്‍ ഉടന്‍ തന്നെ പ്രഖ്യാപിക്കും. പോര്‍ട്ടല്‍ വഴി ഡിജിറ്റലായി അനുമതികള്‍ ലഭ്യമാക്കും.

നിയമപ്രകാരമല്ലാത്ത ഡ്രോണ്‍ സര്‍വീസുകള്‍ തടയാനും പൊതു സുരക്ഷ ഉറപ്പാക്കാനുമായി ഡിജിറ്റല്‍ പെര്‍മിറ്റ് ഇല്ലാതെയുള്ള അവയുടെ ഉപയോഗം അനുവദിക്കില്ല. ”ഡ്രോണുകളാണ് മേഖലയുടെ ഭാവി. ഇന്ത്യ ഈ മേഖലയുടെ നേതൃത്വം ഏറ്റെടുക്കും. ഇവയുടെ വികാസത്തിനായി ലോകമെമ്പാടുമായുള്ള രാജ്യങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. മേക്ക് ഇന്‍ ഇന്ത്യയുമായി ബന്ധപ്പെട്ടും ഡ്രോണ്‍ കയറ്റുമതിയിലും സേവനങ്ങളിലും വലിയ സാധ്യതകള്‍ മേഖലയ്ക്കുണ്ട്,” സുരേഷ് പ്രഭു പ്രസ്താവനയില്‍ വ്യക്തമാക്കി. ഡ്രോണ്‍ പോളിസി 2.0വുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹയ്ക്ക് കീഴില്‍ ഒരു കര്‍മ സേനക്ക് മന്ത്രാലയം രൂപം നല്‍കിയിട്ടുണ്ട്. ഈ വര്‍ഷമവസാനത്തോടെ കര്‍മ സേന തങ്ങളുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Comments

comments

Categories: Current Affairs
Tags: Drone