സ്റ്റീലിന്റെ കയറ്റുമതി 23 ശതമാനം ഇടിഞ്ഞു, ഇറക്കുമതി 17 ശതമാനം വര്‍ധിച്ചു

സ്റ്റീലിന്റെ കയറ്റുമതി 23 ശതമാനം ഇടിഞ്ഞു, ഇറക്കുമതി 17 ശതമാനം വര്‍ധിച്ചു

സ്റ്റീല്‍ ഉല്‍പ്പന്നങ്ങളില്‍ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുമെന്ന് നേരത്തെ കേന്ദ്ര ഉരുക്കു വ്യവസായ വകുപ്പ് മന്ത്രി ചൗധരി ബിരേന്ദര്‍ സിംഗ് വ്യക്തമാക്കിയിരുന്നു

ന്യൂഡെല്‍ഹി: ഇന്ത്യയെല്‍ നിന്നുള്ള ഫിനിഷ്ഡ് സ്റ്റീല്‍ കയറ്റുമതി ഒക്‌റ്റോബറില്‍ 23.4 ശതമാനം കുറഞ്ഞ് 0.596 മില്യണ്‍ ടണ്ണായെന്ന് രാജ്യത്തെ സ്റ്റീല്‍, ഇരുമ്പ് മേഖലയുടെ കണക്കുകളും വിവരങ്ങളും ശേഖരിക്കുന്ന ജോയ്ന്റ് പ്ലാന്റ് കമ്മിറ്റി(ജെപിസി)യുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞവര്‍ഷം സമാനമാസത്തില്‍ ഫിനിഷ്ഡ് സ്റ്റീലിന്റെ കയറ്റുമതി 0.778 മില്യണ്‍ ടണ്ണായിരുന്നു. സെപ്റ്റമബറില്‍ 3.8 ശതമാനം വര്‍ധനയാണ് കയറ്റുമതിയില്‍ ഉണ്ടായിരുന്നത്.

ജെപിസിയുടെ കണക്കുകള്‍ പ്രകാരം ഫിനിഷ്ഡ് സ്റ്റീലിന്റെ ഇറക്കുമതി ഒക്‌റ്റോബറില്‍ മുന്‍വര്‍ഷത്തേക്കാള്‍ 17.3 ശതമാനം വര്‍ധിച്ച് 0.706 മില്യണ്‍ ടണ്ണായി. കഴിഞ്ഞവര്‍ഷം ഇത് 0.602 മില്യണ്‍ ടണ്ണായിരുന്നു. കഴിഞ്ഞ വര്‍ഷം ഫിനിഷ്ഡ് സ്റ്റീലിന്റെ ഉല്‍പ്പാദനം ഒക്‌റ്റോബറില്‍ 10.398 മില്യണ്‍ ടണ്ണായിരുന്നു. ഈ വര്‍ഷം ഒക്‌റ്റോബര്‍ മാസത്തില്‍ ഉല്‍പ്പാദനം 6.1 ശതമാനം വര്‍ധിച്ച് 11.029 മില്യണ്‍ ടണ്ണിലെത്തി. ഫിനിഷ്ഡ് സ്റ്റീലിന്റെ ഉപഭോഗം ഒക്‌റ്റോബറില്‍ 8.315 മില്യണ്‍ ടണ്ണാണ്. കഴിഞ്ഞവര്‍ഷം ഇത് 7.672 മില്യണ്‍ ടണ്ണായിരുന്നു.

ഇന്ത്യ സ്റ്റീല്‍ ഉല്‍പ്പന്നങ്ങളില്‍ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുമെന്ന് നേരത്തെ കേന്ദ്ര ഉരുക്കു വ്യവസായ വകുപ്പ് മന്ത്രി ചൗധരി ബിരേന്ദര്‍ സിംഗ് വ്യക്തമാക്കിയിരുന്നു. ആഗോള തലത്തിലെ പ്രമുഖ കമ്പനികളുമായി സംയുക്ത സംരംഭങ്ങള്‍ രൂപീകരിക്കാന്‍ അവസരമൊരുക്കുന്നതിലൂടെ സാങ്കേതി വിദ്യ ലഭ്യമാക്കിയും മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങള്‍ പ്രോല്‍സാഹിപ്പിക്കുമെന്നായിരുന്നു ചൗധരിയുടെ പ്രസ്താവന.

ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ സ്റ്റീല്‍ ഉല്‍പ്പാദകരാണെങ്കിലും ഇന്ത്യ ഇപ്പോഴും വന്‍തോതില്‍ ഇറക്കുമതിയെ ആശ്രയിക്കുന്നുണ്ട്. ഇലക്ട്രിക്കല്‍ ഗ്രേഡ്, ഓട്ടോ ഗ്രേഡ് സ്റ്റീലുകളുടെ നിര്‍മാണത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിന് സാങ്കേതികവിദ്യകള്‍ വികസിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Comments

comments

Categories: Business & Economy, Slider
Tags: Steel