ക്ലീവ്‌ലാന്‍ഡ് ഏയ്‌സ് ഡീലക്‌സിന്റെ വില കുറച്ചു

ക്ലീവ്‌ലാന്‍ഡ് ഏയ്‌സ് ഡീലക്‌സിന്റെ വില കുറച്ചു

ഇപ്പോള്‍ ഡെല്‍ഹി എക്‌സ് ഷോറൂം വില 1.85 ലക്ഷം രൂപ

ന്യൂഡെല്‍ഹി : ക്ലീവ്‌ലാന്‍ഡ് ഏയ്‌സ് ഡീലക്‌സിന്റെ ഇന്ത്യയിലെ വില കുറച്ചു. 1.85 ലക്ഷം രൂപയാണ് ഇപ്പോള്‍ ഡെല്‍ഹി എക്‌സ് ഷോറൂം വില. 2.23 ലക്ഷം രൂപ ഡെല്‍ഹി എക്‌സ് ഷോറൂം വിലയിലാണ് മോട്ടോര്‍സൈക്കിള്‍ വിറ്റിരുന്നത്. 38,000 രൂപ കുറയ്ക്കാന്‍ ക്ലീവ്‌ലാന്‍ഡ് സൈക്കിള്‍വര്‍ക്‌സ് തീരുമാനിക്കുകയായിരുന്നു. ആദ്യ 200 ഉപയോക്താക്കള്‍ക്ക് മാത്രമായിരിക്കും പുതിയ വിലയില്‍ മോട്ടോര്‍സൈക്കിള്‍ വില്‍ക്കുന്നത്. ഇന്ത്യയില്‍ ജനപ്രീതി നേടുകയും വില്‍പ്പന വര്‍ധിപ്പിക്കുകയുമെന്ന ലക്ഷ്യത്തോടെയാണ് വില കുറച്ചത്. രണ്ടാമത്തെ മോഡലായ മിസ്ഫിറ്റിന്റെ വിലയില്‍ കുറവ് വരുത്തിയിട്ടില്ല.

വില കുറച്ചതുകൂടാതെ പുതിയ കളര്‍ ഓപ്ഷനുകളിലും ഏയ്‌സ് ഡീലക്‌സ് ലഭിക്കും. പുതിയ മാറ്റ് ബ്ലാക്ക്, മെറ്റാലിക് ഓറഞ്ച്, മാറ്റ് ഗ്രീന്‍ എന്നിവയാണ് കളര്‍ ഓപ്ഷനുകള്‍. ആകാശ നീല കളര്‍ സ്‌കീം കൂടി നല്‍കുന്ന കാര്യം ക്ലീവ്‌ലാന്‍ഡ് ആലോചിക്കുന്നു. യുഎസ് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ക്ലീവ്‌ലാന്‍ഡ് സൈക്കിള്‍വര്‍ക്‌സ് ഈ വര്‍ഷം സെപ്റ്റംബറിലാണ് ഇന്ത്യന്‍ വിപണിയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. ഫെബ്രുവരിയില്‍ നടന്ന ഓട്ടോ എക്‌സ്‌പോയില്‍ വിവിധ മോഡലുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

മോഡേണ്‍ ക്ലാസിക് ബൈക്കായ ക്ലീവ്‌ലാന്‍ഡ് ഏയ്‌സ് ഡീലക്‌സിന് 229 സിസി, സിംഗിള്‍ സിലിണ്ടര്‍, കാര്‍ബുറേറ്റഡ് എന്‍ജിനാണ് കരുത്തേകുന്നത്. ഈ മോട്ടോര്‍ 15 ബിഎച്ച്പി കരുത്തും 16 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് ഗിയര്‍ബോക്‌സ് എന്‍ജിനുമായി ചേര്‍ത്തുവെച്ചു. 30 കിലോമീറ്ററാണ് ഇന്ധനക്ഷമത. 133 കിലോഗ്രാമാണ് ബൈക്കിന്റെ കെര്‍ബ് വെയ്റ്റ്. മുന്നില്‍ യുഎസ്ഡി ഫോര്‍ക്കുകളും പിന്നില്‍ ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകളും സസ്‌പെന്‍ഷന്‍ ജോലികള്‍ നിര്‍വ്വഹിക്കും. മുന്‍ ചക്രത്തില്‍ 298 എംഎം സിംഗിള്‍ ഡിസ്‌ക്കും പിന്‍ ചക്രത്തില്‍ 210 എംഎം സിംഗിള്‍ ഡിസ്‌ക്കും ബ്രേക്കിംഗിന് സഹായിക്കും. ക്ലീവ്‌ലാന്‍ഡ് മിസ്ഫിറ്റ് ഇതേ മെക്കാനിക്കല്‍ ഫീച്ചറുകള്‍ പിന്തുടരുന്നെങ്കിലും മോട്ടോര്‍സൈക്കിളിന്റെ രൂപകല്‍പ്പന കഫേ റേസറാണ്.

ക്ലീവ്‌ലാന്‍ഡ് സൈക്കിള്‍വര്‍ക്‌സിന്റെ ഇന്ത്യയിലെ വില്‍പ്പന ശൃംഖല പൂര്‍ത്തിയായി വരുന്നതേയുള്ളൂ. 2020 ഓടെ രാജ്യത്ത് 30 ഡീലര്‍ഷിപ്പുകള്‍ തുറക്കുകയാണ് ലക്ഷ്യം. സികെഡി രീതിയിലൂടെ ഇന്ത്യയില്‍ പുണെയ്ക്കു സമീപം വാകഡേവാടി പ്ലാന്റിലാണ് മോട്ടോര്‍സൈക്കിളുകള്‍ അസംബിള്‍ ചെയ്യുന്നത്. പ്രതിവര്‍ഷം 35,000 യൂണിറ്റാണ് പ്ലാന്റിന്റെ സ്ഥാപിത ശേഷി. ഇന്ത്യയില്‍ പ്രതിവര്‍ഷം ഏഴായിരത്തോളം മോട്ടോര്‍സൈക്കിളുകള്‍ വില്‍ക്കുകയാണ് ക്ലീവ്‌ലാന്‍ഡ് സൈക്കിള്‍വര്‍ക്‌സിന്റെ ലക്ഷ്യം. ഇന്ത്യയില്‍നിന്ന് മധ്യപൂര്‍വ്വേഷ്യയിലേക്ക് ഈയിടെ കയറ്റുമതി ആരംഭിച്ചിരുന്നു.

Comments

comments

Categories: Auto