ജി20 ഉച്ചകോടിയില്‍ പ്രിന്‍സ് മുഹമ്മദിന് സംഭവിച്ചതെന്ത്

ജി20 ഉച്ചകോടിയില്‍ പ്രിന്‍സ് മുഹമ്മദിന് സംഭവിച്ചതെന്ത്

ജമാല്‍ ഖഷോഗ്ഗിയുടെ കൊലപാതകം സൃഷ്ടിച്ച കോളിളക്കത്തിനു ശേഷം ആദ്യമായിട്ടായിരുന്നു പ്രധാനരാഷ്ട്രത്തലവന്മാര്‍ പങ്കെടുക്കുന്ന ഒരു ആഗോളവേദിയില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ എത്തിയത്. ജി20യില്‍ ചിലര്‍ അദ്ദേഹത്തെ ഒരു പടി അകലത്ത് നിര്‍ത്തി, എന്നാല്‍ മോദിയും പുടിനും ഉള്‍പ്പെടെ ചിലര്‍ തങ്ങളോട് ചേര്‍ത്തിയും നിര്‍ത്തി

ജി20 ഉച്ചകോടിയില്‍ സൗദി അറേബ്യയുടെ കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാനോട് പലരും സ്വീകരിച്ച നയം തൊട്ടുകൂടായ്മയുടേതായിരുന്നുവെന്നാണ് ചില പേരെടുത്ത വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സൗദി അറേബ്യയുടെയും പ്രിന്‍സ് മുഹമ്മദിന്റെയും രൂക്ഷ വിമര്‍ശകനും വാഷിംഗ്ടണ്‍ പോസ്റ്റ് കോളമിസ്റ്റുമായിരുന്ന ജമാല്‍ ഖഷോഗ്ഗിയുടെ കൊലപാതകത്തിന് ശേഷം ആദ്യമായാണ് ഒരു പ്രധാന അന്താരാഷ്ട്ര പരിപാടിയില്‍ പ്രിന്‍സ് മുഹമ്മദ് പങ്കെടുത്തത്. അതുകൊണ്ടുതന്നെ ഈ വര്‍ഷത്തെ ജി20ക്ക് ലോകശ്രദ്ധ കൂടുതലായിരുന്നു.

തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ച് ഖഷോഗ്ഗി കൊല്ലപ്പെട്ടതിന് പിന്നില്‍ സൗദി അറേബ്യയാണെന്ന് വ്യക്തമായതോടെ അതിരൂക്ഷമായ വിമര്‍ശനങ്ങളാണ് മുഹമ്മദ് ബിന്‍ സല്‍മാനെതിരെ ഉയര്‍ന്നത്. വിഷയത്തില്‍ കിരീടാവകാശിക്ക് പങ്കില്ലെന്ന് സൗദി അറേബ്യ ആവര്‍ത്തിച്ച് വ്യക്തമാക്കിയെങ്കിലും അതൊന്നും വിലപ്പോയില്ല. പ്രിന്‍സ് മുഹമ്മദാണ് ഖഷോഗ്ഗിയുടെ കൊലപാതകത്തിന് ഉത്തരവിട്ടതെന്ന് അമേരിക്കയുടെ സിഐഎ (സെന്‍ട്രല്‍ ഇന്‍വെസ്റ്റിഗേറ്റിവ് ഏജന്‍സി) കണ്ടെത്തിയതായി പല അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്.

ഖഷോഗ്ഗിയുടെ ശവം പോലും ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. ആസിഡായെന്നും ആവിയായെന്നുമെല്ലാമുള്ള നിഗൂഢകഥകള്‍ തുടര്‍ച്ചയായി ചമയ്ക്കപ്പെടുന്നുമുണ്ട്. അതിക്രൂരമായാണ് സൗദിയില്‍ നിന്നെത്തിയ 15 പേരുടെ സംഘം ഇസ്താന്‍ബുളിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ച് ഖഷോഗ്ഗിയെ കൊന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ തുറന്ന സൗദി അറേബ്യയെ സൃഷ്ടിക്കാന്‍ പുറപ്പെട്ട നേതാവില്‍ നിന്നുമുണ്ടാകുന്നത് ഇരുളടഞ്ഞ, ഏകാധിപത്യശേലിയിലുള്ള നയങ്ങളാണെന്ന വാദത്തിന്റെ മൂര്‍ച്ഛ കൂട്ടി ഖഷോഗ്ഗി കൊലപാതകം. ഒക്‌റ്റോബര്‍ രണ്ടാം തിയതി തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റിലേക്ക് പോയ മാധ്യമപ്രവര്‍ത്തകനായ ഖഷോഗ്ഗിയെ മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന രീതയിലാണ് സൗദി സംഘം കൊലപ്പെടുത്തിയത്. ഇതോടെയാണ് പ്രിന്‍സ് മുഹമ്മദ് കടുത്ത പ്രതിരോധത്തിലായത്. കൊലപാതകത്തിന്റെ പേരില്‍ അദ്ദേഹത്തെ അതിരൂക്ഷമായ ഭാഷയിലാണ് പാശ്ചാത്യ മാധ്യമങ്ങളും പല ലോകനേതാക്കളും വിമര്‍ശിച്ചത്.

മാധ്യമങ്ങള്‍ തന്നെ കല്‍പ്പിച്ചു നല്‍കിയ വികസന, സാമ്പത്തിക പരിഷ്‌കരണ നായകനെന്ന മുഹമ്മദ് ബിന്‍ സല്‍മാന്റെ പ്രതിച്ഛായയെ തച്ചുടയ്ക്കുന്ന സംഭവമായിരുന്നു ഖഷോഗ്ഗിയുടെ കൊലപാതകം. സൗദിക്കകത്തും പുറത്തും ഇതിന്റെ അനുരണനങ്ങളുണ്ടായി. ജര്‍മനിയും ഫ്രാന്‍സും ഡെന്മാര്‍ക്കും പോലുള്ള രാജ്യങ്ങള്‍ സൗദിക്കെതിരെ കര്‍ക്കശമായ നിലപാടുകളാണ് സ്വീകരിച്ചത്. അമേരിക്ക നിലപാടില്ലായ്മയുടെയും നിലപാടിന്റെയും ഇടയില്‍ കിടന്ന് ഇപ്പോഴും വീര്‍പ്പുമുട്ടുന്നു. ട്രംപിന് എന്തു പറയണമെന്ന കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. 17 സൗദി ഉദ്യോഗസ്ഥര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ് കാനഡ. സൗദിയില്‍ മനുഷ്യാവകാശങ്ങള്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും വിലയൊന്നുമില്ലെന്ന പക്ഷക്കാരണ് കനേഡിയന്‍ ഭരണാധികാരികള്‍.

സൗദി അറേബ്യയെ പുതിയ യുഗത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ എത്തിയ യുവരാജകുമാരന്‍ അങ്ങനെ വലിയ വിവാദച്ചുഴികള്‍ക്കിടയിലാണ് സധൈര്യം ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി അര്‍ജന്റീനയിലെ ബ്യൂണോസ് അയ്‌റിസിലേക്ക് വിമാനം കയറിയത്.

ഒറ്റപ്പെടുത്തിയോ

ജി20 ഉച്ചകോടിക്കെത്തിയ മിക്ക ലോകനേതാക്കളും ഖഷോഗ്ഗിയുടെ കൊലപാതകത്തെ അതിശക്തമായ ഭാഷയില്‍ അപലപിച്ചവരായിരുന്നു. മാത്രമല്ല, ഈ ക്രൂരതയ്ക്ക് ഉത്തരവാദികളായവരെ മുഴുവന്‍ ശിക്ഷയ്ക്ക് വിധേയമാക്കണമെന്നും ആവശ്യമുയര്‍ത്തി അവര്‍. ജര്‍മനിയും കാനഡയും ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ തീരെ അനുഭാവപൂര്‍ണമായ സമീപനമായിരുന്നില്ല സൗദി രാജകുമാരനോട് കൈക്കൊണ്ടത്. ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മക്രോണില്‍ നിന്ന് പ്രിന്‍സ് മുഹമ്മദിന് അത്ര മികച്ച പ്രതികരണമല്ല ലഭിച്ചതെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. മുന്നറിയിപ്പിന്റെ പരുക്കന്‍ ഭാഷയിലാണ് മക്രോണ്‍ സംസാരിച്ചതെന്നാണ് വിവരം. അതുകൊണ്ടുതന്നെ ഏതാണ്ട് ഒറ്റപ്പെട്ട പോലായിരുന്നു ജി20 വേദിയില്‍ അദ്ദേഹമെന്ന് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ പൂര്‍ണമായും അങ്ങനെയായിരുന്നില്ല കാര്യങ്ങള്‍.

മോദിയും പുടിനും

ലോകത്തെ ശക്തരായ രണ്ട് നേതാക്കള്‍ വളരെ ഊഷ്മളമായാണ് പ്രിന്‍സ് മുഹമ്മദിനോട് ഇടപഴകിയത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും. എണ്ണ വിപണിയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ഒപെക് മുന്നോട്ടുവെച്ച എണ്ണ ഉല്‍പ്പാദന നിയന്ത്രണ കരാര്‍ വിജയമാകുന്നതില്‍ റഷ്യയും അവഗണിക്കാനാകാത്ത പങ്കുവഹിച്ചിരുന്നു. റഷ്യയും സൗദിയും തമ്മിലുള്ള അതിദൃഢമായിക്കൊണ്ടിരിക്കുന്ന ബന്ധത്തിന്റെ പുറത്തായിരുന്നു അത്. എണ്ണ വിപണിയെ നിയന്ത്രിച്ചുനിര്‍ത്തുന്ന വന്‍ശക്തികളെന്ന നിലയിലാണ് റഷ്യയും സൗദിയും സ്വയം വിലയിരുത്തുന്നത്. ഈ പശ്ചാത്തലത്തില്‍ ജി20യുടെ ഭാഗമായി പുടിനും പ്രിന്‍സ് മുഹമ്മദും കൂടിക്കാഴ്ച്ച നടത്തുമെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും സൗദി രാജകുമാരനുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

മോദിയുമായുള്ള കൂടിക്കാഴ്ച്ച

പലര്‍ക്കും കുറച്ച് അമ്പരപ്പുളവാക്കുന്നതായിരുന്നു മുഹമ്മദ് ബിന്‍ സല്‍മാനും നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ച്ച. പ്രിന്‍സ് മുഹമ്മദിനെതിരെ മറ്റ് രാജ്യങ്ങള്‍ സ്വീകരിച്ചിരിക്കുന്ന അസ്പൃശ്യത ഒന്നും മോദിക്ക് വിഷയമായില്ല. മാത്രമല്ല സൗദി അറേബ്യയില്‍ നിന്നും വന്‍ നിക്ഷേപങ്ങള്‍ നേടിയെടുക്കാനുള്ള അവസരങ്ങളും ഇന്ത്യ പരിശോധിക്കുന്നുണ്ട്. ഇന്ത്യയിലെ ടെക്, കൃഷി, ഊര്‍ജ്ജ മേഖലകളില്‍ വമ്പന്‍ നിക്ഷേപം നടത്താനാണ് സൗദി അറേബ്യ ആലോചിക്കുന്നത്.

പാശ്ചാത്യരാജ്യങ്ങളുടെ ശൈലി പിന്തുടരാതെ തീര്‍ത്തും പ്രായോഗികവല്‍ക്കരണത്തില്‍ അധിഷ്ഠിതമായ സമീപനമായിരുന്നു മോദി പ്രിന്‍സ് മുഹമ്മദിനോട് സ്വീകരിച്ചത്. അതിലുപരിയായി ഇത്രയും വലിയ നെഗറ്റീവ് പ്രതിച്ഛായയില്‍ നില്‍ക്കുന്ന സമയത്ത് മോദിയെപ്പോലൊരു ആഗോള നേതാവിനോടൊപ്പമുളള ജി20 വേദിയിലെ ഇടപെടലും ഫോട്ടോ എടുക്കലുമെല്ലാം രാജകുമാരന് പ്രത്യക്ഷമായും പരോക്ഷമായും ഗുണം ചെയ്യുകയുമുണ്ടായി.

അടുത്ത രണ്ട് മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ സൗദി നിക്ഷേപങ്ങളില്‍ വലിയ തോതിലുള്ള വര്‍ധനയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ജി20യുടെ ഭാഗമായി നടന്ന ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ പറഞ്ഞിരുന്നു. ഇന്ത്യയുടെ ഏത് തരത്തിലുള്ള പെട്രോളിയം ആവശ്യകതയും സൗദി അറേബ്യ നിറവേറ്റാമെന്ന ഉറപ്പ് പ്രിന്‍സ് മുഹമ്മദ് മോദിക്ക് നല്‍കിയതായാണ് സൂചന. ഇന്ത്യയുടെ ഊര്‍ജ്ജ ആവശ്യകതകള്‍ പരിഹരിക്കുന്നതിനായി സൗദി എല്ലാവിധ സഹായവും ചെയ്യുമെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സൗദി അറേബ്യയുടെ സോവറിന്‍ വെല്‍ത്ത് ഫണ്ടായ പിഐഎഫിലൂടെ ഇന്ത്യയിലെ അടിസ്ഥാനസൗകര്യ പദ്ധതികളില്‍ നിക്ഷേപം നടത്താനും പദ്ധതിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നിന്നുള്ള കാര്‍ഷിക ഇറക്കുമതി പ്രോല്‍സാഹിപ്പിക്കാനും മറ്റ് രാ്ജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി നിരുല്‍സാഹപ്പെടുത്താനും സൗദി തയാറാണെന്ന വാഗ്ദാനവും പ്രിന്‍സ് മുഹമ്മദ് മോദിക്ക് നല്‍കിയതായി അനൗദ്യോഗിക റിപ്പോര്‍ട്ടുകളുണ്ട്.

അരാംകോയ്ക്ക് വലിയ പദ്ധതികള്‍

ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയായ സൗദി അരാംകോ ഇന്ത്യയിലെ തങ്ങളുടെ പ്രവര്‍ത്തനം കാര്യമായി വ്യാപിപ്പിക്കാനുള്ള ശ്രമത്തിലുമാണ്. ഇതും മോദിയുമായുള്ള കൂടിക്കാഴ്ച്ചയില്‍ അദ്ദേഹം ചര്‍ച്ച ചെയ്തിരിക്കാം. പ്രധാന എണ്ണ ഉപഭോക്തൃ രാജ്യമായ ഇന്ത്യയില്‍ മൂന്ന് ലക്ഷം കോടി രൂപയുടെ ഒരു വമ്പന്‍ പദ്ധതിയുടെ 50 ശതമാനം ഉടമസ്ഥാവകാശം കൈയാളുന്ന കരാറിലാണ് അരാംകോ അടുത്തിടെ ഒപ്പുവെച്ചത്. കാലങ്ങളോളം സൗദി അറേബ്യ എന്ന അതിശക്തമായ അറേബ്യന്‍ രാഷ്ട്രത്തിന്റെ നട്ടെല്ലായ ഒരു കമ്പനി ഇന്ത്യയിലേക്കുള്ള വരവറിയിച്ചു കഴിഞ്ഞത് മോദിക്കും പ്രതീക്ഷ നല്‍കുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിഷ്‌കരണ നയങ്ങളില്‍ വലിയ പ്രതീക്ഷയര്‍പ്പിക്കുന്ന തരത്തിലാണ് സൗദി അരാംകോയും പ്രതികരിച്ചത്. ഇത് അവരുടെ സിഇഒയും പ്രസിഡന്റുമായ അമിന്‍ നാസെര്‍ തുറന്നു പറയുകയും ചെയ്തു. ഇന്ത്യന്‍ സര്‍ക്കാരിന്റെ പരിഷ്‌കരണ നയങ്ങള്‍ ശരിയായ ദിശയിലാണ്. രാജ്യത്തേക്ക് കൂടുതല്‍ നിക്ഷേപം നടത്താന്‍ അത് പ്രേരകമാകുന്നു-അദ്ദേഹം വ്യക്തമാക്കി.

എണ്ണയുടെ ശക്തിയില്‍ ലോകത്തെ തന്നെ അല്‍ഭുതപ്പെടുത്തിയ രാജ്യമായിരുന്നു സൗദി അറേബ്യ. മുന്നില്‍ നിന്ന് നയിച്ചത് സൗദി അരാംകോയും. എന്നാല്‍ എണ്ണ വിപണി തകിടം മറഞ്ഞതോടെ സൗദി കുരുക്കിലായി. അതോടെ അവര്‍ ഒരു പാഠവും പഠിച്ചു. ഏറ്റവും നന്നായി അതിനെ മനസിലാക്കിയത് സൗദി രാജാവിന്റെ മകന്‍ പ്രിന്‍സ് മൊഹമ്മദ് ബിന്‍ സല്‍മാനാണ്. സൗദി അറേബ്യയിലെ പരിഷ്‌കരണ നടപടികള്‍ അദ്ദേഹം ശക്തിപ്പെടുത്തുന്നതിനിടെയാണ് ജമാല്‍ ഖഷോഗ്ഗിയുടെ രൂപത്തില്‍ പുതിയ വിവാദം എത്തിയത്.

Comments

comments

Categories: FK Special, Slider, World