ലോകത്തെ 40% കല്‍ക്കരി പ്ലാന്റുകളും നഷ്ടത്തില്‍

ലോകത്തെ 40% കല്‍ക്കരി പ്ലാന്റുകളും നഷ്ടത്തില്‍

ലോകം ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് പുനരുപയോഗിക്കാവുന്ന ഊര്‍ജത്തിലേക്ക് അതിവേഗം നീങ്ങുന്നു

ന്യൂഡെല്‍ഹി: കല്‍ക്കരിയില്‍ നിന്ന് ഊര്‍ജോല്‍പ്പാദനം നടത്തുന്ന ലോകത്തെ താപവൈദ്യുത പദ്ധതികളില്‍ 40 ശതമാനത്തിലേറെയും നഷ്ടം നേരിടുകയാണെന്ന് റിപ്പോര്‍ട്ട്. 2040 ഓടെ ഇവയില്‍ 75 ശതമാനം പ്ലാന്റുകളും നഷ്ടത്തിലാവുമെന്നും പാരിസ്ഥിതിക സംഘടനയായ കാര്‍ബണ്‍ ട്രാക്കര്‍ വ്യക്തമാക്കുന്നു. ഇന്ധന ചെലവ് വര്‍ധിക്കുന്നതാണ് പ്ലാന്റുകളെ നഷ്ടത്തിലേക്കെത്തിക്കുകയെന്നാണ് വിലയിരുത്തല്‍. വ്യവസ്ഥാപിത നിക്ഷേപകരില്‍ വലിയൊരു പങ്കും ഫോസില്‍ ഇന്ധന കമ്പനികളിലെ തങ്ങളുടെ നിക്ഷേപങ്ങളില്‍ നിന്ന് പിന്‍മാറുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കാര്‍ബണ്‍ പുറന്തള്ളല്‍ നിയന്ത്രിക്കാന്‍ പ്രഖ്യാപിച്ചിരിക്കുന്ന നടപടികള്‍ ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം നിരുല്‍സാഹപ്പെടുത്തുകയും പുനരുപയോഗ ഊര്‍ജത്തിന്റെ ഉപയോഗം വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നിക്ഷേപകരുടെ പിന്‍മാറ്റം.

ലോകമെമ്പാടുമുള്ള 6,685 കല്‍ക്കരി പ്ലാന്റുകളുടെ ലാഭക്ഷമതയാണ് ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കാര്‍ബണ്‍ ട്രാക്കര്‍ വിശകലനം ചെയ്തത്. 95 ശതമാനം പ്രവര്‍ത്തന ശേഷിയേയും 90 ശതമാനം ആഗോള കല്‍ക്കരി ശേഷിയേയുമാണ് ഇവ പ്രതിനിധീകരിക്കുന്നത്. 42 ശതമാനം ആഗോള കല്‍ക്കരി ശേഷി നിലവില്‍ തന്നെ ലാഭകരമല്ലാത്ത അവസ്ഥയിലാണെന്ന് ഇവര്‍ കണ്ടെത്തി. 2019 മുതല്‍ പുനരുപയോഗിക്കാവുന്ന ഊര്‍ജത്തിന്റെ വില കുറയുകയും വായു മലിനീകരണവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും കാര്‍ബണ്‍ പ്രൈസിംഗും നിലവില്‍ വരുന്നതും കാരണം സമ്മര്‍ദം വര്‍ധിക്കുകയും ചെയ്യുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി.

ഇതിനു പുറമേ, 2030ല്‍ പവനോര്‍ജവും സൗരോര്‍ജവും സ്ഥാപിത കല്‍ക്കരി പ്ലാന്റുകളെ അപേക്ഷിച്ച് 96 ശതമാനം വിലകുറഞ്ഞതാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ”ശുദ്ധവും ഹരിതവുമായ ഊര്‍ജം എന്നതിനേക്കാള്‍ സാമ്പത്തിക അനിവാര്യത ആയിരിക്കും കല്‍ക്കരി ഒഴിവാക്കിയുള്ള വില കുറഞ്ഞ ഊര്‍ജ സംവിധാനം,” കാര്‍ബണ്‍ ട്രാക്കറിലെ എനര്‍ജി അനലിസ്റ്റായ സെബാസ്റ്റിയന്‍ ലംഗ്‌വാള്‍ഡ് പറഞ്ഞു.

കാര്‍ബണ്‍ പുറന്തള്ളുന്നത് കുറയ്ക്കാന്‍ ലക്ഷ്യം വച്ചുകൊണ്ടുള്ള പാരീസ് കാലാവസ്ഥ ഉടമ്പടി നടപ്പാക്കുന്നതിനുള്ള നിയമങ്ങള്‍ അംഗീകരിക്കുന്നതിനായി പോളണ്ടിലെ കാറ്റോവൈസില്‍ 195 രാജ്യങ്ങള്‍ ഞായറാഴ്ച ഒത്തുചേരാനിരിക്കുകയാണ്. കൂടുതല്‍ പുനരുപയോഗ ഊര്‍ജത്തെ ആശ്രയിച്ചും കല്‍ക്കരി പോലുള്ള ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറച്ചും ആഗോള താപനം കുറയ്ക്കാന്‍ ലോകത്തുടനീളം ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും കാര്‍ബണ്‍ പുറന്തള്ളുന്നതിന്റെ തോത് അപകടകരമാം വിധം കൂടിക്കൊണ്ടിരിക്കുന്നുണ്ട്. ആഗോള താപനം നിയന്ത്രിതമായ സ്ഥിതിയില്‍ നിലനിര്‍ത്താന്‍ 2050 ഓടെ കല്‍ക്കരി അധിഷ്ഠിത വൈദ്യുതിയുടെ ഉല്‍പ്പാദനം രണ്ട് ശതമാനത്തോളം വെട്ടിക്കുറക്കണമെന്നാണ് ഒക്‌റ്റോബറില്‍ ഐക്യരാഷ്ട്ര സഭ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

Comments

comments

Categories: FK News
Tags: Coal plant