എണ്ണക്കമ്മി പരിഹരിക്കുമെന്ന് ഇന്ത്യക്ക് യുഎഇ-സൗദി ഉറപ്പ്

എണ്ണക്കമ്മി പരിഹരിക്കുമെന്ന് ഇന്ത്യക്ക് യുഎഇ-സൗദി ഉറപ്പ്

ഇറാന്‍ എണ്ണക്ക് മേല്‍ യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധത്തിന് നല്‍കിയ 180 ദിവസത്തെ ഇളവുകള്‍ പിന്‍വലിച്ചാലും ഇന്ത്യ ആശങ്കപ്പെടേണ്ടതില്ല

ന്യൂഡെല്‍ഹി: അമേരിക്ക ഇറാനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ എണ്ണക്കമ്മി പരിഹരിക്കാന്‍ യുഎഇയും സൗദി അറേബ്യയും ഇന്ത്യയെ സഹായിക്കുമെന്ന് ഉറപ്പ്. മുന്‍പും പ്രതിസന്ധി ഘട്ടങ്ങളില്‍ തങ്ങള്‍ ഇന്ത്യയ്‌ക്കൊപ്പം നിന്നിരുന്നെന്നും ഭാവിയിലും ഇതേ സഹകരണം ഉണ്ടാകുമെന്നും ഇന്ത്യയിലെ യുഎഇ സ്ഥാനപതി അഹമ്മദ് അല്‍ ബന്നു പറഞ്ഞു. ഇരു രാജ്യങ്ങളുടെയും ജോയിന്റ് കമ്മീഷണര്‍മാരുടെ യോഗത്തിന് മുന്നോടിയായി ഡെല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോള വിപണിയും ആവശ്യകതയുമാണ് ഇന്ധനവില നിര്‍ണയിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇറാന്‍ എണ്ണ ഇറക്കുമതിക്ക് മേല്‍ യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധത്തിന് നല്‍കിയ 180 ദിവസത്തെ ഇളവുകള്‍ പിന്‍വലിച്ചാലും ഇന്ത്യ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

”ചരിത്രം പരിശോധിക്കുകയാണെങ്കില്‍, മുന്‍കാലങ്ങളില്‍ യുഎഇയും സൗദി അറേബ്യയും എല്ലായ്‌പ്പോഴും വളരെ ശക്തമായി ഇന്ത്യയ്‌ക്കൊപ്പം നിന്നിട്ടുണ്ടെന്നതും എണ്ണയുടെ കമ്മി പരിഹരിച്ചിട്ടുണ്ടെന്നും കാണാം. അതുകൊണ്ടുതന്നെ ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും വലിയ ആശങ്കകള്‍ ഉണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല,” അദ്ദേഹം പറഞ്ഞു.

ഡെല്‍ഹിയില്‍ നടന്ന ഓയില്‍ ഫോറത്തിനിടെ എണ്ണ വിതരണം തുടരുന്നതുമായി ബന്ധപ്പെട്ട് സൗദി അറേബ്യയുടേയും യുഎഇയുടെയും എണ്ണ മന്ത്രിമാര്‍ പ്രധാനമന്ത്രിക്ക് ഉറപ്പു നല്‍കിയിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അന്താരാഷ്ട്ര എണ്ണവിലയില്‍ റെക്കോഡ് ഇടിവ് കാണുന്നുണ്ടെങ്കിലും വിലയിലെ അസ്ഥിരത സംബന്ധിച്ച് ഇന്ത്യക്ക് വലിയ ആശങ്കകളുണ്ട്. ജി-20 ഉച്ചകോടിയില്‍ ഈ വിഷയം ഉയര്‍ത്തിക്കൊണ്ടുവരാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പദ്ധതിയിട്ടിരിക്കുന്നത്.

യുഎഇ, സൗദി അറേബ്യ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങള്‍ സംയുക്തമായി മഹാരാഷ്ട്രയില്‍ സ്ഥാപിക്കുന്ന റിഫൈനറിയുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങളെ കുറിച്ചും സ്ഥാനപതി പ്രതികരിച്ചു. വരും ആഴ്ചകളില്‍ പദ്ധതിക്കായുള്ള ഭൂമി അനുവദിച്ചു കിട്ടുമെന്ന് അദ്ദേഹം പറഞ്ഞു. സൗദി അറേബ്യയുടെ എണ്ണക്കമ്പനിയായ ആരാംകോ, യുഎഇയുടെ അബുദാബി നാഷണല്‍ ഓയില്‍ കോ (അഡ്‌നോക്) എന്നിവയോടൊപ്പം ചേര്‍ന്ന് മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ റിഫൈനറിയും പെട്രോകെമിക്കല്‍ കോംപ്ലക്‌സും വികസിപ്പിക്കാനാണ് ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്.

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാട് കേസിലെ ബ്രിട്ടീഷ് ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിനെ ഇന്ത്യയ്ക്ക് വിട്ടുനല്‍കാനുള്ള യുഎഇ പരമോന്നത കോടതിയുടെ ഉത്തരവിനെ കുറിച്ച് ഉയര്‍ന്ന ചോദ്യത്തില്‍ കൂടുതല്‍ പ്രതികരണം നടത്താന്‍ അദ്ദേഹം തയാറായില്ല. വിഷയം യുഎഇയിലെ നീതിന്യായ സംവിധാനത്തിന് വിട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ, പ്രത്യേകിച്ച് ഇന്ത്യക്കാരുടെ സഹായവും സഹകരണവുമില്ലാതെ ഇന്നത്തെ നിലയിലേക്ക് യുഎഇക്ക് വളരാന്‍ സാധിക്കുമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ പ്രൊഫഷണലുകള്‍, ഡോക്റ്റര്‍മാര്‍, എന്‍ജിനീയര്‍മാര്‍, വെള്ളക്കോളര്‍, നീലക്കോളര്‍ ജീവനക്കാര്‍ എന്നിവര്‍ യുഎഇ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയില്‍ സഹായിക്കുകയും പങ്കാളികളാകുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. നിക്ഷേപങ്ങള്‍ക്കായി ഒരു അതിവേഗ ഏകജാലക സംവിധാനം സ്ഥാപിക്കുന്നതിന് യുഎഇയും ഇന്ത്യയും അടുത്തുതന്നെ കരാറില്‍ ഏര്‍പ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Arabia
Tags: UAE-Soudhi