പുതിയ വ്യവസായ നയത്തില്‍ മാനുഫാക്ചറിംഗിന് പാട്ടക്കരാര്‍

പുതിയ വ്യവസായ നയത്തില്‍ മാനുഫാക്ചറിംഗിന് പാട്ടക്കരാര്‍

തെരഞ്ഞെടുപ്പിന് മുന്നോടിയായി 100 ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപം രാജ്യത്തെത്തിച്ച് സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനാണ് സര്‍ക്കാരിന്റെ ശ്രമം

ന്യൂഡെല്‍ഹി: പ്രാദേശിക നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനും സാമ്പത്തിക വളര്‍ച്ചയ്ക്കും ഉതകുന്ന നടപടികള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ വ്യവസായ നയം കൊണ്ടുവരുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍. പുതിയ നയമനുസരിച്ച് കമ്പനികള്‍ക്ക് പ്രവര്‍ത്തന സംവിധാനം ആരംഭിക്കുന്നതിന് ഭൂമിയും നിര്‍മാണ സാമഗ്രികളും വാങ്ങണമെന്ന് നിര്‍ബന്ധമില്ല. ഭൂമിയോ ഉപകരണങ്ങളോ നീണ്ട കാലാവധിയിലേക്ക് പാട്ടത്തിന് എടുത്തുകൊണ്ട് ബിസിനസ് നടത്താം. ഇത് പ്രവര്‍ത്തനം തുടങ്ങുന്നതിനുള്ള ചെലവും സമയവും കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഇന്‍സ്ട്രിയല്‍ പോളിസി പ്രൊമോഷന്‍ ഡിപ്പാര്‍ട്‌മെന്റ് സെക്രട്ടറി രമേഷ് അഭിഷേക് അറിയിച്ചു.

വ്യവസായരംഗത്ത് നമ്മള്‍ കൂടുതല്‍ മത്സരക്ഷമമാകണമെന്ന് അദ്ദേഹം പറയുന്നു. ടെക്‌നോളജി, ചിലവുകള്‍, ലൊജിസ്റ്റിക്‌സ്, തൊഴില്‍ തുടങ്ങി എല്ലാ മേഖലയിലും നാം ഇനിയും മുന്നേറാനുണ്ട്. വ്യവസായ നയം വരുന്നതോടെ വ്യവസാരംഗത്ത് മുന്നേറാനാവുമെന്ന് രമേഷ് അഭിഷേക് പറയുന്നു. 10 മില്ല്യണ്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് തെരഞ്ഞെടുപ്പ് സയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ നാല് വര്‍ഷങ്ങള്‍ക്കിപ്പുറം തൊഴിലില്ലായ്മയുടെ പേരിലാണ് സര്‍ക്കാര്‍ ഏറ്റവുമധികം വിമര്‍ശനം നേരിടുന്നത്. അടുത്ത തെരഞ്ഞെടുപ്പിന് മുന്നോടിയായി 100 ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപം രാജ്യത്തെത്തിച്ച് സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനാണ് മോദിയുടെ ശ്രമം.

ബാങ്കുകളിലെ മൂലധന പ്രതിസന്ധി സെപ്തംബറില്‍ അവസാനിച്ച ത്രൈമാസ കാലയളവിലെ വളര്‍ച്ച മന്ദഗതിയിലാക്കി. ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായ ഇന്ത്യയില്‍ കൂടുതല്‍ വളര്‍ച്ച സംഭാവന ചെയ്യുന്നത് ചെറുകിട- ഇടത്തരം ബിസിനസ്സുകളാണ്. അതിനാല്‍ ചെറുകിട- ഇടത്തരം ബിസിനസ്സുകളുടെ വളര്‍ച്ചയ്ക്കായി നിയമങ്ങള്‍ ലഘൂകരിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു.
ലോകബാങ്കിന്റെ ആഗോള ബിസിനസ് സൗഹൃദ റാങ്കിംഗില്‍ 23 സ്ഥാനങ്ങള്‍ മുന്നോട്ടു കയറി ഇന്ത്യ 77ല്‍ എത്തിയിരുന്നു. ഒരു ദശാബ്ദക്കാലമായി മുടങ്ങികിടന്ന ഡെല്‍ഹി-മുംബൈ ഇടനാഴിയുടെ പണി പൂര്‍ത്തിയാക്കി കഴിഞ്ഞിരിക്കുകയാണ്. പുതിയ ഫാക്ടറികള്‍ ആരംഭിക്കുന്നതിന് 2 ബില്ല്യണ്‍ ഡോളറിന്റെ പദ്ധതികളാണ് കമ്പനികള്‍ നടപ്പാക്കുന്നത്.

രാജ്യത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും വികസനത്തിനും അഭിമുഖീകരിക്കുന്ന വലിയ തടസം ഭൂമി ഏറ്റെടുക്കുന്നതും പുതുതായി നിര്‍മാണ സാമഗ്രികള്‍ സ്ഥാപിക്കുന്നതുമാണ്. പല യൂണിറ്റുകളുടെയും പ്രവര്‍ത്തനം ആരംഭിക്കുന്നത് അനിശ്ചിതമായി വൈകുന്നതിനും ഇത് വഴിവെക്കാറുണ്ട്. പുതിയ വ്യവസായ നയം ഇതിന് പ്രായോഗിക പരിഹാരമാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

Comments

comments

Categories: FK News