എംജി മോട്ടോര്‍ ഇന്ത്യയില്‍ കണക്റ്റഡ് കാറുകള്‍ അവതരിപ്പിക്കും

എംജി മോട്ടോര്‍ ഇന്ത്യയില്‍ കണക്റ്റഡ് കാറുകള്‍ അവതരിപ്പിക്കും

സിസ്‌കോ ഐഒടി, അണ്‍ലിമിറ്റ് എന്നിവയുമായി ബ്രിട്ടീഷ് ബ്രാന്‍ഡ് പങ്കാളിത്തം സ്ഥാപിച്ചു

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ കണക്റ്റഡ് കാറുകള്‍ അവതരിപ്പിക്കുമെന്ന് എംജി മോട്ടോര്‍. ഇതിനായി ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് (ഐഒടി) സേവന ദാതാക്കളായ സിസ്‌കോ ഐഒടി, അണ്‍ലിമിറ്റ് എന്നിവയുമായി പങ്കാളിത്തം സ്ഥാപിച്ചു. മൂവരും ചേര്‍ന്ന് കണക്റ്റഡ് മൊബിലിറ്റി അധിഷ്ഠിത വാഹനങ്ങള്‍ വികസിപ്പിക്കും. ഇന്റര്‍നെറ്റ് ലഭ്യത, വയര്‍ലെസ് ലാന്‍ (ലോക്കല്‍ ഏരിയ നെറ്റ്‌വര്‍ക്) എന്നീ സജ്ജീകരണങ്ങള്‍ ഉള്ളതാണ് കണക്റ്റഡ് കാറുകള്‍. കണക്റ്റഡ് കാറിന് മറ്റ് ഡിവൈസുകളുമായി ഡാറ്റ പങ്കുവെയ്ക്കാന്‍ സാധിക്കും. ഡ്രൈവിംഗ് എളുപ്പമാക്കുന്നതിന് ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് (ഐഒടി) സഹായിക്കും. അടുത്ത വര്‍ഷമാണ് എംജി മോട്ടോര്‍ ഇന്ത്യയില്‍ തങ്ങളുടെ ആദ്യ വാഹനം (എസ്‌യുവി) പുറത്തിറക്കുന്നത്.

കണക്റ്റഡ് മൊബിലിറ്റി മേഖലയില്‍ ശ്രദ്ധേയ മുന്നേറ്റം കാഴ്ച്ചവെയ്ക്കാനാണ് ബ്രിട്ടീഷ് ബ്രാന്‍ഡ് തയ്യാറെടുക്കുന്നത്. സിസ്‌കോ ഐഒടി, അണ്‍ലിമിറ്റ് എന്നിവയുമായി പങ്കാളിത്തം പ്രഖ്യാപിക്കുന്ന ചടങ്ങില്‍ ‘കണക്റ്റഡ് മൊബിലിറ്റി- ഇന്ത്യയില്‍ വളര്‍ന്നുവരുന്ന സാധ്യതകള്‍’ എന്ന വിഷയത്തില്‍ ധവളപത്രവും പുറത്തിറക്കി. കണക്റ്റഡ് കാറുകളുടെ ഗുണഗണങ്ങള്‍ വര്‍ണ്ണിക്കുന്ന ധവളപത്രം മാനേജ്‌മെന്റ് കണ്‍സള്‍ട്ടിംഗ് കമ്പനിയായ ആര്‍തര്‍ ഡി. ലിറ്റിലുമായി ചേര്‍ന്നാണ് തയ്യാറാക്കിയത്. ഇന്ത്യയിലെ കണക്റ്റഡ് മൊബിലിറ്റി വിപണിയുടെ മൂല്യം 2020 ഓടെ 3 ബില്യണ്‍ യുഎസ് ഡോളറിലെത്തുമെന്ന് ധവളപത്രം വ്യക്തമാക്കുന്നു. നിലവില്‍ ഇന്ത്യയിലെ രണ്ട് ശതമാനം കാറുകള്‍ മാത്രമാണ് കണക്റ്റഡ് കാറുകളെന്നാണ് കണക്കാക്കിയിട്ടുള്ളത്.

ഇന്ത്യയില്‍ കണക്റ്റഡ് കാറുകള്‍ക്ക് വേണ്ടിയുള്ള ആവശ്യകത ക്രമാതീതമായി വര്‍ധിക്കുമെന്ന് എംജി മോട്ടോര്‍ പ്രതീക്ഷിക്കുന്നു. ഇക്കാര്യത്തില്‍ ആഗോള പ്രവണതകള്‍ ഇന്ത്യയിലും മിക്കവാറും പ്രതിഫലിക്കും. 2020 ഓടെ കണക്റ്റഡ് മൊബിലിറ്റി വിപണിയുടെ വലുപ്പം ആഗോളതലത്തില്‍ 175 ബില്യണ്‍ യുഎസ് ഡോളറായി വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2015 ല്‍ ഇത് 44 ബില്യണ്‍ യുഎസ് ഡോളറായിരുന്നു.

സാങ്കേതികവിദ്യകളുമായി ബന്ധപ്പെടുത്തി പറയുമ്പോള്‍, ഓട്ടോമോട്ടീവ് വ്യവസായം ഇപ്പോള്‍ പരിവര്‍ത്തനത്തിന്റെ നാളുകളിലാണെന്ന് എംജി മോട്ടോര്‍ ഇന്ത്യ പ്രസിഡന്റും മാനേജിംഗ് ഡയറക്റ്ററുമായ രാജീവ് ഛാബ പ്രസ്താവിച്ചു. ഇന്ത്യയിലെ കണക്റ്റഡ് മൊബിലിറ്റി രംഗത്ത് എംജി മോട്ടോര്‍ വഴികാട്ടിയാകുമെന്നും കണക്റ്റഡ് വാഹന പരിത:സ്ഥിതി സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സിസ്‌കോ ഐഒടി, അണ്‍ലിമിറ്റ് എന്നീ ടെക്‌നോളജി അതികായന്‍മാരുമായുള്ള സഹകരണത്തിലൂടെ ട്രാക്കിംഗ്, സുരക്ഷ, നാവിഗേഷന്‍ തുടങ്ങി നിരവധി ഫീച്ചറുകള്‍ വാഹനങ്ങളില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കും. ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് വ്യത്യസ്തമായ അനുഭവം സമ്മാനിക്കുകയാണ് ലക്ഷ്യമെന്ന് രാജീവ് ഛാബ പറഞ്ഞു.

ഭാവിയില്‍ കാറുകള്‍ വെറുമൊരു ഉല്‍പ്പന്നം മാത്രമായിരിക്കില്ലെന്നും വിവിധങ്ങളായ സേവനങ്ങള്‍ ലഭ്യമാക്കാന്‍ കഴിയുന്ന പ്ലാറ്റ്‌ഫോം ആയിരിക്കുമെന്നും സിസ്‌കോ ഐഒടി തെക്കുകിഴക്കനേഷ്യ മാനേജിംഗ് ഡയറക്റ്റര്‍ അലോക് ശ്രീവാസ്തവ ദീര്‍ഘദര്‍ശനം ചെയ്തു. തുടര്‍ച്ചയായി കണക്റ്റഡ് ആയിരിക്കുന്ന വാഹനങ്ങള്‍ അനേകം സാധ്യതകളാണ് സമ്മാനിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണക്റ്റഡ് ഓട്ടോമൊബീല്‍ വിപ്ലവത്തിന് എംജി മോട്ടോറുമായി സഹകരിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് അലോക് ശ്രീവാസ്തവ പറഞ്ഞു.

മാസങ്ങള്‍ക്കുള്ളില്‍ എംജി മോട്ടോര്‍ ഇന്ത്യയില്‍ തങ്ങളുടെ ആദ്യ വാഹനം (എസ്‌യുവി) പുറത്തിറക്കും. ഇതേതുടര്‍ന്ന് ഓള്‍-ഇലക്ട്രിക് എസ്‌യുവി വിപണിയിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ ആദ്യ കണക്റ്റഡ് വാഹനങ്ങള്‍ക്കിടയിലായിരിക്കും ഈ എംജി മോഡലുകള്‍ക്ക് സ്ഥാനം. എന്നാല്‍ ഇവ എത്രമാത്രം കണക്റ്റിവിറ്റി പ്രദാനം ചെയ്യുമെന്ന് കാത്തിരുന്ന് കാണാം.

Comments

comments

Categories: Auto