ജാവ ഡീലര്‍ഷിപ്പുതല ബുക്കിംഗ് ഈ മാസം 15 മുതല്‍

ജാവ ഡീലര്‍ഷിപ്പുതല ബുക്കിംഗ് ഈ മാസം 15 മുതല്‍

നിലവില്‍ ജാവ വെബ്‌സൈറ്റ് വഴി ബുക്കിംഗ് നടത്താനാണ് സൗകര്യമുള്ളത്

ന്യൂഡെല്‍ഹി : പുതിയ ജാവ ബൈക്കുകളുടെ ഡീലര്‍ഷിപ്പുതല ബുക്കിംഗ് ഈ മാസം 15 ന് തുടങ്ങും. നിലവില്‍ 5,000 രൂപ ടോക്കണ്‍ തുക നല്‍കി ജാവ വെബ്‌സൈറ്റ് വഴി ബുക്കിംഗ് നടത്താനാണ് സൗകര്യമുള്ളത്. 27 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി നൂറിലധികം ഡീലര്‍ഷിപ്പുകളാണ് ജാവയുടേതായി വരുന്നത്. ഇവയില്‍ മിക്ക ഡീലര്‍ഷിപ്പുകളും ഡിസംബര്‍ 15 ന് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പുതിയ ജാവ ബൈക്കുകള്‍ ബുക്ക് ചെയ്യുന്നതിന് മുമ്പ് ടെസ്റ്റ് റൈഡ് നടത്താന്‍ സൗകര്യമുണ്ടായിരിക്കും. ആദ്യ ബാച്ച് ജാവ ബൈക്കുകള്‍ ജനുവരിയില്‍ വിതരണം ചെയ്തുതുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓണ്‍ലൈന്‍ വഴി ബുക്കിംഗ് നടത്തിയവര്‍ക്ക് മുന്‍ഗണന ലഭിക്കുമെന്നാണ് വിവരം. അതായത് ഡീലര്‍ഷിപ്പുകള്‍ മുഖേന ബുക്ക് ചെയ്യുന്നവര്‍ക്ക് പുതിയ ജാവ കയ്യില്‍ക്കിട്ടുന്നതിന് കുറേക്കൂടി കാത്തിരിക്കേണ്ടിവരും.

മൂന്ന് ജാവ ബൈക്കുകള്‍ വിപണിയില്‍ അവതരിപ്പിച്ചെങ്കിലും ജാവ, ജാവ ഫോര്‍ടി ടു (42) എന്നീ ബൈക്കുകള്‍ മാത്രമേ ഇപ്പോള്‍ വാങ്ങാന്‍ കഴിയൂ. യഥാക്രമം 1.64 ലക്ഷം രൂപ, 1.55 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ജാവ പെരാക് (1.89 ലക്ഷം രൂപ) 2019 രണ്ടാം പകുതിയോടെ വിപണിയിലെത്തും.

ജാവ 250 ടൈപ്പ് എ മോട്ടോര്‍സൈക്കിളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് പുതിയ ബൈക്കുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ വില്‍പ്പന തുടങ്ങിയ (1960 കളില്‍) ആദ്യ ജാവ മോട്ടോര്‍സൈക്കിളായിരുന്നു ജാവ 250 ടൈപ്പ് എ. അതുകൊണ്ടുതന്നെ പുതിയ ജാവ ബൈക്കുകള്‍ റെട്രോ സ്വഭാവം നിലനിര്‍ത്തുന്നു. കൂടുതല്‍ അര്‍ബന്‍, മോഡേണ്‍ ലുക്കിലാണ് ജാവ ഫോര്‍ടി ടു വരുന്നത്. ക്രോം അലങ്കാരങ്ങള്‍ക്ക് പകരം മാറ്റ് ബ്ലാക്ക് ഘടകങ്ങള്‍ നല്‍കിയിരിക്കുന്നു. ഓഫ്‌സെറ്റ് ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, കൂടുതല്‍ ഫഌറ്റായ ഹാന്‍ഡില്‍ബാര്‍, ബാര്‍-എന്‍ഡ് മിററുകള്‍ എന്നിവ ജാവ ഫോര്‍ടി ടു മോട്ടോര്‍സൈക്കിളിന്റെ സവിശേഷതകളാണ്. കൂടാതെ മാറ്റ് ഫിനിഷില്‍ ലഭിക്കും. ഫാക്റ്ററി കസ്റ്റം ബോബറാണ് ജാവ പെരാക്.

293 സിസി, ലിക്വിഡ് കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ മോട്ടോറാണ് ജാവ, ജാവ ഫോര്‍ടി ടു ബൈക്കുകള്‍ക്ക് കരുത്തേകുന്നത്. ഈ എന്‍ജിന്‍ 27 എച്ച്പി കരുത്തും 28 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡാണ് ഗിയര്‍ബോക്‌സ്. ബിഎസ് 6 പാലിക്കുന്നതാണ് എന്‍ജിന്‍. 30 എച്ച്പി, 31 എന്‍എം പുറപ്പെടുവിക്കുന്ന 334 സിസി എന്‍ജിനാണ് ജാവ പെരാക്കിന് കരുത്തേകുന്നത്.

ബ്ലാക്ക്, ഗ്രേ, മറൂണ്‍ എന്നിവയാണ് ജാവയുടെ കളര്‍ ഓപ്ഷനുകള്‍. എന്നാല്‍ മാറ്റ്, മെറ്റാലിക് ഉള്‍പ്പെടെ ഹാലി ടീല്‍, ഗലാക്റ്റിക് ഗ്രീന്‍, സ്റ്റാര്‍ലൈറ്റ് ബ്ലൂ, ലുമോസ് ലൈം, നെബുല ബ്ലൂ, കോമറ്റ് റെഡ് എന്നീ ആറ് നിറങ്ങളില്‍ ജാവ ഫോര്‍ടി ടു ലഭിക്കും. മധ്യപ്രദേശിലെ പീഥംപുര്‍ പ്ലാന്റിലാണ് ഉല്‍പ്പാദനം.

മഹീന്ദ്ര ഗ്രൂപ്പിന്റെ ഉപകമ്പനിയായ ക്ലാസിക് ലെജന്‍ഡ്‌സാണ് ജാവ ബ്രാന്‍ഡ് ഒരിക്കല്‍ക്കൂടി ഇന്ത്യയിലെത്തിച്ചത്. ജാവയുടെ ഇന്ത്യയിലെ റൈറ്റ്‌സ് ക്ലാസിക് ലെജന്‍ഡ്‌സ് വാങ്ങുകയായിരുന്നു. ക്ലാസിക് ലെജന്‍ഡ്‌സില്‍ 60 ശതമാനമാണ് മഹീന്ദ്രയുടെ ഓഹരി പങ്കാളിത്തം. ഐഡിയല്‍ ജാവ സ്ഥാപകന്‍ റുസ്തം ഇറാനിയുടെ മകന്‍ ബോമന്‍ ഇറാനിയും അനുപം തരേജയും ബാക്കി ഓഹരികള്‍ കയ്യാളുന്നു.

Comments

comments

Categories: Auto
Tags: Jawa