സ്വതന്ത്ര തുറമുഖങ്ങളുടെ സാധ്യത

സ്വതന്ത്ര തുറമുഖങ്ങളുടെ സാധ്യത

പ്രത്യേക സാമ്പത്തിക മേഖലയിലുള്ള തുറമുഖങ്ങള്‍ക്കായിരിക്കും ഭാവിയില്‍ സാധ്യത കല്‍പ്പിക്കപ്പെടുക. നികുതികളും നിരക്കുകളും ബാധകമല്ലാത്ത കയറ്റിറക്കുമതി, ബിസിനസിന് ഗതിവേഗം നല്‍കും

ആഗോളവ്യാപാരരംഗം കൂടുതല്‍ സ്വതന്ത്രമായ ഇടപാടുകള്‍ക്കാണ് പ്രാധാന്യം കല്‍പ്പിക്കുന്നത്. ലെസ് അഫയര്‍ സിദ്ധാന്തമനുസരിച്ച് മല്‍സരം ഉല്‍പ്പന്നത്തിന്റെ വില്‍പ്പനയും ഗുണമേന്മയും കൂട്ടുമെന്നാണ് ആധുനികകാലത്തെ സംരംഭകമന്ത്രം. ഇതിനു വേണ്ടി കര്‍ശനമായ ചട്ടങ്ങളും നികുതി നിരക്കുകളും ഒഴിവാക്കണമെന്ന് സംരംഭകര്‍ ഭരണകൂടങ്ങളോട് ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് നാളേറെയായി. യുഎസും ചൈനയും നയിക്കുന്ന വ്യാപാരയുദ്ധത്തിന്റെ അടിസ്ഥാനകാരണവും മറ്റൊന്നല്ല. ചൈനീസ് ചരക്കു സേവനങ്ങള്‍ക്ക് കൂടിയ ഇറക്കുമതി നികുതി ചുമത്താനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനമാണല്ലോ സംഘര്‍ഷത്തിലേക്കെത്തിച്ചത്.

ഒരു സ്വതന്ത്രവ്യാപാര നയത്തിനു മാത്രമേ മാറുന്ന ആഗോള വ്യാപാരത്തിന്റെ മല്‍സരക്ഷമതയ്ക്ക് നല്ലൊരു കളമൊരുക്കാന്‍ കഴിയൂ എന്നാണ് പുതിയ കാലത്തെ മാനേജ്‌മെന്റ് വിദഗ്ധര്‍ പറയുന്നത്. വ്യാപാരയുദ്ധകാലത്തെ ഉല്‍പ്പാദനത്തെ ഉദ്ദീപിപ്പിക്കാന്‍ സ്വതന്ത്ര തുറമുഖങ്ങള്‍ക്ക് കഴിയുമെന്ന് അവര്‍ വിശ്വസിക്കുന്നു. സാധാരണ നികുതികളും താരിഫുകളും ബാധകമല്ലാത്ത രാജ്യത്തിന്റെ ഒരു പ്രദേശത്തെയാണ് ഒരു സ്വതന്ത്ര തുറമുഖം എന്നു പറയുന്നത്. സ്വതന്ത്ര വ്യാപാര മേഖലയെന്നോ പ്രത്യേക സാമ്പത്തിക മേഖലയെന്നോ ഇത് അറിയപ്പെടുന്നു. കൊച്ചിയലെ ദുബായ് പോര്‍ട്ട് ഇത്തരത്തിലൊരു തുറമുഖമാണ്. ഇവിടെ നിങ്ങള്‍ക്ക് നികുതിപിരിവ് ഭയക്കാതെ സാധനങ്ങള്‍ ഇറക്കുമതിചെയ്യാനും അവ സംഭരിച്ച്, വീണ്ടും കയറ്റുമതി ചെയ്യാനും കഴിയും.

ബ്രിട്ടണെ സംബന്ധിച്ചിടത്തോളം ബ്രെക്‌സിറ്റ് സൃഷ്ടിച്ച ആശങ്കകള്‍ പരിഹരിക്കുമെന്ന പ്രതീക്ഷയാണ് സ്വതന്ത്രതുറമുഖങ്ങള്‍ നല്‍കുന്നത്. രാജ്യത്തെ ഏറ്റവും പുതിയ സ്വതന്ത്രതുറമുഖമായ ടീസ്സൈഡ് ഇറക്കുമതി തീരുവമുക്തമായിരിക്കുമെന്ന വാഗ്ദാനം മുമ്പോട്ടു വെച്ചിരിക്കുന്നു. ഇത് നിര്‍മാണ ജോലികള്‍ തിരികെ കൊണ്ടു വരുമെന്നും അതുവഴി ഉല്‍പ്പാദനരംഗത്തെ വികസിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു. വടക്കുകിഴക്കന്‍ ഇംഗ്ലണ്ടിലുള്ള ടീസ്സൈഡ് ഒരു വ്യവസായഭൂമികയാണ്. രാസ, പെട്രോകെമിക്കല്‍ശാലകളും വൈദ്യുത നിലയങ്ങളും കപ്പല്‍ശാലകളും പഴയ എണ്ണഖനികളും ഇവിടെയുണ്ട്. ബ്ലേഡ്‌റണ്ണര്‍ എന്ന ഹോളിവുഡ് സിനിമയ്ക്കു പ്രേരണയായ പ്രദേശം രാത്രികളില്‍ ഒരു സയന്‍സ് ഫിക്ഷന്‍ സിനിമയുടെ ലൊക്കേഷനെ അനുസ്മരിപ്പിക്കും.

എന്നാല്‍ ടീസൈഡിന്റെ മധ്യഭാഗം ഇന്ന് ഒട്ടേറെ പുരാതന എടുപ്പുകളുടെ പ്രേതഭൂമിയാണ്. 2015 ല്‍ പൂട്ടിയ എന്നാല്‍ റെഡ്കാര്‍ റിസോര്‍ട്ടിന്റെ ഉരുക്കില്‍ത്തീര്‍ത്ത കെട്ടിടങ്ങളുടെ അസ്ഥിവാരം അവിടെ കാണാം. ഇന്നിപ്പോള്‍ ഒരു സ്വതന്ത്ര തുറമുഖമായി ഈ പ്രദേശത്തെ രൂപാന്തരപ്പെടുത്തുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനും പദ്ധതിയിട്ടിരിക്കുകയാണ് അധികൃതര്‍. ഇന്ന് അവര്‍ ഈ ദിശയില്‍ കൂടുതല്‍ മുന്നേറിയിരിക്കുന്നു. അസംസ്‌കൃത വസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നതിനും, പൂര്‍ത്തിയായ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനും, തുടര്‍ന്ന് അവ കയറ്റുമതി ചെയ്യുന്നതിനുമൊന്നും നികുതിയടയ്‌ക്കേണ്ടതില്ല.

യൂറോപ്യന്‍ യൂണിയന്റെ കസ്റ്റംസ് യൂണിയനില്‍ വലിയ വ്യവസായ ഫ്രീ സോണുകള്‍ക്ക് പ്രവര്‍ത്തന പരിമിതിയുണ്ട്. സ്വതന്ത്ര സോണില്‍ നിന്നും യൂറോപ്യന്‍ യൂണിയനിലേക്കുള്ള ചരക്കുകടത്തലിന് നികുതി അടയ്‌ക്കേണ്ടതുണ്ട്. എന്നാല്‍ ബ്രെക്‌സിറ്റ് പ്രാബല്യത്തിലാകുന്നതോടെ ടീസ്സൈഡ് പോലുള്ള മേഖലകള്‍ക്ക് അത് വലിയ നേട്ടമായിത്തീരും. ഇത്തരം സ്വതന്ത്രവ്യാപാര മേഖലകള്‍ എല്ലായിടത്തുമുണ്ടെന്ന് മേയര്‍ ബെന്‍ പൗഷെന്‍ ചൂണ്ടിക്കാടുന്നു. ഇത് ഒരു സാമാന്യ നടപടിയാണ്. മധ്യകിഴക്കന്‍ ദേശത്തും വടക്കേ അമേരിക്കയിലും വിദൂരപൗരസ്ത്യ രാജ്യങ്ങളിലും ഇതുണ്ട്. എന്നാല്‍ നാം കൈയിലുള്ള ഉപകരണം ഉപയോഗിക്കുന്നില്ലെന്നാണ് അദ്ദേഹം പരിഭവിക്കുന്നത്.

പൊയ്‌പ്പോയ പുഷ്‌കലകാലത്തിലേക്കുള്ള മടക്കമായാണ് സ്വതന്ത്രതുറഖമുഖങ്ങളുടെ വരവിനെ പലരും കാണുന്നത്. എങ്ങനെയാണ് ഇവയുടെ പ്രവര്‍ത്തനമെന്നു മനസിലാക്കാന്‍ 1960കളിലെ ബ്രിട്ടീഷ് അധീനതയിലുണ്ടായിരുന്ന ദ്വീപുകളുടെ കാര്യമെടുത്താല്‍ മതി. റിപ്പബ്ലിക് ഓഫ് അയര്‍ലണ്ടിന്റെ പടിഞ്ഞാറന്‍ തീരത്തുള്ള ഷാനന്‍ എയര്‍പോര്‍ട്ടിനു വേണ്ടി ഒരു താവളം തുറന്നിരുന്നു. അറ്റ്‌ലാന്റിക്ക് സമുദ്രം മുറിച്ചു കടക്കുന്ന വിമാനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കാനുള്ള താവളമായിരുന്നു ഇത്. എന്നാല്‍ 1960ല്‍ അധിക ഇന്ധനശേഷിയുള്ള വിമാനങ്ങള്‍ രംഗത്തു വന്നതോടെ ഷാനന്റെ പ്രൗഢി മങ്ങി.

എന്നാല്‍, ഷാനന്‍ വിമാനത്താവളം തളര്‍ന്നില്ല. അദ്ദേഹം ഇതിനെ ഒരു സ്വതന്ത്രവ്യാപാരമേഖലയാക്കി മാറ്റാന്‍ തീരുമാനിച്ചു. കയറ്റിറക്കുമതി സാധനങ്ങള്‍ സംഭരിക്കാനുള്ള വെറും പണ്ടികശാലയാക്കി മാറ്റുകയല്ല, മറിച്ച് നിരവധി ഫാക്റ്ററികളുടെ ഒരു കേദാരമാക്കി ഇതിനെ വികസിപ്പിക്കുകയായിരുന്നു ആശയം. സംഗീതോപകരണങ്ങള്‍, തുണിത്തരങ്ങള്‍, ഇലക്ട്രോണിക് ഘടകങ്ങള്‍ എന്നിങ്ങനെ വിപുലമായ ശ്രേണിയിലുള്ള ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദന ഹബ്ബായി മാറിയിത്. വലിയൊരു ജൈത്രയാത്രയുടെ തുടക്കമായിരുന്നു അത്. ഷാനന്‍ മേഖല ഇന്ന് ഒരു വന്‍വ്യവസായ എസ്റ്റേറ്റ് ആണ്. ഹെടെക് കമ്പനികള്‍, ശാസ്ത്രസാങ്കേതിക ഗവേഷണ സ്ഥാപനങ്ങളുടെ ഓഫീസ് ബ്ലോക്കുകള്‍, പതിനായിരക്കണക്കിന് തൊഴിലാളികള്‍ ജോലി ചെയ്യുന്ന കമ്പനികള്‍ ഇവിടെ പ്രവര്‍ത്തനമാരംഭിച്ചു.

എന്നാല്‍ ഇവിടെ സംഭവിക്കുന്ന ഒരു പ്രശ്‌നമെന്താണെന്നു വെച്ചാല്‍ സ്വതന്ത്ര വ്യാപാരമേഖലകള്‍ സമ്പദ്‌വ്യവസ്ഥയില്‍ പെട്ടെന്നുള്ള മാറ്റത്തിനു കാരണമാകും. ചൈനയെയോ അയര്‍ലണ്ടിനെയോ പോലുള്ള അടഞ്ഞ, കാര്‍ഷിക സമ്പദ്‌വ്യവസ്ഥകള്‍ക്ക് അത് ഗുണകരമാകും. അതേസമയം ബ്രിട്ടണ്‍ വിക്‌റ്റോറിയന്‍ കാലഘട്ടം മുതല്‍ ഒരു തുറന്ന, വ്യാവസായിക സമ്പദ്‌വ്യവസ്ഥയായി തുടരുന്നു. സ്വതന്ത്രതുറമുഖങ്ങള്‍ തമ്മിലുള്ള കയറ്റിറക്കുമതികള്‍ മാത്രമേ സ്വതന്ത്ര വ്യാപാര മേഖലകള്‍ക്ക് പ്രോത്സാഹിപ്പിക്കാന്‍ കഴിയൂ. ഇത്തരം മേഖലകളിലല്ലാത്ത തുറമുഖങ്ങളിലേക്ക് സാധനസാമഗ്രികള്‍ അയയ്ക്കുമ്പോള്‍ കൂടിയ നികുതി ബാധകമാകുന്നു.

സ്വതന്ത്ര തുറമുഖങ്ങളുടെ പ്രയോജനം പലപ്പോഴും സമ്പദ്‌വ്യവസ്ഥയില്‍ പ്രതിഫലിക്കാറില്ലെന്ന് രാജ്യാന്തര വാണിജ്യ നയവിദഗ്ധയും കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ സാമ്പത്തിക ശാസ്ത്രപ്രൊഫസറുമായ ഡോക്റ്റര്‍ മെറിഡിത് ക്രൗളി ചൂണ്ടിക്കാട്ടുന്നു. ഉരുക്ക് അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ചു നിര്‍മിക്കുന്ന ഉല്‍പ്പന്നം നിര്‍മ്മിച്ചശേഷം അത് കയറ്റുമതി ചെയ്യുമ്പോഴായിരിക്കും സ്വതന്ത്ര തുറമുഖത്തില്‍ നിന്നയച്ചാല്‍ 10 ശതമാനം കിഴിവു ലഭിക്കുമെന്നറിയുന്നത്. അപ്പോള്‍ ആ തുറമുഖത്തിലേക്ക് സാധനങ്ങള്‍ എത്തിക്കേണ്ടി വരുന്നു. എന്നാല്‍ അത് കൂടുതല്‍ ഉല്‍പാദനമോ തൊഴിലവസരമോ ഉണ്ടാക്കുന്നില്ലെന്ന് അവര്‍ വ്യക്തമാക്കുന്നു.

ബ്രെക്‌സിറ്റ് പ്രാബല്യത്തില്‍ വരും മുമ്പ് എല്ലാ അംഗരാജ്യങ്ങളും യൂറോപ്യന്‍ യൂണിയന്റെ കസ്റ്റംസ് യൂണിയന്റെ ഭാഗമാണ്. ഇവര്‍ക്കിടയില്‍ ചരക്കുകൈമാറ്റത്തിന് ആഭ്യന്തരനികുതികളില്ല. യൂണിയനു പുറത്തുള്ള രാജ്യങ്ങളില്‍ നിന്നുള്ള ചരക്കു പ്രവേശനത്തിന് അംഗീകൃത പൊതുതീരുവ നിരക്കുകളാണുള്ളത്. എന്നാല്‍ ബ്രെക്‌സിറ്റ് നയം നടപ്പാക്കി കഴിഞ്ഞാല്‍ ബ്രിട്ടണ്‍ നിശ്ചയിച്ച നിരക്കുകളേക്കാള്‍ താഴെയാണെങ്കില്‍ സ്ഥാപനങ്ങള്‍ക്കു കൂടുതലായി വരുന്ന തീരുവകള്‍ തിരിച്ചടയ്ക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്യേണ്ടി വരും. സാങ്കേതികവിദ്യയും നൂതന പരിശോധനയും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ഒരു ബദല്‍ നിര്‍ദേശം കൂടി അതിര്‍ത്തികടന്നുള്ള വാണിജ്യതര്‍ക്കങ്ങള്‍ ഒഴിവാക്കാനായി ആവശ്യമായി വരും.

ഓരോ തവണയും ചരക്ക് കടത്തുമ്പോള്‍ അതിര്‍ത്തിയില്‍ ഒടുക്കേണ്ട നികുതിക്കു പകരം നിശ്ചിത മാസങ്ങളിലേക്കുള്ള കരം ഒന്നിച്ചടയ്ക്കാന്‍ കമ്പനികളെ അനുവദിക്കും. തീരുവ പങ്കാളിത്തത്തിലാകട്ടെ അതിര്‍ത്തിയിലെ ചരക്കു കൈമാറ്റത്തില്‍ പുതിയ തീരുവകള്‍ ഒഴിവാക്കപ്പെടുകയാണു ചെയ്യുന്നത്. ബ്രിട്ടണിലേക്കു കടത്തുന്ന ചരക്കുകള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ നിശ്ചയിച്ച തീരുവകള്‍ അവരെ പ്രതിനിധീകരിച്ച് ബ്രിട്ടണ്‍ ശേഖരിക്കുന്ന സമ്പ്രദായമാണിത്. ബ്രിട്ടണിലൂടെ ഇവ പുറത്തേക്കു പോകുകയോ ബ്രിട്ടീഷ് നികുതിനിരക്കുകള്‍ താഴ്ന്നതോ ആകുന്ന പക്ഷം കമ്പനികള്‍ക്ക് വ്യത്യാസം ചൂണ്ടിക്കാട്ടി അധികം ചെലവായ തുക തിരികെ അവകാശപ്പെടാവുന്നതാണ്.

യൂറോപ്യന്‍യൂണിയനില്‍ നിന്ന് ഇറക്കുമതിക്കെത്തുന്ന ചരക്കുകള്‍ ഇതര ഇറക്കുമതി വസ്തുക്കള്‍ക്കൊപ്പം അതിര്‍ത്തി പരിശോധനകള്‍ക്കു വിധേയമാക്കിയാല്‍ പിന്നെ ബ്രിട്ടന്റെ തുറമുഖങ്ങള്‍ അടച്ചിടുകയാകും ഭേദം.
ബ്രെക്‌സിറ്റ് പൂര്‍വ യൂറോപ്യന്‍ യൂണിയനു കീഴില്‍ നിലവിലുണ്ടായിരുന്ന കസ്റ്റംസ് യൂണിയന്‍ സംവിധാനത്തിനു പകരം എന്തു മാറ്റം വരുത്തിയാലും ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരും. പകരം എന്ത് സംവിധാനം തെരഞ്ഞെടുത്താലും അതു നടപ്പിലാക്കാന്‍ നിശ്ചിത സമയമെടുക്കും. ഉചിതമായ വെച്ചുമാറല്‍ ആണ് സര്‍വപ്രധാനം.

എന്തൊക്കെയായാലും ടീസ്സൈഡ് സ്വതന്ത്ര തുറമുഖത്തെ പിന്തുണയ്ക്കുന്നവര്‍ വലിയ പ്രതീക്ഷയാണ് പ്രകടിപ്പിക്കുന്നത്. ചെലവിടുന്നതിനേക്കാള്‍ വരുമാനമുണ്ടാക്കാന്‍ ശേഷിയുള്ള പദ്ധതിയാണിതെന്ന് അവര്‍ വിശ്വസിക്കുന്നു. ടീസ്സൈഡ് പദ്ധതിയുടെ മാതൃകമ്പനിയായ പിഡി പോര്‍ട്‌സ് സിഒഒയും പ്രധാന തുറമുഖമായ ടീസ്‌പോര്‍ട്ട് ഉടമയുമായ ജെറി ഹോപ്കിന്‍സ് വളരെ ആവേശഭരിതനാണ്. പദ്ധതി 2040 ഓടെ 600 മില്യണ്‍ പൗണ്ട് ലാഭമുണ്ടാക്കുമെന്നും 40,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം അവകാശപ്പെടുന്നു.

സ്വതന്ത്രതുറമുഖത്തിനു ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി കൂടുതല്‍ ബിസിനസുണ്ടാക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് ജെറി പറയുന്നു. നികുതിയിളവിലൂടെ ചോര്‍ന്നു പോകാനിടയുള്ള വരുമാനനഷ്ടങ്ങളേക്കാള്‍ സ്വതന്ത്രവ്യാപാര മേഖല നല്‍കുന്ന ആനുകൂല്യങ്ങള്‍ ആനുപാതികമായി കൂടുതലാണെന്ന് വിശദീകരിക്കാന്‍ തങ്ങള്‍ക്കാകും. ധനമന്ത്രാലയത്തെ ഇതു സംബന്ധിച്ച കണക്കുകള്‍ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ഇതു മാത്രമാണു വാസ്തവമെങ്കില്‍ ടീസ്സൈഡ് സ്വതന്ത്ര തുറമുഖത്തെ തീര്‍ച്ചയായും നല്ലൊരു ആശയമായി കരുതാനാകില്ല. ചെറിയൊരു പ്രദേശത്തെ മാത്രം നികുതി നിരക്കുകളില്‍ നിന്നൊഴിവാക്കുന്നതിനു പകരം രാജ്യത്തിനൊട്ടാകെ ബാധമാകുന്ന രീതിയില്‍ നികുതി വെട്ടിക്കുറയ്ക്കുന്നതാകും കൂടുതല്‍ ഫലപ്രദം.

ഷാനനില്‍ നടന്നത് ഇതാണ്. അയര്‍ലണ്ട് യൂറോപ്യന്‍ യൂണിയനില്‍ ചേര്‍ന്നതോടെ സ്വതന്ത്രതുറമുഖ പദവി യഥാര്‍ത്ഥത്തില്‍ അനിവാര്യമല്ലാതായി. ഒപ്പം ബിസിനസ്സ് നികുതി വെട്ടിക്കുറയ്ക്കുകയും ചെയ്തു. 2016ഓടെ തടസങ്ങളെല്ലാം ഇല്ലാതാകുകയും ചെയ്തു. ഷാനന്‍ ഇപ്പഴും നിക്ഷേപങ്ങളെയും കമ്പനികളെയും തൊഴിലാളികളെയും ആകര്‍ഷിക്കുന്നു. ബ്രെക്‌സിറ്റാനന്തരം യൂറോപ്യന്‍ യൂണിയനുമായി ഒരു സമഗ്രവാണിജ്യക്കരാറും തീരുവഭേദഗതിയും വേണമെന്നും ബ്രിട്ടണ്‍ ആവശ്യപ്പെടുന്നു. ഇരുകൂട്ടരും തമ്മില്‍ സുഗമമായ വാണിജ്യത്തിനുള്ള അവശ്യകത മുന്‍നിര്‍ത്തിയാണ് ഇത്തരത്തില്‍ ഒരു നീക്കത്തിനാലോചിക്കുന്നത്.

ബ്രെക്‌സിറ്റ് കരാര്‍ ഉണ്ടാക്കുന്നതില്‍ പരജയപ്പെട്ടതോടെ പുതിയ പരിശോധനകള്‍ വേണ്ടാത്തതും അടുത്ത സഹകരണം ഉറപ്പിക്കുന്നതുമായ തീരുവ പങ്കാളിത്തം വേണോ അതോ ചരക്ക് കടത്തുമ്പോള്‍ അതിര്‍ത്തിയില്‍ പുതിയ പരിശോധനകള്‍ക്കു വിധേയമാകുന്ന ഒരു അയഞ്ഞ സംവിധാനം മതിയോ എന്ന കാര്യം അസന്ദിഗ്ധാവസ്ഥയിലാണ്. സുസംഘടിത സ്വാഭാവിക തീരുവയേര്‍പ്പെടുത്തുമ്പോള്‍ അതിര്‍ത്തി കടന്നുള്ള നികുതിപരിശോധനയുടെ സങ്കീര്‍ണതകള്‍ കുറയ്ക്കാനാകും. ഏതായാലും ബ്രെക്‌സിറ്റാനന്തര കാലത്ത് ബ്രിട്ടണിലെമ്പാടും സൗജന്യ തുറമുഖങ്ങളെക്കുറിച്ച് പ്രചാരണം നടത്തേണ്ടത് ആവശ്യമാണ്.

Comments

comments

Categories: Top Stories
Tags: Freeport