ഇലക്ട്രിക് കാറുകള്‍ ചൈനീസ് സര്‍ക്കാരിന് വിവരങ്ങള്‍ ചോര്‍ത്തുന്നു

ഇലക്ട്രിക് കാറുകള്‍ ചൈനീസ് സര്‍ക്കാരിന് വിവരങ്ങള്‍ ചോര്‍ത്തുന്നു

ചൈനീസ് സര്‍ക്കാരിന്റെ നിരീക്ഷണ ഉപകരണങ്ങളായി ഇലക്ട്രിക് കാറുകള്‍ മാറുകയാണെന്ന് ആക്ഷേപം

ഷാങ്ഹായ് : ആഗോള വാഹന നിര്‍മ്മാതാക്കള്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചൈനീസ് സര്‍ക്കാരിന് ചോര്‍ത്തുന്നതായി റിപ്പോര്‍ട്ട്. ഇലക്ട്രിക് വാഹനങ്ങളില്‍നിന്നുള്ള തല്‍സമയ ലൊക്കേഷന്‍ വിവരങ്ങളും മറ്റ് ഡസന്‍ കണക്കിന് ഡാറ്റയും ചൈനീസ് സര്‍ക്കാരിന്റെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് നല്‍കുന്നതായാണ് വ്യക്തമാകുന്നത്. ചൈനീസ് സര്‍ക്കാരിന്റെ നിരീക്ഷണ ഉപകരണങ്ങളായി ഇലക്ട്രിക് കാറുകള്‍ മാറുകയാണ് ചെയ്യുന്നതെന്ന് ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു. സ്വന്തം പൗരന്‍മാരെ നിരീക്ഷിക്കുന്നതിന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് സാങ്കേതികവിദ്യയെ വ്യാപകമായി കൂട്ടുപിടിക്കുന്ന സമയത്താണ് പുതിയ വാര്‍ത്ത പുറത്തുവരുന്നത്. എന്നാല്‍ കാര്‍ ഉടമകള്‍ അറിയാതെയാണ് ഈ ചോര്‍ത്തല്‍ നടക്കുന്നതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ടെസ്‌ല, ഫോക്‌സ്‌വാഗണ്‍, ബിഎംഡബ്ല്യു, ഡൈമ്‌ലര്‍, ഫോഡ്, ജനറല്‍ മോട്ടോഴ്‌സ്, നിസാന്‍, മിറ്റ്‌സുബിഷി, നയോ സ്റ്റാര്‍ട്ടപ്പ് തുടങ്ങി ഇരുനൂറിലധികം വാഹന നിര്‍മ്മാതാക്കളാണ് ചൈനയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ വില്‍ക്കുന്നത്. ഇത്രയും വാഹന നിര്‍മ്മാതാക്കള്‍ ചൈനീസ് സര്‍ക്കാരിന്റെ മോണിറ്ററിംഗ് പ്ലാറ്റ്‌ഫോമുകളിലേക്ക് ഏറ്റവും കുറഞ്ഞത് 61 ഡാറ്റ പോയന്റുകളെങ്കിലും അയയ്ക്കുന്നതായാണ് റിപ്പോര്‍ട്ട്. ചൈനയിലെ നിയമങ്ങള്‍ അനുസരിക്കുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നതെന്ന് വാഹന നിര്‍മ്മാതാക്കള്‍ കൈമലര്‍ത്തുന്നു. ബദല്‍ ഇന്ധന വാഹനങ്ങള്‍ക്ക് മാത്രമാണ് ഇത് ബാധകം. സുരക്ഷ മെച്ചപ്പെടുത്തുന്നതിനും വ്യാവസായിക വികസനം സുഗമമാക്കുന്നതിനും അടിസ്ഥാനസൗകര്യ വികസനം ആസൂത്രണം ചെയ്യുന്നതിനും സബ്‌സിഡി വിതരണത്തിലെ ക്രമക്കേട് തടയുന്നതിനുമാണ് ഡാറ്റ ഉപയോഗിക്കുന്നതെന്ന് ചൈനീസ് അധികൃതര്‍ മറുപടി പറയുന്നു.

എന്നാല്‍ ഈ ലക്ഷ്യങ്ങള്‍ക്കപ്പുറമുള്ള വിവരങ്ങള്‍ ശേഖരിച്ചതായാണ് ആരോപണമുയരുന്നത്. വിദേശ കാര്‍ നിര്‍മ്മാതാക്കളുടെ വിപണി മല്‍സരത്തെ ദുര്‍ബ്ബലപ്പെടുത്താനും സ്വന്തം പൗരന്‍മാരെ നിരീക്ഷിക്കുന്നതിനും ഡാറ്റ ഉപയോഗിക്കാപ്പെടാമെന്ന് ഇവര്‍ ആശങ്കപ്പെടുന്നു. ഷി ജിന്‍പിംഗിന്റെ ഭരണത്തില്‍ എതിരഭിപ്രായം പറയുന്നവര്‍ക്കെതിരെ ചൈന യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടുതല്‍ കര്‍ശന പൊലീസിംഗിനായി ബിഗ് ഡാറ്റ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയാണ് ഇപ്പോള്‍ ചൈന ആശ്രയിക്കുന്നത്. കമ്യൂണിസ്റ്റ് ഭരണത്തിനെതിരായ ഏതൊരു വെല്ലുവിളികളെയും അതിവേഗം ഇല്ലായ്മ ചെയ്യാന്‍ ഇതുവഴി സാധിക്കും. നെക്സ്റ്റ്-ജെന്‍ കണക്റ്റഡ് കാറുകളില്‍നിന്ന് കൂടുതല്‍ വ്യക്തിപരമായ വിവരങ്ങള്‍ അതിവേഗം ‘വലിച്ചെടുക്കുമെന്ന’ ആശങ്കയാണ് ഇപ്പോള്‍ ചൈനയില്‍ നിലനില്‍ക്കുന്നത്.

ജനങ്ങളുടെ ദൈനംദിന ജീവിതത്തെക്കുറിച്ച് ഒരുപാട് കാര്യങ്ങള്‍ അറിയുന്നതിലൂടെ ഒരേസമയം സര്‍വ്വവ്യാപക നിരീക്ഷണം നടത്തുകയാണ് ചെയ്യുന്നതെന്ന് ജോര്‍ജ് ഡബ്ല്യു ബുഷ് അമേരിക്കന്‍ പ്രസിഡന്റായിരിക്കേ ആഭ്യന്തര സുരക്ഷാ സെക്രട്ടറിയായിരുന്ന മൈക്കല്‍ ചെര്‍ടോഫ് പറഞ്ഞു. ‘സ്‌ഫോടനാത്മകമായ ഡാറ്റ’ എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ് ഇദ്ദേഹം. കമ്പനികള്‍ ആത്മപരിശോധന നടത്തണമെന്ന് മൈക്കല്‍ ചെര്‍ടോഫ് ആവശ്യപ്പെട്ടു. കോര്‍പ്പറേറ്റ് മൂല്യങ്ങള്‍ക്ക് അനുസരിച്ചാണോ പ്രവര്‍ത്തിക്കുന്നതെന്ന് വിചിന്തനം ചെയ്യണം. അല്ലാത്തപക്ഷം ആ വിപണിയില്‍നിന്ന് പുറത്തുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഷാങ്ഹായ് ഇലക്ട്രിക് വെഹിക്കിള്‍ പബ്ലിക് ഡാറ്റ കളക്റ്റിംഗ്, മോണിറ്ററിംഗ് ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ അതിന്റെ ചുവരിന് സമാനമായ വലുപ്പമുള്ള സ്‌ക്രീനുകളാണ് കാണാനാകുന്നത്. ചൈനയിലെ 2.22 ലക്ഷത്തിലധികം വാഹനങ്ങള്‍ ഇവിടെ കണക്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു. ഷാങ്ഹായ് നിരത്തുകളിലൂടെ ഒഴുകുന്ന ഇലക്ട്രിക് വാഹനങ്ങള്‍ സംബന്ധിച്ച വലിയ റിയല്‍-ടൈം മാപ്പാണ് ഈ സ്‌ക്രീന്‍. ജനങ്ങള്‍ താമസിക്കുന്നതും ഷോപ്പിംഗ് നടത്തുന്നതും ജോലി ചെയ്യുന്നതും ആരാധന നടത്തുന്നതും എവിടെയെല്ലാമാണെന്ന് ഈ സ്‌ക്രീനില്‍ തെളിയും. ബെയ്ജിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി നടത്തുന്ന ദേശീയ നിരീക്ഷണ കേന്ദ്രത്തിലേക്കും ഇവിടെനിന്ന് ഡാറ്റ പറക്കും. 11 ലക്ഷത്തിലധികം ‘ന്യൂ എനര്‍ജി വാഹനങ്ങളെ’ സംബന്ധിച്ച വിവരങ്ങളാണ് ഇവിടെ ശേഖരിക്കുന്നത്.

‘മെയ്ഡ് ഇന്‍ ചൈന 2025’ പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വമ്പന്‍ പ്രോത്സാഹനമാണ് ചൈന നല്‍കുന്നത്. അങ്ങനെയെങ്കില്‍ നിരീക്ഷിക്കപ്പെടുന്ന വാഹനങ്ങളുടെയും വ്യക്തികളുടെയും എണ്ണം ഇനിയും വര്‍ധിക്കും. ആവശ്യപ്പെട്ടാല്‍ പൊലീസിനും പ്രോസിക്യൂട്ടര്‍മാര്‍ക്കും കോടതികള്‍ക്കും വിവരങ്ങള്‍ കൈമാറുമെന്ന് ഷാങ്ഹായ് നിരീക്ഷണ കേന്ദ്രത്തിലെ ഡെപ്യൂട്ടി ഡയറക്റ്റര്‍ ഡിംഗ് ഷിയോഹുവ വ്യക്തമാക്കി. ഓരോ കാറിന്റെയും തിരിച്ചറിയല്‍ നമ്പറാണ് ഡാറ്റ സെന്ററില്‍ സൂക്ഷിക്കുന്നത്.

ഉപയോക്താക്കളുടെ വിവരങ്ങള്‍ ഷാങ്ഹായ് നിരീക്ഷണ കേന്ദ്രവുമായി പങ്കുവെയ്ക്കുന്നതിന് തുടക്കത്തില്‍ വാഹന നിര്‍മ്മാതാക്കള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇളവുകളും ആനുകൂല്യങ്ങളും ലഭിക്കണമെങ്കില്‍ ഇതൊരു നിര്‍ബന്ധിത വ്യവസ്ഥയാക്കുകയാണ് അധികൃതര്‍ ചെയ്തത്. അതേസമയം യുഎസ്, യൂറോപ്പ്, ജപ്പാന്‍ സര്‍ക്കാരുകളില്‍നിന്ന് സബ്‌സിഡിയും മറ്റും വാങ്ങുമ്പോള്‍തന്നെ ഈ വാഹന നിര്‍മ്മാതാക്കള്‍ യാതൊരു ഡാറ്റയും തിരികെ നല്‍കുന്നില്ല.

Comments

comments

Categories: Auto