തുടര്‍ച്ചയായി ഉദരപ്രശ്‌നങ്ങള്‍ അവഗണിക്കരുത്: ഡോ. സൈമണ്‍ ട്രാവിസ്

തുടര്‍ച്ചയായി ഉദരപ്രശ്‌നങ്ങള്‍ അവഗണിക്കരുത്: ഡോ. സൈമണ്‍ ട്രാവിസ്

കൃത്യമായ ചികിത്സ തേടാത്തത് ആന്തരിക അവയവങ്ങളുടെ രോഗാവസ്ഥകള്‍ കൂടുതല്‍ ഗുരുതരമാക്കും

കൊച്ചി: ദഹനവ്യവസ്ഥയെയും ഉദരത്തെയും സംബന്ധിച്ച വിഷമതകള്‍ ദൈനംദിനജീവിതത്തെ ബാധിക്കുന്നുവെങ്കില്‍ വൈദ്യസഹായം തേടാന്‍ വൈകരുതെന്ന് യുകെ യില്‍ നിന്നുള്ള പ്രശസ്ത ഗ്യാസ്‌ട്രോഎന്ററോളജിസ്റ്റ് ഡോ. സൈമണ്‍ ട്രാവിസ് പറഞ്ഞു.

ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ഉദരരോഗവിദഗ്ധരുടെ ദേശീയ സമ്മേളനത്തെ അഭിസംബോധനചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഗ്യാസ്‌ട്രോ എന്ററോളജി (ഐഎസ്ജി) യാണ് സമ്മേളനത്തിന്റെ സംഘാടകര്‍. വയറുവേദന, വയറിളക്കം, വിശപ്പില്ലായ്മ, അസിഡിറ്റി പ്രശ്‌നങ്ങള്‍, ഗ്യാസ്ട്രബിള്‍, മലബന്ധം, രക്തം പോകല്‍, ക്ഷീണം, ഭാരക്കുറവ്, ഛര്‍ദ്ദി, പനി, എന്നിങ്ങനെ ലക്ഷണങ്ങള്‍ പലതാകാം. ചികിത്സ തേടാത്തത് ആന്തരിക അവയവങ്ങളുടെ രോഗാവസ്ഥകള്‍ കൂടുതല്‍ ഗുരുതരമാക്കും.

കൂടുതലായി കണ്ടുവരുന്ന ഇറിട്ടബിള്‍ ബവല്‍ സിന്‍്രേഡാമിനു പുറമെ കാഠിന്യമേറിയ ഇന്‍ഫ്‌ളമേറ്ററി ബവല്‍ അസുഖങ്ങള്‍(ഐ.ബി.ഡി.), അള്‍സറുകള്‍, സിലിയാക്ക് രോഗങ്ങള്‍ എന്നിവയ്ക്കും അപൂര്‍വമായി ക്യാന്‍സറിനും രോഗലക്ഷണങ്ങള്‍ കാരണമായേക്കാം, ഡോ. സൈമണ്‍ ട്രാവിസ് പറഞ്ഞു.

വന്‍കുടല്‍ വീക്കം അഥവാ അള്‍സറേട്ടീവ് ക്ലോട്ടിസ്, ദഹന സംവിധാനത്തില്‍ എവിടെയും ബാധിക്കാവുന്ന വീക്കം അഥവാ ക്രോണ്‍സ് രോഗം, എന്നിവയാണ് പ്രധാന ഉദരവീക്ക രോഗങ്ങള്‍. ഈ രോഗങ്ങളുടെ ശാസ്ത്രീയമായ ചികിത്സയും പരിചരണവും ഡോ. സൈമണ്‍ ട്രാവിസ് വിശദീകരിച്ചു.

മൂന്നു സമ്മേളന വേദികളിലായാണ് ശാസ്ത്രസെഷനുകള്‍ അരങ്ങേറിയത്. ശരീരത്തിലെ കൊഴുപ്പ് ഊര്‍ജ്ജ സ്രോതസ്സോ രോഗ സ്രോതസ്സോ എന്ന വിഷയത്തിലും ഉദരരോഗവ്യാപനം, ഐബിഡി ചികിത്സ, കൊളോണോസ്‌കോപിയിലെ വെല്ലുവിളികള്‍, ഹെപ്പാറ്റൈറ്റിസ് ചികിത്സ, ഇന്ത്യയില്‍ കരള്‍ രോഗങ്ങളുടെ വ്യാപനം, വിവിധ എന്‍ഡോസ്‌കോപി രോഗങ്ങള്‍ എന്നീ വിഷയങ്ങളിലും സുപ്രധാന ചര്‍ച്ചകള്‍ നടന്നതായി പിവിഎസ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഡയജസ്റ്റീവ് ഡിസീസസ് ഡയറക്റ്ററും ഓര്‍ഗനൈസിങ്ങ് സെക്രട്ടറിയുമായ ഡോ. മാത്യു ഫിലിപ്പ് പറഞ്ഞു.

ആരോഗ്യമുള്ള ഉദരം എന്ന ആശയ പ്രചരാണാര്‍ത്ഥം മിനി മാരത്തോണും പരിപാടിയുടെ ഭാഗമായി നടന്നു. ഡോക്റ്റര്‍മാര്‍ക്കും എന്‍ഡോസ്‌കോപി ടെക്‌നീഷന്‍മാര്‍ക്കും നേഴ്‌സുമാര്‍ക്കുമുള്ള പ്രത്യേക പരിശീലന പരിപാടികളും ശില്‍പശാലകളും സംഘടിപ്പിക്കപ്പെട്ടു.

രണ്ടായിരത്തിയഞ്ഞൂറിലധികം ഉദരരോഗ വിദഗ്ധര്‍ പങ്കെടുക്കുന്ന അമ്പത്തിയൊമ്പതാമത് വാര്‍ഷിക സമ്മേളനം പതിനാറുവര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് സംസ്ഥാനത്ത് നടക്കുന്നത്. ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഗ്യാസ്‌ട്രോ എന്ററോളജി കേരള ഘടകവും, കൊച്ചിന്‍ ഗട്ട് ക്ലബ്ബും സംയുക്തമായാണ് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കച്ചത്.

Comments

comments

Categories: Health, Slider
Tags: Digestion, health