23 സംസ്ഥാനങ്ങള്‍ സമ്പൂര്‍ണ വൈദ്യുതീകരണത്തിലേക്ക്: ആര്‍ കെ സിംഗ്

23 സംസ്ഥാനങ്ങള്‍ സമ്പൂര്‍ണ വൈദ്യുതീകരണത്തിലേക്ക്: ആര്‍ കെ സിംഗ്

15 സംസ്ഥാനങ്ങള്‍ പൂര്‍ണമായി വൈദ്യുതീകരിച്ചു; എട്ട് സംസ്ഥാനങ്ങള്‍ സമ്പൂര്‍ണ വൈദ്യുതീകരണത്തിന്റെ പടിവാതില്‍ക്കല്‍

ന്യൂഡെല്‍ഹി: രാജ്യത്തെ 15 സംസ്ഥാനങ്ങളില്‍ സമ്പൂര്‍ണ ഗാര്‍ഹിക വൈദ്യുതീകരണം പൂര്‍ത്തിയാക്കിയെന്ന് കേന്ദ്ര വൈദ്യുത മന്ത്രി ആര്‍ കെ സിംഗ്. എട്ട് സംസ്ഥാനങ്ങള്‍ കൂടി വൈകാതെ പൂര്‍ണമായി വൈദ്യുതീകരിക്കപ്പെടുമെന്നും അദ്ദേഹം അറിയിച്ചു. മധ്യപ്രദേശ്, ത്രിപുര, ബിഹാര്‍, ജമ്മു ആന്‍ഡ് കശ്മീര്‍, മിസോറാം, സിക്കിം, തെലങ്കാന, പശ്ചിമ ബംഗാള്‍ എന്നീ എട്ട് സംസ്ഥാനങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന സൗഭാഗ്യ പദ്ധതിക്ക് കീഴില്‍ ഉടന്‍ സമ്പൂര്‍ണ ഭവന വൈദ്യുതീകരണമെന്ന ലക്ഷ്യം നേടാന്‍ പോകുന്നത്. ഇതോടെ രാജ്യത്തെ 23 സംസ്ഥാനങ്ങളിലെ 100 ശതമാനം വീടുകളിലും വൈദ്യുതിയെത്തും. സംസ്ഥാനങ്ങളുടെ പ്രതിനിധികളുമായി നടത്തിയ ആസൂത്രണ, അവലോകന യോഗത്തിന് ശേഷമാണ് രാജ്യത്തെ വൈദ്യുതീകരണത്തിന്റെ പുരോഗതി മന്ത്രി വെളിപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഒക്‌റ്റോബറില്‍ ആരംഭിച്ച പദ്ധതി പ്രകാരം 2.1 കോടി വൈദ്യുതി കണക്ഷനുകളാണ് ഇതുവരെ നല്‍കിയിരിക്കുന്നത്.

മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, അരുണാചല്‍ പ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ ഏതാനും വീടുകളിലേക്ക് മാത്രമാണ് ഇനി വൈദ്യുതി കണക്ഷനുകള്‍ എത്താനുള്ളത്. ഈ സംസ്ഥാനങ്ങളില്‍ ഏറ്റവുമടുത്ത ദിവസങ്ങളില്‍ തന്നെ സമ്പൂര്‍ണ വൈദ്യുതീകരണമെന്ന ലക്ഷ്യം നേടുമെന്ന് ആര്‍ കെ സിംഗ് വ്യക്തമാക്കി. ഈ വര്‍ഷം അവസാനത്തോടെ സമ്പൂര്‍ണ വൈദ്യുതീകരണമെന്ന ലക്ഷ്യം നേടാന്‍ സര്‍ക്കാരിന് സാധിക്കുമെന്ന ആല്‍മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ 31ന് അകം സംസ്ഥാനങ്ങള്‍ 100 ശതമാനം വൈദ്യുതീകരണമെന്ന നേട്ടം സ്വന്തമാക്കുകയാണെങ്കില്‍ സൗഭാഗ്യ പദ്ധതി ചെലവിന് പുറമെ 15 ശതമാനം അധിക ഗ്രാന്റ് കൂടി ലഭിക്കും. മികച്ച പ്രകടനം നടത്തുന്ന സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പുരസ്‌കാരങ്ങളും നല്‍കും.

Comments

comments

Categories: FK News
Tags: electricity