ഇന്ത്യയില്‍ 4000 കോടി രൂപ നിക്ഷേപിക്കാന്‍ വിവോ

ഇന്ത്യയില്‍ 4000 കോടി രൂപ നിക്ഷേപിക്കാന്‍ വിവോ

മെഗാ നിര്‍മാണ പാര്‍ക്ക് ആരംഭിക്കുന്നതിനായി കമ്പനി ഉത്തര്‍പ്രദേശ് സര്‍ക്കാരുമായി സംസാരിച്ചു വരികയാണ്

കൊല്‍ക്കത്ത: ചൈനീസ് സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ വിവോ ഇന്ത്യയില്‍ 4000 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങുന്നു. പുതിയ പ്ലാന്റ് നിര്‍മിക്കുന്നതുള്‍പ്പെടെയുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായാണ് തങ്ങളുടെ രണ്ടാം ഘട്ട ‘മേക്ക് ഇന്‍ ഇന്ത്യ’ നിക്ഷേപമെന്ന് വിവോ ഇന്ത്യ ഡയറക്റ്റര്‍ നിപുണ്‍ മര്യ പറഞ്ഞു. ഈ നിക്ഷേപത്തോടെ, വിവോയുടെ ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണ ശേഷി ചൈനയിലെ രണ്ട് വന്‍കിട യൂണിറ്റുകളുടെ മൊത്തം ശേഷിക്കൊപ്പമെത്തും. ഇന്ത്യയില്‍ ഒരു സ്മാര്‍ട്ട് ഫോണ്‍ നിര്‍മാണ കമ്പനി ഒരുക്കുന്ന ഏറ്റവും വലിയ മാനുഫാക്ചറിംഗ് സംവിധാനങ്ങളിലൊന്നായും ഇത് മാറും.

ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസംഗ് ഇലക്ട്രോണിക്‌സ് നോയ്ഡയില്‍ സ്ഥാപിച്ച ഫാക്റ്ററിയാണ് നിലവില്‍ ലോകത്തെ ഏറ്റവും വലിയ മൊബീല്‍ നിര്‍മാണ ഫാക്റ്ററി. 4915 കോടി രൂപ ചിലവഴിച്ച് നിര്‍മിച്ച ഈ ഫാക്റ്ററി ജൂലൈയിലാണ് പ്രവര്‍ത്തനമാരംഭിച്ചത്. ഷഓമി പോലുള്ള മറ്റ് മൊബീല്‍ നിര്‍മാതാക്കളും അസംബ്ലിംഗ് സംരംഭങ്ങളുടെ സഹകരണത്തോടെ ഇന്ത്യയില്‍ തങ്ങളുടെ മാനുഫാക്ചറിംഗ് ശേഷി വിപുലപ്പെടുത്തുകയാണ്.

ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ നിലവിലുള്ള പ്ലാന്റിന് സമീപത്തായി 169 ഏക്കര്‍ ഭൂമി കൂടി ഏറ്റെടുക്കുന്നതോടെ രണ്ടാമത്തെ ഫാക്റ്ററി ആരംഭിക്കുമെന്ന് മര്യ അറിയിച്ചു. ഇതിന്റെ ആദ്യ ഘട്ടമായി 800 കോടി രൂപ നിക്ഷേപിക്കും. തുടര്‍ന്ന് 12-18 മാസങ്ങള്‍ക്കുള്ളില്‍ ഫാക്റ്ററി പൂര്‍ത്തിയാവുകയും 5000ത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും.

നിലവിലെ പ്ലാന്റുകളിലെ പൂര്‍ണ ശേഷി ഉപയോഗിക്കുന്നതില്‍ പുതിയ നിക്ഷേപം ഇന്ത്യയിലെ വളര്‍ന്നു വരുന്ന ആവശ്യകതയെ പൂര്‍ത്തീകരിക്കാനും കയറ്റുമതിക്കും സഹായകരമാകുമെന്ന് വിവോ വിലയിരുത്തുന്നു.
ലോകത്താകമാനം 16 രാജ്യങ്ങളില്‍ വിവോയ്ക്ക് വിപണി സാന്നിധ്യമുണ്ട്. പ്രതിവര്‍ഷ വര്‍ഷത്തില്‍ ഏതാണ്ട് 25 ദശലക്ഷം യൂണിറ്റ് എന്നതാണ് നിലവിലെ ഉല്‍പാദനശേഷി. ആദ്യ ഘട്ടത്തില്‍ ഇത് ഇരട്ടിയാക്കാന്‍ ശ്രമിക്കും.

ഘടക ഭാഗങ്ങളുടെ നിര്‍മാണത്തിലും കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ കമ്പനി ആഗ്രഹിക്കുന്നതായി മര്യ പറഞ്ഞു. ഗ്രേറ്റര്‍ നോയിഡയിലെ പ്ലാന്റിലെ നിര്‍മാണം പൂര്‍ണമായും തദ്ദേശീയമായാണ് നടക്കുന്നത്. പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡുകള്‍ വരെ തദ്ദേശീയമായാണ് ഒരുക്കുന്നത്. ഇതിനായി 300 കോടി രൂപയാണ് കമ്പനി നിക്ഷേപിച്ചിരിക്കുന്നത്. പുതിയ മെഗാ നിര്‍മാണ പാര്‍ക്ക് ആരംഭിക്കുന്നതിനായി കമ്പനി ഉത്തര്‍പ്രദേശ് സര്‍ക്കാരുമായി സംസാരിച്ചു വരികയാണ്. ഇന്ത്യയില്‍ സിംഗിള്‍ ബ്രാന്‍ഡ് റീട്ടെയ്ല്‍ മേഖലയിലും കമ്പനി നിക്ഷേപം നടത്തുന്നുണ്ട്.

Comments

comments

Categories: Business & Economy
Tags: Vivo