അമേരിക്കയുടെ ആയുര്‍ദൈര്‍ഘ്യം ഇടിയുന്നു

അമേരിക്കയുടെ ആയുര്‍ദൈര്‍ഘ്യം ഇടിയുന്നു

ഒരു വികസിത രാജ്യത്തിന്റെ, പരിഷ്‌കൃത സമൂഹത്തിന്റെ ലക്ഷണങ്ങളിലൊന്നാണ് മികച്ച ആയുര്‍ദൈര്‍ഘ്യം. ലോകത്തെ ഏറ്റവും വലിയ വികസിത രാജ്യമായ അമേരിക്കയില്‍ പക്ഷേ, ആയുര്‍ദൈര്‍ഘ്യം ഇടിഞ്ഞിരിക്കുന്നതായി വ്യാഴാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2015 മുതല്‍ അവിടെ മരണനിരക്ക് ഉയര്‍ന്നുവരികയാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുമ്പോള്‍ അത് ഏവരേയും ആശങ്കപ്പെടുത്തുന്നുണ്ട്.

വൈദ്യശാസ്ത്രരംഗത്ത് പ്രത്യേകിച്ച് അമേരിക്കയില്‍ ഒരുപാട് മുന്നേറ്റങ്ങള്‍ നടക്കുന്ന കാലഘട്ടമാണിത്. പക്ഷേ, അമേരിക്കയില്‍ മയക്കുമരുന്നിന്റെ അമിത ഉപയോഗം, ആത്മഹത്യ, അല്‍ഷ്യമേഴ്‌സ്, കരള്‍ രോഗം എന്നിവയെ തുടര്‍ന്നുള്ള മരണനിരക്ക് ഉയര്‍ന്നു വരുന്നെന്നു പുതിയ പഠന റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. 2017-ല്‍ അമേരിക്കയിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം 78.6 വയസായിരുന്നു. ഇത് 2016-ല്‍ 78.7-ആയിരുന്നു. വ്യാഴാഴ്ച സര്‍ക്കാര്‍ പുറത്തുവിട്ട തീര്‍ത്തും നിരാശജനകമായ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. രാജ്യത്ത് മയക്കുമരുന്ന് ഉപയോഗം, ആത്മഹത്യ തുടങ്ങിയവ വര്‍ധിക്കുന്നതിന്റെ തെളിവു കൂടിയായി മാറി ഈ റിപ്പോര്‍ട്ട്. ആകെക്കൂടി, 2017-ല്‍ അമേരിക്കയില്‍ 2.8 ദശലക്ഷത്തിലധികം മരണമുണ്ടായിരുന്നു. ഇത് 2016-ലേതിനേക്കാള്‍ 70,000-ത്തിലധികം മരണങ്ങള്‍ കൂടുതലാണെന്നു സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) വ്യാഴാഴ്ച അറിയിച്ചു.

മരണനിരക്ക് ഉയരുന്നതിന്റെ കാരണം കണ്ടെത്താന്‍ നടത്തിയ പഠനങ്ങളില്‍ വെടിയേറ്റു കൊണ്ടുള്ള മരണം (gun death) കണക്കിലെടുത്തില്ല. എന്നാല്‍ ആത്മഹത്യയ്ക്കായി തോക്ക് ഉപയോഗിച്ചത് കണക്കാക്കിയിട്ടുണ്ട്. സിഡിസിയുടെ കണക്ക്പ്രകാരം, 2017-ല്‍ ജനിച്ച ഒരു കുട്ടി ശരാശരി 78 വര്‍ഷവും, 7 മാസവും ജീവിക്കുമെന്നാണ്. 2015-ലോ 2016-ലോ ജനിച്ച കുട്ടിയാണെങ്കില്‍ 78 വര്‍ഷവും, 8 മാസവും ജീവിക്കുമെന്നാണ്. 2014-ല്‍ ജനിച്ച കുട്ടിയാണെങ്കില്‍ 78 വര്‍ഷവും 10 മാസവും ജീവിക്കുമെന്നും കണക്കുകള്‍ പറയുന്നു. ഒരു നൂറ്റാണ്ടിനിടെ, ഒരു വര്‍ഷത്തിനിടയ്ക്ക് ഏറ്റവുമധികം മരണം സംഭവിക്കുന്നതും ഇത് ആദ്യമാണ്. മരണനിരക്കില്‍ വന്നിരിക്കുന്ന വര്‍ധന ഏറെക്കുറെ, അമേരിക്കയില്‍ വളരുന്ന, പ്രായമായ ജനസംഖ്യയെയാണ് പ്രതിഫലിപ്പിക്കുന്നത്. എന്നാല്‍, ചെറുപ്രായക്കാരുടെയും മധ്യവയസ്‌ക്കരുടെയും മരണനിരക്കാണ്, ആയുര്‍ദൈര്‍ഘ്യം കണക്കിലെടുത്തപ്പോള്‍ ഏറ്റവും വലിയ സ്വാധീനം ചെലുത്തിയത്. ‘ഈ ഗൗരവമുള്ള കണക്കുകള്‍, എല്ലാവരെയും ഉണര്‍ത്തുന്ന ഒന്നാണ്. ഈ സാഹചര്യം ഒഴിവാക്കാന്‍ സാധിക്കുന്നതാണെന്നു’ സിഡിസി ഡയറക്ടര്‍ ഡോ. റോബര്‍ട്ട് റെഡ്ഫീല്‍ഡ് പറയുന്നു.

2017-ലെ ആത്മഹത്യാ നിരക്ക് 50 വര്‍ഷത്തിനിടെയിലെ ഏറ്റവും ഉയര്‍ന്നതാണെന്നു യുഎസ് സര്‍ക്കാരിന്റെ രേഖകള്‍ പറയുന്നു. 2016-ല്‍ ആത്മഹത്യ നിരക്ക് 45,000-ത്തില്‍ താഴെ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍, 2017-ല്‍ അത് 47,000-ത്തിനു മുകളില്‍ വന്നു. പതിറ്റാണ്ടുകളോളം അമേരിക്കയുടെ ആയുര്‍ദൈര്‍ഘ്യം ഉയര്‍ന്നു നില്‍ക്കുകയായിരുന്നു. എന്നാല്‍ 2015 മുതല്‍ ഇടിയുകയാണ്. 2016-ല്‍ മുന്‍വര്‍ഷത്തെ നില തുടര്‍ന്നെങ്കിലും 2017-ല്‍ വീണ്ടും ഇടിഞ്ഞു. 1915 മുതല്‍ 1918 വരെയുള്ള നാല് വര്‍ഷക്കാലം അമേരിക്ക സാക്ഷ്യം വഹിച്ച ഏറ്റവും ദുര്‍ഘടക കാലമായിരുന്നു. ഇക്കാലയളവിലായിരുന്നു ഒന്നാം ലോകമഹായുദ്ധവും, പകര്‍ച്ചപ്പനിയും (ഫ്‌ളു) അമേരിക്കയെ വേട്ടയാടിയത്. അന്ന് ഏകദേശം 6,75,000 ലേറെ പേരാണ് അമേരിക്കയില്‍ മരണപ്പെട്ടത്. ലോകമെമ്പാടുമായി 50 ദശലക്ഷം പേരും മരണപ്പെടുകയുണ്ടായി. അമേരിക്കയില്‍ അമേരിക്കയില്‍ 1918-ല്‍ ശരാശരി ആയുര്‍ദൈര്‍ഘ്യം 39 വയസായിരുന്നു. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന കണക്കുകള്‍ അമേരിക്കയില്‍ 1915-1918 കാലഘട്ടത്തില്‍ പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് പൊതുജന ആരോഗ്യരംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അമേരിക്കയില്‍ ഒരാള്‍ മരണപ്പെടാനുണ്ടാകുന്ന 10 പ്രധാന കാരണങ്ങളില്‍, കാന്‍സറിന്റെ കാര്യത്തില്‍ മാത്രമാണ് 2017-ല്‍ കുറവ് രേഖപ്പെടുത്തിയത്. എന്നാല്‍ ആത്മഹത്യ, സ്‌ട്രോക്ക്, ഡയബെറ്റിസ്, അല്‍ഷമേഴ്‌സ്, ന്യുമോണിയ, ശ്വാസകോശ സംബന്ധമായ അസുഖം തുടങ്ങിയവ ഉയര്‍ന്നു തന്നെ നിന്നു.

ഇപ്പോള്‍ അമേരിക്കയുടെ ആയുര്‍ദൈര്‍ഘ്യത്തില്‍ ഇടിവ് വരാനുണ്ടായ കാരണം എന്താണെന്ന് കണ്ടെത്താന്‍ സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനു സാധിച്ചിട്ടില്ലെങ്കിലും ജോര്‍ജ് വാഷിംഗ്ടണ്‍ സര്‍വകലാശാലയിലെ ഡോ. വില്യം ഡയറ്റ്‌സ് പറയുന്നത്, പ്രതീക്ഷയില്ലാതാകുന്നൊരു അവസ്ഥയാണ് പലരെയും ആത്മഹത്യയിലേക്കു നയിക്കുന്നതെന്നാണ്. സാമ്പത്തിക പോരാട്ടങ്ങള്‍, വരുമാനത്തിന്റെ കാര്യത്തില്‍ സംഭവിക്കുന്ന വലിയ വിടവ് അഥവാ അന്തരം, ഭിന്നിപ്പിന്റെ രാഷ്ട്രീയം തുടങ്ങിയ ഘടകങ്ങള്‍ നിരവധി അമേരിക്കക്കാര്‍ക്ക് വിരസത സമ്മാനിക്കുകയാണെന്നും ഇത് അവരില്‍ പ്രതീക്ഷയില്ലാതാക്കുകയാണെന്നും ഡോ. വില്യം പറയുന്നു. ഇത്തരം സാഹചര്യം അവരെ മയക്ക്മരുന്ന് ഉപയോഗത്തിലേക്കു നയിക്കുകയാണ്. അതുവഴി ആത്മഹത്യയിലേക്കും-ഡോ. വില്യം പറയുന്നു. മയക്കുമരുന്നിന് അടിമപ്പെട്ട് മരണപ്പെടുന്നവരുടെ എണ്ണം 2017-ല്‍ 70,000 കവിഞ്ഞതായി റിപ്പോര്‍ട്ട് പറയുന്നു. സിഡിസി പുറത്തുവിട്ട കണക്കുകള്‍ പ്രധാനമായും മരണ സര്‍ട്ടിഫിക്കേറ്റുകളുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ്. മയക്കുമരുന്നിന്റെ അമിത ഉപയോഗം മൂലം സംഭവിക്കുന്ന മരണനിരക്കില്‍, ഭൂമിശാസ്ത്രപരമായ അന്തരം 2017-ലും തുടര്‍ന്നതായി കാണുന്നു. വെസ്റ്റ് വിര്‍ജീനിയയാണ് ഇക്കാര്യത്തില്‍ മുന്‍നിരയിലുള്ളത്. അവിടെ ഓരോ ഒരു ലക്ഷം പേരിലും 57.8 പേര്‍ മരണപ്പെടുന്നത് മയക്കുമരുന്നിന്റെ അമിത ഉപയോഗത്തെ തുടര്‍ന്നാണ്. വെസ്റ്റ് വിര്‍ജീനിയയ്ക്കു പിന്നിലായി ഒഹിയോ, പെന്‍സല്‍വാനിയ, ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ തുടങ്ങിയ പ്രദേശങ്ങളുമുണ്ട്. ആത്മഹത്യ, മയക്കുമരുന്നുകളുടെ അമിത ഉപയോഗം എന്നിവയ്ക്കു പുറമേ പകര്‍ച്ചപ്പനിയും(ഫ്‌ളു) അമേരിക്കയില്‍ ആയുര്‍ദൈര്‍ഘ്യത്തില്‍ ഇടിവ് സംഭവിക്കാന്‍ കാരണമായതായി റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ തണുപ്പ് കാലത്ത്, പകര്‍ച്ചപ്പനിയെ തുടര്‍ന്നുണ്ടായ മരണങ്ങളില്‍ വന്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു. അതു പോലെ അമേരിക്കക്കാരെ മരണത്തിലേക്കു നയിക്കുന്ന ഒന്നാം നമ്പര്‍ കാരണക്കാരനായ ഹൃദ്രോഗം, 2011 മുതല്‍ കുറഞ്ഞുവന്നിരുന്നെങ്കിലും അത് വീണ്ടും മറ്റ് മരണ കാരണങ്ങള്‍ക്കൊപ്പമെത്തുന്നതായി കാണപ്പെട്ടു.

Comments

comments

Categories: Life, Slider, Top Stories