ട്രയംഫ് ഇന്ത്യയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി

ട്രയംഫ് ഇന്ത്യയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി

2019 ജൂണ്‍ മാസത്തോടെ ആറ് ബൈക്കുകള്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കും

ന്യൂഡെല്‍ഹി: ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി ആറാം വര്‍ഷത്തിലേക്ക് കടക്കുന്നു. 2013 ലാണ് ബ്രിട്ടീഷ് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ ആദ്യ മോഡല്‍ അവതരിപ്പിച്ചത്. അയ്യായിരത്തിലധികം ഉപയോക്താക്കളുമായാണ് ബ്രിട്ടീഷ് ബ്രാന്‍ഡ് ഇന്ത്യയില്‍ ആറാം വര്‍ഷത്തിലേക്ക് വണ്ടിയോടിക്കുന്നത്. ആറാം വര്‍ഷത്തില്‍, 2019 ജൂണിന് മുമ്പായി ആറ് മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കും. പുതിയ മോഡലുകളും നിലവിലെ മോഡലുകളുടെ ഫേസ്‌ലിഫ്റ്റുകളുമായിരിക്കും ഈ ആറ് ഉല്‍പ്പന്നങ്ങള്‍. കൂടാതെ ഡീലര്‍ഷിപ്പുകളുടെ എണ്ണം നിലവിലെ പതിനാറില്‍നിന്ന് മൂന്നുനാല് വര്‍ഷത്തിനുള്ളില്‍ 25 ആയി വര്‍ധിപ്പിക്കും.

കരുത്ത്, കൈകാര്യം, രൂപഭംഗി എന്നീ മേന്‍മകളാണ് ട്രയംഫ് മോട്ടോര്‍സൈക്കിളുകള്‍ക്ക് ഇന്ത്യയില്‍ ജനപ്രീതി നേടിക്കൊടുത്തത്. നിലവില്‍ രാജ്യമാകെ 16 ട്രയംഫ് എക്‌സ്പീരിയന്‍സ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നു. ഇന്ത്യയിലെ 400 പട്ടണങ്ങളില്‍ ട്രയംഫ് മോട്ടോര്‍സൈക്കിള്‍സിന് ഉപയോക്താക്കളുണ്ട്. ട്രയംഫ് ടൈഗര്‍ ട്രെയ്‌നിംഗ് അക്കാഡമി, കാലിഫോര്‍ണിയ സൂപ്പര്‍ബൈക്ക് സ്‌കൂള്‍ എന്നിവിടങ്ങളില്‍ ഉപയോക്താക്കള്‍ക്കായി പരിശീലനവും നല്‍കിവരുന്നു.

ഇനിയുള്ള ഓരോ വര്‍ഷവും 10-12 ശതമാനം വളര്‍ച്ച കൈവരിക്കുകയാണ് ലക്ഷ്യമെന്ന് ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യ ജനറല്‍ മാനേജര്‍ ഷൊയബ് ഫറൂഖ് പറഞ്ഞു. ആകെ വരുമാനത്തില്‍ ചെറിയ പട്ടണങ്ങളുടെ സംഭാവന വര്‍ധിക്കുന്നതായും ട്രയംഫിന്റെ ഇന്ത്യയിലെ ഇനിയുള്ള വളര്‍ച്ചയില്‍ രണ്ടാം നിര പട്ടണങ്ങള്‍ നിര്‍ണ്ണായകമാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ആഗോളതലത്തില്‍ ഇന്ത്യ പ്രധാനപ്പെട്ട വിപണിയാണെന്നും ഷൊയബ് ഫറൂഖ് വ്യക്തമാക്കി.

Comments

comments

Categories: Auto
Tags: Triumph