ടാറ്റ ഹാരിയര്‍ അണിയറയില്‍ ഒരുങ്ങുന്നു

ടാറ്റ ഹാരിയര്‍ അണിയറയില്‍ ഒരുങ്ങുന്നു

പ്രീമിയം എസ്‌യുവി ജനുവരിയില്‍ വിപണിയില്‍ അവതരിപ്പിക്കും

ന്യൂഡെല്‍ഹി : ഇന്ത്യന്‍ വാഹന വിപണി വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ടാറ്റ ഹാരിയര്‍ അണിയറയില്‍ ഒരുങ്ങുന്നു. കിടിലന്‍ പ്രീമിയം എസ്‌യുവി 2019 ജനുവരിയില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനാണ് ടാറ്റ മോട്ടോഴ്‌സ് തയ്യാറെടുക്കുന്നത്. ഔദ്യോഗിക ലോഞ്ചിന് മുമ്പായി ടീസര്‍ വീഡിയോകള്‍ ഓരോന്നായി പുറത്തിറക്കുകയാണ് കമ്പനി. എസ്‌യുവിയുടെ ഫീച്ചറുകള്‍ വിശദീകരിക്കുന്നതാണ് ഇവയെല്ലാം.

ഏറ്റവും പുതിയ വീഡിയോ പറയുന്നത് എസ്‌യുവിയില്‍ കൂള്‍ഡ് ഫ്രണ്ട് ആംറെസ്റ്റ് സ്റ്റോറേജ് ഉണ്ടായിരിക്കുമെന്നാണ്. പാനീയങ്ങള്‍ ഇവിടെ തണുപ്പോടെ സൂക്ഷിക്കാന്‍ കഴിയും. ഇതിന് തൊട്ടടുത്തായി തണുപ്പിക്കാതെ സൂക്ഷിക്കാനും സൗകര്യമുണ്ടായിരിക്കും. 12 വോള്‍ട്ട് ചാര്‍ജിംഗ് സോക്കറ്റാണ് മറ്റൊരു ഫീച്ചര്‍. മൊബീല്‍ ഫോണും മറ്റ് ഡിവൈസുകളും ഇവിടെ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. ടാറ്റ ഹാരിയറില്‍ പ്രൊജക്റ്റര്‍ പഡില്‍ ലാംപുകള്‍ ഉണ്ടായിരിക്കുമെന്ന് നേരത്തെ വെളിപ്പെട്ടിരുന്നു.

അതേസമയം ടാറ്റ ഹാരിയറിന് ഓള്‍ വീല്‍ ഡ്രൈവ് ഉണ്ടായിരിക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇന്‍ഡിക്കേറ്ററുകള്‍ ഔഡി കാറുകളില്‍ കാണുന്നതുപോലെ ആയിരിക്കും. അളവുകള്‍ സംബന്ധിച്ചും വെളിപ്പെടുത്തല്‍ ഉണ്ടായി. 4598 എംഎം നീളവും 1894 എംഎം വീതിയും 1714 എംഎം ഉയരവും ടാറ്റ ഹാരിയറിന് ഉണ്ടായിരിക്കും. 2741 മില്ലി മീറ്ററാണ് വീല്‍ബേസ്. കെര്‍ബ് വെയ്റ്റ് 1680 കിലോഗ്രാം.

2.0 ലിറ്റര്‍ ക്രയോടെക് ഡീസല്‍ എന്‍ജിന്‍ ടാറ്റ ഹാരിയറിന് കരുത്തേകും. 140 ബിഎച്ച്പി കരുത്തും 320 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ എന്‍ജിനുമായി ചേര്‍ത്തുവെയ്ക്കും. ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് നല്‍കുമെന്നും പ്രതീക്ഷിക്കാം. ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ജെബിഎല്‍ സ്പീക്കറുകള്‍ എന്നിവ ഉണ്ടായിരിക്കും.

ടാറ്റ ഹാരിയര്‍ എസ്‌യുവിയുടെ ബുക്കിംഗ് നേരത്തെ ആരംഭിച്ചിരുന്നു. 12 ലക്ഷം രൂപയില്‍ വില തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജീപ്പ് കോംപസ്, ഹ്യുണ്ടായ് ക്രെറ്റ, മഹീന്ദ്ര എക്‌സ്‌യുവി500 തുടങ്ങിയവരാണ് എതിരാളികള്‍.

Comments

comments

Categories: Auto