5-6 ട്രില്യന്റെ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ വളരേണ്ടിയിരുന്നുവെന്ന് പ്രണബ് മുഖര്‍ജി

5-6 ട്രില്യന്റെ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ വളരേണ്ടിയിരുന്നുവെന്ന് പ്രണബ് മുഖര്‍ജി

അധികാരത്തിലേറിയ സര്‍ക്കാരുകള്‍ക്ക് കൂടുതല്‍ പ്രയത്‌നിക്കാമായിരുന്നു; ഇന്ത്യക്ക് ഒരു ആഗോള സാമ്പത്തിക ശക്തിയാകാനുള്ള എല്ലാ സാമര്‍ത്ഥ്യവുമുണ്ട്; ലോകത്തെ മൂന്നാമത്തെ വലിയ സൈനിക ശക്തിയാണ് ഇന്ത്യയെന്നും മുന്‍ രാഷ്ട്രപതി

ന്യൂഡെല്‍ഹി: സ്വാതന്ത്ര്യ ലബ്ധി മുതല്‍ ഇതുവരെയുള്ള രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ ഗതിവേഗത്തില്‍ ഒട്ടും തൃപ്തനല്ലെന്ന് മുന്‍രാഷ്ട്രപതിയും കേന്ദ്ര ധനമന്ത്രിയുമായിരുന്ന പ്രണബ് മുഖര്‍ജി. അധികാരത്തിലേറിയ സര്‍ക്കാരുകള്‍ക്ക് കൂടുതല്‍ പ്രയത്‌നിക്കാമായിരുന്നെന്ന് അദ്ദേഹം വിമര്‍ശിച്ചു. ചൈനയുടെ സമ്പദ് വ്യവസ്ഥയുമായി ഇന്ത്യയെ താരതമ്യം ചെയ്താണ് മുഖര്‍ജി വിമര്‍ശനം നടത്തിയത്. ‘2.268 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ളതാണ് ഇന്ന് നമ്മുടെ സമ്പദ്‌വ്യവസ്ഥ. ഞാന്‍ ഒട്ടും സംതൃപ്തനല്ല,’ ബെഗളൂരുവിലെ ഗ്രീന്‍വുഡ് ഹൈ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഒരു പരിപാടിയില്‍ സംബന്ധിക്കവെ മുന്‍ രാഷ്ട്രപതി അഭിപ്രായപ്പെട്ടു. ‘ഒരു മുന്‍ ധനമന്ത്രിയെന്ന നിലയില്‍ എനിക്ക് തോന്നുന്നത്, നമുക്ക് കുറച്ചുകൂടി മുന്നേറാമായിരുന്നെന്നാണ്. ചൈനയുടെ ആകെ ശേഷിപ്പ് തുക നമ്മുടെ സമ്പദ് വ്യവസ്ഥക്ക് ഏകദേശം സമാനമാണ്. നമ്മുടെ സമ്പദ്‌വ്യവസ്ഥ 5-6 ട്രില്യണ്‍ ഡോളറെങ്കിലും വളരണമായിരുന്നു,’ അദ്ദേഹം വിശദീകരിച്ചു.

അതേസമയം ഇന്ത്യക്ക് ഒരു ആഗോള സാമ്പത്തിക ശക്തിയാകാനുള്ള എല്ലാ സാമര്‍ത്ഥ്യവുമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബ്രിട്ടീഷ് കോളനിവാഴ്ചക്കാലത്ത് ഒരു മഷിപ്പേന പോലും നിര്‍മിക്കാന്‍ കഴിവില്ലാതിരുന്ന രാഷ്ട്രം സ്വാതന്ത്ര്യലബ്ധിക്ക് 71 വര്‍ഷത്തിനിപ്പുറം ലോകത്തെ തന്നെ വലിയ സാമ്പത്തിക ശക്തികളിലൊന്നായി മാറിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 68 വര്‍ഷത്തെ ആസൂത്രണമാണ് ഈ നേട്ടത്തിലേക്ക് നയിച്ചത്. ‘ഇന്ന് ലോകത്തെ മൂന്നാമത്തെ വലിയ സൈനിക ശക്തിയാണ് നാം,’ മുന്‍ രാഷ്ട്രപതി പറഞ്ഞു.

ശാസ്ത്ര സാങ്കേതിക രംഗത്തും ബഹിരാകാശ ഗവേഷണത്തിലും ഇന്ത്യയുണ്ടാക്കിയ നേട്ടങ്ങള്‍ നിസ്തുലമാണെന്നും പ്രണബ് മുര്‍ഖര്‍ജി വ്യക്തമാക്കി. ‘ഐക്യരാഷ്ട്ര സഭയിലെ 184 അംഗരാജ്യങ്ങളില്‍, ആദ്യ ശ്രമത്തില്‍ തന്നെ കൃത്രിമ ഉപഗ്രഹത്തെ വിജയകരമായി ചൊവ്വയിലേക്കയച്ച ഏക രാഷ്ട്രമാണ് ഇന്ത്യ,’ മുഖര്‍ജി എടുത്തു പറഞ്ഞു. ഇന്ത്യയെ ആഗോള സാമ്പത്തിക ശക്തിയാക്കാന്‍ യുവാക്കളുടെ സഹായം വലിയതോതില്‍ ആവശ്യമാണ്. ‘ഞങ്ങളുടെയും ഞങ്ങളുടെ ഇളയ തലമുറയുടെയും കാലം കഴിഞ്ഞു. മൂന്നാം തലമുറയുടെ വന്നെത്തിയ കാലമാണിത്. ബാധ്യതകളുടെ ഭാരമോ വൈദേശിക യജമാനന്‍മാരുടെ അടിച്ചമര്‍ത്തലുകളുടെ ഓര്‍മകളോ അവര്‍ക്കില്ല,’ അദ്ദേഹം പറഞ്ഞു. സമകാലീന നാഗരികതകളൊക്കെ തകര്‍ന്നടിഞ്ഞിട്ടും അയ്യായിരം വര്‍ഷങ്ങള്‍ക്കപ്പുറം പഴക്കമുള്ള ഭാരതീയ സംസ്‌കാരം നിലനില്‍ക്കുന്നത് എതിര്‍ ശബ്ദങ്ങളെയും അംഗീകരിക്കാന്‍ കാട്ടിയ മനോഭാവത്തിനാലാണെന്നും മുന്‍ രാഷ്ട്രപതി അഭിപ്രായപ്പെട്ടു.

Comments

comments

Categories: Current Affairs